മക്കള്‍ നോക്കുന്നില്ല : ദക്ഷിണകൊറിയയിലെ മുത്തശ്ശിമാര്‍ ജീവിക്കാന്‍ വേണ്ടി വേശ്യാവൃത്തി നടത്തുന്നു

single-img
10 June 2014

സിയൂള്‍ : ആധുനിക കാലത്ത് മക്കള്‍ക്ക്‌ മാതാപിതാക്കളെ വേണ്ടാതെ വരുന്നതിന്റെ ദുരന്തകഥകള്‍ നിരവധി നാം കേള്‍ക്കാറുണ്ട്.എന്നാല്‍ ദക്ഷിണകൊറിയയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മളെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണ്.

വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകാന്‍ മക്കള്‍ തയ്യാറാകാതെ വരുമ്പോള്‍ നിത്യവൃത്തിക്കായി ശരീരം വില്‍ക്കേണ്ടി വരുന്ന മുത്തശ്ശിമാരുടെ കദനകഥ ബിബിസിയാണ് പുറത്തു വിട്ടിരിക്കുന്നത്.50 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ നഗരങ്ങളിലെ പാര്‍ക്കുകളില്‍ വേശ്യാവൃത്തി നടത്തി ജീവിക്കുന്നതായാണ് റിപ്പോര്‍ട്ട്‌.

കണ്ഫ്യൂഷ്യന്‍ ആശയങ്ങള്‍ സമൂഹത്തെ സ്വാധീനിച്ചിരുന്ന രാജ്യമാണ് ദക്ഷിണകൊറിയ.ഈ ആശയങ്ങള്‍ വൃദ്ധജനങ്ങള്‍ക്ക് മെച്ചപ്പെട്ട സാമൂഹികാവസ്ഥ ഉറപ്പു വരുത്തുന്നുണ്ട്.എന്നാല്‍ പുതുതലമുറ ഈ കീഴ്വഴക്കങ്ങള്‍ മറന്നു ജീവിക്കുന്നത് വയോജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നു.ഏറ്റവും കൂടുതല്‍ ഇത് ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണ്.

നിത്യവൃത്തിക്കായി പാര്‍ക്കുകളില്‍ “ബച്ചൂസ് ” എന്ന പാനീയം വില്‍ക്കാന്‍ നടക്കേണ്ടി വരുന്നവരാണ് അധികം വൃദ്ധകളും.അവരില്‍ ഭൂരിഭാഗവും ഈ കച്ചവടം വേശ്യാവൃത്തി നടത്താനുള്ള ഒരു മാധ്യമമായാണ് ഉപയോഗിക്കുന്നത്.എന്നാല്‍ അങ്ങനെയല്ലാത്തവരും ഉണ്ട്.പാനീയ വില്‍പ്പനയിലൂടെ ഒരു ദിവസം 5000 വണ്‍ (സൌത്ത് കൊറിയന്‍ നാണയം :ഒരു വണ്‍ 17 ഇന്ത്യന്‍ രൂപയ്ക്ക് തുല്യം ) മാത്രമാണ് ലഭിക്കുക.എന്നാല്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരു ദിവസം 20000 മുതല്‍ 30000 വരെ വണ്‍ (ഏകദേശം 1100 -1750 രൂപ ) ലഭിക്കും.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയൂളിലെ ജോങ്ങ്മ്യോ പാര്‍ക്ക് ഇത്തരം ലൈംഗിക വ്യാപാരത്തിന്റെ ഒരു കേന്ദ്രമാണ്.സായാഹ്നങ്ങളില്‍ ചെസ്സ്‌ കളിക്കാനും പരദൂഷണം പറയാനുമായി വൃദ്ധന്മാര്‍ പാര്‍ക്കില്‍ വന്നിരിക്കും .  ഉപഭോക്താക്കള്‍ തീര്‍ച്ചയായും പാര്‍ക്കുകളില്‍ നേരംപോക്കിന് വന്നിരിക്കുന്ന അപ്പൂപ്പന്മാര്‍ തന്നെ.അപ്പൂപ്പന്മാര്‍ക്ക് ലൈഗിക ഉത്തേജനം നല്‍കാനാവശ്യമായ മരുന്ന് നിറച്ച സിറിഞ്ചും ഈ സ്ത്രീകള്‍ കയ്യില്‍ കരുതും.80 വയസ്സിനു മുകളില്‍ പ്രായമുള്ള അപ്പൂപ്പന്മാര്‍ വരെ ഇത്തരത്തില്‍ അമ്മൂമ്മമാരെ തേടിയെത്തുന്നു.

ഈ സ്ത്രീകള്‍ ആരും തന്നെ തങ്ങളുടെ ചെറുപ്പകാലത്ത് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരല്ലെന്നും മറിച്ചു ആധുനിക കാലത്തെ സാമൂഹിക മാറ്റങ്ങള്‍ അവരെ അതിനു പ്രേരിപ്പിക്കുന്നതാണെന്നും ഡോ.ലീ ഹോ സണ്‍ പറയുന്നു.ഇതിനെക്കുറിച്ച്‌ ആദ്യമായി ഒരു വിശദമായ പഠനം നടത്തിയ ആളാണ്‌ ഡോ ലീ.

“എനിക്ക് വിശക്കുന്നു,എനിക്ക് ബഹുമാനം വേണ്ട, അഭിമാനവും വേണ്ട , മൂന്നു നേരം ഭക്ഷണം ലഭിച്ചാല്‍ മതി “ എന്നാണു ഒരു ബച്ചൂസ് വില്‍ക്കുന്ന സ്ത്രീ തന്നോട് പറഞ്ഞതെന്ന് ഡോ. ലീ പറയുന്നു.

ദക്ഷിണകൊറിയയുടെ ഇന്നത്തെ സമ്പദ് വ്യവസ്ഥ കെട്ടിപ്പൊക്കിയ മുതിര്‍ന്ന തലമുറയ്ക്ക് ഭക്ഷണം പലപ്പോഴും കിട്ടാക്കനിയാണ്.ഭക്ഷണത്തിന്റെ ഉയര്‍ന്ന വില തന്നെ കാരണം.എന്നാല്‍ തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ തങ്ങലെപ്പോലെ തന്നെ വിശപ്പിന്റെ ഇരകളായ സ്ത്രീകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അവര്‍ ലഭ്യമാക്കുന്നു.