ദാരിദ്ര്യത്തിന്റെ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ മാമാങ്കം : ഡല്‍ഹിയില്‍ നിന്നും റിയോ ഡി ജനീറോയിലേയ്ക്കുള്ള ദൂരം

single-img
12 June 2014

സുധീഷ്‌ സുധാകര്‍

ഭൂമിക്കു ഫുട്ബോളിന്റെ ആകൃതിയും നിറവും കൈവരുന്ന ഉത്സവകാലം സമാഗതമായി.ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള കായികവിനോദമായ ഫുട്ബാള്‍ കളിയുടെ ആവേശത്തിമര്‍പ്പിലാണ് ലോകം മുഴുവന്‍.ഇന്ത്യയ്ക്ക് സ്വന്തമായി ടീം മത്സരിക്കാന്‍ ഇല്ലെങ്കിലും ബ്രസീലിനും അര്‍ജന്റീനയ്ക്കും സ്പെയിനിനും ഫ്രാന്‍സിനുമെല്ലാം ഇന്ത്യയിലും ആരാധകരുണ്ട്.ഈ രാജ്യങ്ങള്‍ക്കായി ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളും വാതുവെയ്പ്പുകളും സോഷ്യല്‍ മീഡിയകളില്‍ സജീവമായിക്കഴിഞ്ഞു.
എന്നാല്‍ ഈ ആരവങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കാതെ പോകുന്ന ചില നിലവിളികളുണ്ട്.ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിലെ ദരിദ്രജനതയുടെ വിലാപങ്ങളും സമരങ്ങളും ഈ ആര്‍പ്പുവിളികള്‍ക്കിടയില്‍ അലിഞ്ഞില്ലാതായിരിക്കുന്നു.

ആദ്യം പട്ടിണി മാറ്റിയിട്ടു ലോകകപ്പ്‌ നടത്തിയാല്‍ മതി എന്നാവശ്യപ്പെട്ടു രാജ്യത്തൊട്ടാകെ നടന്ന സമരങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്തിയ ഭരണകൂടത്തിന്റെ നടപടികളില്‍ 55 പേരോളം കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.റിയോ ഡി ജനീറോ ചേരികളുടെ നഗരമാണ്.വീടില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ നഗരത്തിലാണ് 2100 കോടി രൂപ ചിലവഴിച്ചു ലോകകപ്പ്‌ ഫുട്ബോള്‍ സ്റ്റേഡിയം പണിയുന്നത്.വീടില്ലാത്തവര്‍ക്ക് വീട് പണിതിട്ട് മതി ഫുട്ബോള്‍ ആഘോഷം എന്നാണു തെരുവിലിറങ്ങി സമരം ചെയ്ത ജനങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നത്.

ജൊവാവോ മാര്‍ക്വിസ് ഗോലാര്‍ട്ട്

1965-ല്‍ മുതലാളിത്ത ശക്തികളുടെ പിണിയാളുകളായ പട്ടാളഭരണകൂടത്തിന്റെ ടാങ്കുകള്‍ റിയോ ഡി ജനീറോ നഗരത്തിലേയ്ക്ക് ഉരുണ്ടുകയറിയതിന്റെ ഓര്‍മകള്‍ക്ക് ഈ കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് അമ്പതു വയസ്സ് തികഞ്ഞത്.ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രസിഡന്റ്‌ ജൊവാവോ മാര്‍ക്വിസ് ഗോലാര്‍ട്ടിനെ  സ്ഥാനഭ്രഷ്ടനാക്കിയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്.പിന്നീട് പതിനൊന്നു കൊല്ലം അടിച്ചമര്‍ത്തി ഭരിച്ച ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രേതം ബ്രസീലിനെ വീണ്ടും വേട്ടയാടുകയാണ്.


fascism nunca mais
(ഫാസിസം ഇനിയും വേണ്ട ) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബ്രസീലിയന്‍ ജനത തെരുവിലിറങ്ങിയിരിക്കുന്നത്‌.ലോകകപ്പിന്റെ ഭാഗമായി റിയോ ഡി ജനീറോ നഗരത്തിലെ കോമ്പ്ലക്സ് ഓഫ് മെയര്‍ എന്ന ചേരി ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ ഓപ്പറേഷനില്‍ കുട്ടികളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടതായി അനൌദ്യോഗിക വാര്‍ത്തകളുണ്ട്.ഏകദേശം 130000 പേര്‍ താമസിക്കുന്ന സ്ഥലമാണിത്.ഒരാള്‍ കൊല്ലപ്പെട്ടതായാണ് മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്ത‍.എന്നാല്‍ ഭരണകൂടവും മാധ്യമങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വെയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.

ലോകത്തിലെ ഏഴാമത്തെ വലിയ സാമ്പത്തിക ശക്തിയായി വിലയിരുത്തപ്പെടുന്ന രാജ്യമാണ് ബ്രസീല്‍.മുതലാളിത്തം സമ്പത്തിനെ വിലയിരുത്തുന്ന ജിഡിപി കണക്കുകള്‍ പ്രകാരമാണിത്.എന്നാല്‍ ലോകജനസംഖ്യയില്‍ അഞ്ചാമത് വരുന്ന ബ്രസീലിന്റെ വികസനത്തിന്‌ അവിടുത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പട്ടിണി മാറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
ഇന്ത്യയുടെ വികസനത്തിന്റെ കണക്കുകളുമായി നമുക്ക് ഇതിനെ വേണമെങ്കില്‍ താരതമ്യം ചെയ്യാം.ലോകത്തെ വന്‍ശക്തികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഇന്ത്യയിലും എണ്‍പത് ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലാണ്.അതുപോലെ തന്നെ ലോകത്തേറ്റവും കൂടുതല്‍ ചേരികളുള്ള നഗരങ്ങളുള്ളതും ഇന്ത്യയിലും ബ്രസീലിലും തന്നെ.ഇന്ത്യയില്‍ 2010-ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടക്കുമ്പോള്‍ ഡല്‍ഹിയിലെ ലക്ഷത്തിലേറെവരുന്ന ചേരി കുടുംബങ്ങളെ തീര്‍ത്തും നിശബ്ദരാക്കി നഗരാതിര്‍ത്തിയിലേയ്ക്ക് കുടിയോഴിപ്പിച്ചിരുന്നു.1,60,000ത്തോളം ചേരികുടുംബങ്ങളെ കുടിയോഴിപ്പിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യ പോലെ ഒരു രാജ്യത്തു കോമണ്‍വെല്‍ത്ത് ഗെയിംസ് തലസ്ഥാനനഗരിയില്‍ അരങ്ങേറിയത് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്‌.ഇതുമായി ബന്ധപ്പെട്ടു തൊഴില്‍തേടിയും വേശ്യാവൃത്തിക്കുമടക്കം ഡല്‍ഹിയിലേയ്ക്ക് കുടിയേറിയവരുടെ എണ്ണം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല.മനുഷ്യക്കടത്ത് വ്യാപകമായിരുന്നു.ബാലവേല,മറ്റു തൊഴില്‍ ചൂഷണങ്ങള്‍,തൊഴില്‍സ്ഥലങ്ങളില്‍ ആളുകളുടെ മരണം തുടങ്ങി നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും നാല്പ്പതിനായിരത്തോളം യുവതികളെ വേശ്യാവൃത്തിക്കായി തലസ്ഥാന നഗരിയിലെയ്ക്ക് കടത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയെപ്പോലെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണി കിടക്കുകയും അടിസ്ഥാനസൌകര്യങ്ങളില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്തു കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ വേണ്ടി ചിലവഴിച്ചത് 60000 കോടി രൂപയാണ്.പൊതുഖജനാവില്‍ നിന്നും ഇത്രയധികം പണം ധൂര്‍ത്തടിച്ചിട്ടും അതില്‍ ആയിരക്കണക്കിന് കോടിയുടെ അഴിമതികള്‍ ആരോപിക്കപ്പെട്ടിട്ടും നമ്മുടെ രാജ്യത്തു കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് വാസ്തവം.

എന്നാല്‍ ബ്രസീല്‍ സര്‍ക്കാര്‍  നാലുലക്ഷം കോടിയിലധികം ചിലവഴിച്ചു ലോകകപ്പ്‌ നടത്തുമ്പോള്‍ അവിടുത്തെ ഒരു വിഭാഗം ജനങ്ങളെങ്കിലും കടുത്ത പ്രതിഷേധത്തിലാണ്.ബ്രസീലിന്റെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ് ഈ തുക.പല നഗരങ്ങളിലായി പന്ത്രണ്ടോളം സ്റ്റേഡിയങ്ങള്‍ പണിയുമ്പോള്‍ ചേരികളില്‍ ടാര്‍പ്പോളിന്‍ മറച്ചു കെട്ടിയ കൂരകളില്‍ താമസിക്കുന്ന മനുഷ്യര്‍ സമരത്തിനിറങ്ങുന്നതു സ്വാഭാവികം.Movimento dos Trabalhadores Sem-Teto (MTST, Homeless Workers Movement) എന്ന സംഘടനയാണ് സമരം നയിക്കുന്നത്. ലോകകപ്പിന്റെ ഭാഗമായി ഉണ്ടായ കുടിയേറ്റവും മറ്റും നഗരത്തിലെ ജീവിതച്ചെലവും വര്‍ദ്ധിപ്പിച്ചു എന്നതാണ് സത്യം.

ഇനി ഒളിമ്പിക്സിന്റെ ആതിഥേയത്വം കൂടി വഹിക്കാനാണ് ബ്രസീലിന്റെ നീക്കം.ഇതിനെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.മെക്സിക്കോയില്‍ 1968ല്‍ നടത്തിയ ഒളിമ്പിക്സിന്റെ കടം ആ രാജ്യം വീട്ടിത്തീര്‍ത്തത് 25 വര്‍ഷംകൊണ്ടാണ്. എന്തിന്, സാമ്പത്തികശക്തിയായിട്ടും 1976ല്‍ മോണ്‍ട്രിയോളില്‍ നടന്ന ഒളിമ്പിക്സിന്റെ നികുതിഭാരം കനേഡിയന്‍ പൌരന്മാര്‍ വര്‍ഷങ്ങളോളം ചുമക്കേണ്ടിവന്നു.

കാല്‍പ്പന്തുകളിയുടെ ആവേശവും സംഗീതവുമെല്ലാം നമ്മുടെ സിരകളില്‍ പതഞ്ഞുയരുമ്പോള്‍ ബ്രസീലിലെ വീടില്ലാത്ത ചേരിനിവാസികളുടെ നിലവിളികള്‍ക്കും സമരങ്ങള്‍ക്കും കൂടി നമുക്ക് കാതോര്‍ക്കാം.കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച ഡല്‍ഹിയില്‍ നിന്നും ലോകകപ്പ്‌ അരങ്ങേറുന്ന റിയോ ഡി ജനീറോയിലേയ്ക്ക് അധികം ദൂരമില്ലെന്നു തിരിച്ചറിയാം.