മുക്കുപണ്ടം പണയം വെയ്ക്കുന്നതില്‍ നിന്നും വിവാഹത്തട്ടിപ്പിലെയ്ക്ക്: ഷീബയെന്ന ശാലിനി നടന്നു കയറിയ വഴികള്‍

single-img
12 June 2014

ചടയമംഗലം : വിവാഹത്തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ശാലിനി തന്റെ തട്ടിപ്പിന്റെ ജൈത്രയാത്രകള്‍ തുടങ്ങിയത് സ്വന്തം നാട്ടില്‍ നിന്നായിരുന്നു.തന്റെ സ്വന്തം നാട്ടിലെ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയാണ് ശാലിനി വാര്‍ത്തകളില്‍ ഇടം നേടുന്നത്.ഏകദേശംഎട്ടു വര്‍ഷം മുന്നേ ആയിരുന്നു ഈ സംഭവം.

കൊല്ലം ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ കണ്ണങ്കോട് വാര്‍ഡില്‍ ഷീബാ ഭവനില്‍ വിശ്വംഭരന്റെയും പദ്മിനിയുടെയും രണ്ടാമത്തെ മകളായി ജനിച്ച ഷീബ എന്ന ശാലിനിയുടെ ആദ്യ തട്ടിപ്പിന്റെ പരിണിതഫലങ്ങള്‍ അനുഭവിച്ചത് സ്വന്തം കുടുംബം തന്നെയായിരുന്നു.തടിവെട്ടുന്ന ജോലി ചെയ്തിരുന്ന വിശ്വംഭരനും കശുവണ്ടി ഫാക്ടറിത്തൊഴിലാളിയായ പദ്മിനിയും നയിച്ചിരുന്ന സാമാന്യം ഭേദപ്പെട്ട നിലയില്‍ മുന്നോട്ടുപോയ ഇടത്തരം കുടുംബം തകര്‍ന്നു നാമാവശേഷമായത്‌ ഷീബ കാരണമാണെന്ന് അവിടുത്തെ നാട്ടുകാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.

ശാലിനിയ്ക്ക് ഇരുപതു വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ തന്റെ അമ്മായിയുടെ മകനും പള്ളിക്കല്‍ സ്വദേശിയുമായ യുവാവുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചിരുന്നു.ഇയാള്‍ ഗള്‍ഫില്‍ നിന്നും അയച്ചു കൊടുത്ത പണമാണ് എന്ന വ്യാജേന ശാലിനി ധാരാളമായി പണം ചിലവഴിച്ചിരുന്നു.നാട്ടില്‍ നിരവധി കാമുകന്മാരുണ്ടായിരുന്ന ശാലിനി അവരെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക് ബൈക്ക് വരെ വാങ്ങിക്കൊടുത്ത ചരിത്രമുണ്ട്.

പെട്ടെന്നൊരു ദിവസം അമ്മായിയുടെ മകനുമായുള്ള വിവാഹം വേണ്ടെന്നു വെച്ച ശാലിനി വെളിനല്ലൂര്‍ പഞ്ചായത്തിലെ റോഡുവിള , റാണൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി.അതിനുശേഷമാണ് ശാലിനി മുക്കുപണ്ടം പണയം വെച്ച കഥ നാട്ടുകാര്‍ അറിയുന്നത്.ഗള്‍ഫില്‍ നിന്നും വരാന്‍ അയച്ചുകൊടുത്ത പണം എന്ന പേരില്‍ ശാലിനി ചിലവഴിച്ച പണമത്രയും , തന്‍റെ വീടിനടുത്തുള്ള വെളിനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് വായ്പ വാങ്ങിയതാണ് എന്നത് നാട്ടുകാരെ ഞെട്ടിച്ചു.

ഏകദേശം ഏഴുലക്ഷം രൂപയുടെ തട്ടിപ്പാണ് ശാലിനി നടത്തിയത്.ശാലിനിയോടൊപ്പം ഒളിച്ചോടിയ യുവാവിനും ഈ തട്ടിപ്പില്‍ പങ്കുണ്ടായിരുന്നു എന്നാണു ആരോപണം.ഈ തട്ടിപ്പില്‍ ബാങ്കിനുണ്ടായ നഷ്ടം നികത്താന്‍ വേണ്ടി ശാലിനിയുടെ വീട്ടുകാര്‍ക്ക് സ്വന്തം വീട് വരെ വില്‍ക്കേണ്ടി വന്നു.അപമാനം ഭയന്ന് അവര്‍ അവിടെ കുറെ അകലെയുള്ള പെരപ്പയം എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസ്സിക്കുകയും ചെയ്തു.

പിന്നീട് ഒരു കുഞ്ഞുമായി ഭര്‍ത്താവുപേക്ഷിച്ച നിലയില്‍ വീട്ടിലെത്തിയ ശാലിനിയെ വീട്ടുകാര്‍ വീണ്ടും സ്വീകരിച്ചു.എന്നാല്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായി ഒരു സാധാരണ ജിവിതം ശാലിനിയെ തൃപ്തിപ്പെടുത്തിയില്ല.കുഞ്ഞിനെ വീട്ടുകാര്‍ക്കൊപ്പം വിട്ടു വീണ്ടും ശാലിനി വീട് വിട്ടു.പിന്നീട് തട്ടിപ്പിന്റെ രഥയാത്രകള്‍ തന്നെ ശാലിനി നടത്തി.കൊട്ടാരക്കരയിലെ ഒരു ബാങ്കിലടക്കം നിരവധി ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ചു.ആറ്റിങ്ങലില്‍ ഓട്ടോക്കാരെ കബളിപ്പിച്ചു മൊബൈല്‍ തട്ടിയെടുത്ത കേസുകള്‍ , നിരവധി വിവാഹത്തട്ടിപ്പു കേസുകള്‍ ഒക്കെയായി ശാലിനി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ശാലിനി ഉപേക്ഷിച്ചു പോയ മകനെയും കൊണ്ട് നാട്ടുകാരുടെ മുന്നില്‍ പരിഹാസകഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഇവരുടെ വീട്ടുകാര്‍.

താന്‍ ഗള്‍ഫുകാരന്റെ ഭാര്യയാണെന്നും മറ്റുമുള്ള കള്ളക്കഥകള്‍ പറഞ്ഞാണ് ശാലിനി ബാങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത്.ആദ്യം വലിയ തുകകള്‍ നിക്ഷേപിച്ചു ബാങ്ക് അധികൃതരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമാണ് ശാലിനി മുക്കുപണ്ടം പണയം വെയ്ക്കുന്നത്.

ഈ കേസുകളിലെല്ലാം ശാലിനിയെ ജാമ്യത്തിലിറക്കാനും സംരക്ഷിക്കാനും ഒരു സംഘം പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ശാലിനിയെ മുന്നില്‍ നിര്‍ത്തി ചരട് വലിക്കുന്ന ഒരു തട്ടിപ്പ് സംഘം പിന്നിലുണ്ട് എന്ന് തന്നെ വേണം കരുതാന്‍.ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ചെറിയവെളിനല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ ശാലിനി എത്തിയിരുന്നു.കണ്ടാല്‍ മാന്യനെന്നു തോന്നിക്കുന്ന ഒരു “ഭര്‍ത്താവും” അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.വരും ദിനങ്ങളില്‍ ശാലിനിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ അവരുടെ പിന്നിലെ സംഘത്തെയും പോലീസ് പിടികൂടും എന്ന് പ്രത്യാശിക്കാം.