പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയിൽ കേരള എം പിമാരുടെ ഗംഭീരപ്രകടനം

single-img
12 June 2014

24ls1രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത മലയാളി എംപിമാര്‍ മികച്ച പ്രകടനം പാർലമെന്റിൽ നടത്തി.എം.ഐ ഷാനവാസ്,എൻ.കെ പ്രേമചന്ദ്രൻ,പി കരുണാകരൻ,ഇ അഹമ്മദ്,ജോസ് കെ മാണി,സി എൻ ജയദേവൻ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.കേരളത്തിലെ ആവശ്യങ്ങൾക്കൊപ്പം നരേന്ദ്ര മോദി സർക്കാരിന്റെ വീക്ഷണമില്ലായ്മയും  കേരള എം.പിമാർ ചൂണ്ടിക്കാട്ടി

മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ദിശാബോധവും ദീര്‍ഘവീക്ഷണവുമില്ലാത്ത വാചകക്കസര്‍ത്തു മാത്രമായി ചുരുങ്ങിയെന്ന് എം.ഐ ഷാനവാസ് നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.മോദിക്കെതിരെ വിമർശനം ഉന്നയിച്ചതിനു എം.ഐ ഷാനവാസിനു ബിജെപി എം.പിമാരുടെ പ്രതിഷേധം നേരിടേണ്ടിയും വന്നു

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ പിന്‍വലിക്കണം. റബര്‍ വിലയിടവു തടയാന്‍ നടപടിസ്വീകരിക്കണം. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണംമെന്ന് ചർച്ചയിൽ പങ്കെടുത്ത് ജോസ് കെ മാണി പറഞ്ഞു

‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്ന ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന്റെ അര്‍ഥം പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരങ്ങളും മന്ത്രിമാര്‍ക്ക് പരിമിത അധികാരങ്ങളും എന്നാണോ എന്ന് ചർച്ചയിൽ പങ്കെടുത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പി ചോദിച്ചു.നാലു ശതമാനം വോട്ട് നേടിയ ബി.എസ്.പിക്ക് സഭയിൽ പ്രാതിനിധ്യം ഇല്ലാതാവുകയും 3.4 ശതമാനം വോട്ട് നേടിയ അണ്ണാ ഡി.എം.കെ 37 സീറ്റുകൾ നേടുകയും ചെയ്തത് നല്ല പ്രവണത അല്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വരുന്ന സാമുദായിക കലാപ റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടി ഡല്‍ഹിയില്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ നാണക്കേടെന്നു വിശേഷിപ്പിച്ച നരേന്ദ്ര മോദി അടുത്തിടെ പുണെയില്‍ ഐടി ജീവനക്കാരനായ മൊഹ്‌സിന്‍ ഷെയ്ഖിനെ ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തെ എങ്ങനെ വിശേഷിപ്പിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത് ഇ അഹമ്മദ് പറഞ്ഞു.

ഗുജറാത്ത് മോഡലിനേക്കാള്‍ കേരള മോഡല്‍ വികസനമാണ് രാജ്യത്തിന് അഭികാമ്യമെന്നും ഗുജറാത്ത് വികസനത്തെക്കുറിച്ച് പറയുന്നവർ കേരളത്തിൽ വന്ന് കാര്യങ്ങൾ കാണണമെന്നും സി.എസ് ജയദേവൻ പറഞ്ഞു

നയപ്രഖ്യാപനത്തില്‍ നയവ്യക്തതയില്ലെന്ന് പി.കരുണാകരൻ ചൂണ്ടിക്കാട്ടി.സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ വൈരുധ്യമുണ്ട്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളാണു കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. പെട്രോള്‍ വില 23 തവണ കൂട്ടി. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുത്‌ എന്ന് പി.കരുണാകരൻ പറഞ്ഞു