വിവാഹ തട്ടിപ്പുകാരി ശാലിനി പിടിയിലായി

single-img
11 June 2014

shaliniനിരവധി വിവാഹ തട്ടിപ്പു കേസിലെ പ്രതി ശാലിനി പോലീസ്‌ പിടിയില്‍. പഴനിയില്‍വെച്ച് ചിങ്ങവനം പൊലീസാണ് ശാലിനിയെ പിടികൂടിയത്. കൊല്ലം ആക്കല്‍ സ്വദേശിയാണ് ശാലിനി. നേരത്തെ കോട്ടയത്ത് വച്ച് മധ്യവയസ്‌കനെ വിവാഹം ചെയ്തശേഷം സ്വര്‍ണവുമായി ശാലിനി മുങ്ങുകയായിരുന്നു. കോട്ടയം കുഴിമറ്റം സ്വദേശിയായ മദ്ധ്യവയസ്ക്കനെ വിവാഹം ചെയ്ത ശേഷം അഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയുമായി മുങ്ങിയതോടെയാണ് ശാലിനി വാര്‍ത്തകളില്‍ നിറയുന്നത്. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ശാലിനിയുടെ തട്ടിപ്പുകളില്‍ അധികവും. ശാലിനിക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.

 
ശാലിനിയെ വിദഗ്‌ധമായിട്ടാണു പോലീസ്‌ പിന്തുടര്‍ന്നതും പഴനിയിലെ ലോഡ്‌ജില്‍നിന്നു പിടികൂടിയതും. കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുവാനും വഴിതെറ്റിക്കുവാനുമുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ശാലിനി കഴിഞ്ഞ ദിവസം പഴനിയില്‍ എത്തി തീര്‍ഥാടകര്‍ക്കൊപ്പം കൂടിയിരുന്നു. പോലീസിന്റെ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടുവാനാണു പ്രതി ഈ മാര്‍ഗം സ്വീകരിച്ചത്‌. തീര്‍ഥാടക തിരക്കില്‍ പോലീസ്‌ തന്നെ കണ്ടുപിടിക്കില്ലെന്ന വിശ്വാസമാണു ശാലിനിയെ പഴനിയിലേയ്‌ക്കു നയിച്ചതെന്ന്‌ അന്വേഷണസംഘം പറഞ്ഞു. പിടികൂടിയ സമയം മറ്റാരും ഇവരോടൊപ്പം ഉണ്ടായിരുന്നില്ല.