പുരുളിയയുടെ ചുരുളഴിയുമ്പോള്‍ : പുരുളിയയില്‍ വിമാനം ഉപയോഗിച്ച് ആയുധം വിതറിയ സംഭവം ജ്യോതിബസു സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടപ്പാക്കിയതെന്ന് വെളിപ്പെടുത്തല്‍

single-img
9 June 2014

സുധീഷ്‌ സുധാകര്‍

 

ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ പുരുളിയയില്‍ വിമാനം ഉപയോഗിച്ച് ആയുധം വിതറിയ സംഭവം കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയെന്നു വെളിപ്പെടുത്തല്‍.1995-ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പശ്ചിമ ബംഗാളില്‍ അന്ന് അധികാരത്തിലിരുന്ന ജ്യോതിബസു സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ സംഭവത്തിന്‌ പിന്നില്‍ എന്നാണു പുതിയ വെളിപ്പെടുത്തല്‍.

കോപ്പന്‍ഹേഗനിലുള്ള ഡാനിഷ് ചാരന്‍ പീറ്റര്‍ ഹീസ്ട്രപ്പിനെ ഉദ്ധരിച്ച് ടൈംസ് നൗ ചാനലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.ഒരു ജനാധിപത്യ രാജ്യത്ത് അരിവാളും ചുറ്റികയും അധികാരം കൈയാളുന്നത് വഴി സ്റ്റാലിനിസ്റ്റ് വാഴ്ച്ച തടയാനും വേണ്ടിയാണ് ആയുധമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കിയത് എന്നും എന്നാല്‍ ചില വിഡ്ഢികള്‍ കാരണം പദ്ധതി പാളിയെന്നും ഹീസ്ട്രപ്പ് വെളിപ്പെടുത്തി.

പുരുളിയ കേസിന്റെ ചരിത്രം

M_Id_212214_Purulia1995 ഡിസംബര്‍ മാസം 17 -നു രാത്രിയിലാണ് പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ഗ്രാമങ്ങളില്‍ വിമാനത്തില്‍ നിന്നും ആയുധങ്ങള്‍ വിതറിയത്.പെട്ടികളിലാക്കിയ ആയുധങ്ങള്‍ പാരച്യൂട്ട് ഉപയോഗിച്ച് താഴെയ്ക്കിടുകയായിരുന്നു. ഖതംഗ , ബെലാമു , മരാമു , ബറാദി,ബറൂദി എന്നീ ഗ്രാമങ്ങളിലാണ് ആയുധങ്ങള്‍ വിതറിയത്.ജല്‍ധ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് . എ കെ 47 മുതല്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ( RPG-7) വരെയുള്ള ആയുധങ്ങളുടെ ഒരു വന്‍ശേഖരമാണ് പല സ്ഥലങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്.രാവിലെ തടിപ്പെട്ടികളില്‍ നിറച്ച ആയുധങ്ങള്‍ കണ്ട ഗ്രാമീണര്‍ പെട്ടികള്‍ പൊളിച്ചു പല ആയുധങ്ങളും വീടുകളിലേയ്ക്ക് കൊണ്ട് പോകുകയും ചെയ്തു.പോലീസെത്തുമ്പോഴെയ്ക്കും കുറെ ആയുധങ്ങള്‍ ഇപ്രകാരം മാറ്റിയിരുന്നു എന്നാണു റിപ്പോര്‍ട്ട്‌.

ആയുധങ്ങള്‍ നിറച്ച തടിപ്പെട്ടികളില്‍ ഉണ്ടായിരുന്ന എഴുത്തുകളില്‍ പലതും വിചിത്രവുമായിരുന്നു.”COMMANDANT CAD RAJENDRAPUR CANTT, BANGLADESH” ,“ CASE NO. 34 OF 60, CONTRACT NO.214/719/PROJECT DGDP” എന്നിങ്ങനെ ആലേഖനം ചെയ്ത പെട്ടികള്‍ ആയിരുന്നു അവ.ചില പെട്ടികളില്‍ റഷ്യന്‍ ഭാഷയിലുള്ള ആലേഖനങ്ങളും ഉണ്ടായിരുന്നു.അന്നത്തെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഈ പെട്ടികള്‍ സി ബി ഐയ്ക്ക് കൈമാറി.സി ബി ഐ ആണ് കേസന്വേഷിച്ചത്.Rpg7a6dm

ഈ ആയുധങ്ങള്‍ ബള്‍ഗേറിയയില്‍ നിന്നും വാങ്ങിയതാണെന്നും അവിടുത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ഫാക്ടറികളില്‍ നിര്‍മ്മിച്ചവയാണെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.ബംഗ്ലാദേശ് ആര്‍മിയ്ക്ക് വേണ്ടി വാങ്ങുന്നു എന്ന് വ്യാജരേഖകള്‍ നിര്‍മ്മിച്ചായിരുന്നു ഇവ വാങ്ങിയത്.ഒരു AN-26 വിമാനം ഉപയോഗിച്ചാണ് ഈ ആയുധങ്ങള്‍ പുരുളിയയ്ക്ക് മുകളില്‍ വിതറിയത് എന്നും കണ്ടെത്തി.

കറാച്ചിയില്‍ നിന്നും വാരണാസിയിലെയ്ക്കു പോയ ഈ വിമാനം അവിടെ നിന്നും ഇന്ധനം നിറച്ചശേഷം കല്‍ക്കട്ടയിലെയ്ക്ക് പോകുന്ന വഴിയാണ് ദൌത്യം നടപ്പാക്കിയത്.കാലാവസ്ഥാ വ്യതിയാനം മൂലം വിമാനം കല്‍ക്കട്ടയിലിറക്കാതെ നേരെ മ്യാന്മാറിലെ യാംഗൂന്‍ വിമാനത്താവളത്തിലേയ്ക്ക് പോയി. പിന്നീട് തിരിച്ചു കല്‍ക്കട്ടയിലെയ്ക്കും അവിടെ നിന്നും തായ്ലാണ്ടിലെ ഫുക്കെറ്റിലേയ്ക്കും പോയി.1995 ഡിസംബര്‍ 21-നു  മദ്രാസിലെത്തി ഇന്ധനം നിറച്ച വിമാനം  അവിടെ നിന്നും കറാച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ  ബോംബെയിലെ സഹര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറക്കാന്‍ ഇന്ത്യയുടെ എയര്‍ ട്രാഫിക് കണ്ട്രോള്‍ വിഭാഗം ആവശ്യപ്പെട്ടു.

അവിടെ ഇറങ്ങിയ വിമാനത്തില്‍ നിന്നും കേസിലെ ഒന്നാം പ്രതി പീറ്റര്‍ ജെയിംസ്‌ ബ്ലീച്ച് അടക്കം അഞ്ചു ലത്‌വിയന്‍ പൌരന്മാരെ അറസ്റ്റ് ചെയ്തു.പക്ഷെ ഈ കേസിലെ പ്രധാന ആസൂത്രകന്മാരില്‍ ഒരാളായ കിം ഡേവി എന്ന് വിളിക്കുന്ന നീല്‍സ് ഹോക്ക് ഇന്ത്യയില്‍ നിന്നും രക്ഷപെടുകയാണ് ഉണ്ടായത്.ഈ വിമാനത്തില്‍ നിന്ന് ചില ആയുധങ്ങളും സുപ്രധാന രേഖകളും കണ്ടെടുക്കുകയുണ്ടായി.

ഏഴു പ്രതികള്‍ക്കെതിരെ സിബി ഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.140-ല്‍ പ്പരം സാക്ഷികളെ വിസ്തരിച്ച ശേഷം  2000 ഫെബ്രുവരി മാസം രണ്ടാം തീയതി പലര്‍ക്കും രണ്ടു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും പിഴയും വിധിക്കുകയുണ്ടായി.ഇതില്‍ അഞ്ചുപേര്‍ക്ക് റഷ്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ പിന്നീട്  മാപ്പ് നല്‍കി വിട്ടയയ്ക്കുകയുണ്ടായി.ഇവര്‍ റഷ്യന്‍ പൌരന്മാരാണ് എന്ന് കണ്ടതിനെത്തുടര്‍ന്നാണിത് പീറ്റര്‍ ബ്ലീച്ചിനെ മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 2004-ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ഇതിന്‍പ്രകാരം പീറ്റര്‍ ബ്ലീച്ചിനെ മാപ്പ് നല്‍കി വിട്ടയച്ചു.

കേസിലെ ദുരൂഹതകള്‍

ഈ ആയുധങ്ങള്‍ വിതറിയത് ആര്‍ക്കു വേണ്ടിയാണ് എന്നത് അന്ന് തന്നെ പലവിധ ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു.പശ്ചിമബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനയായ ആനന്ദമാര്‍ഗിയ്ക്ക് വേണ്ടിയാണ് ഈ ആയുധങ്ങള്‍ എത്തിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടക്കം പറയുന്നുണ്ട്.ആനന്ദമാര്‍ഗിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിനു അടുത്തായാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കാണപ്പെട്ടത്.

പിടിച്ചെടുത്ത വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഫോട്ടോകളിലും ഈ കെട്ടിടം ഉണ്ടായിരുന്നു.ആനന്ദമാര്‍ഗിയുടെ പ്രവര്‍ത്തകനായ വിനയ് കുമാര്‍ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും കോടതി വെറുതെ വിടുകയായിരുന്നു.

ലത്‌വിയ എയര്‍ലൈന്‍സിന്റെ വിമാനം രണ്ടര ലക്ഷം ഡോളറിനു വാങ്ങിയത് കിം ഡേവിയാണ്.ഇത്രയും പണം മുടക്കി ആര്‍ക്കു വേണ്ടിയാണ് ഇത്തരം ഒരു ഓപ്പറേഷന്‍ നടത്തിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.ഈ വിമാനം ഇന്ത്യയുടെ ആകാശത്തിലൂടെ തലങ്ങും വിലങ്ങും പറന്നിട്ടും നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ അറിഞ്ഞില്ല എന്നതും റഡാര്‍ സംവിധാനങ്ങള്‍ അന്ന് രാത്രി ഓഫ് ചെയ്തു വെച്ചിരുന്നു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

പുരുളിയ കേസിലെ സാക്ഷിയായ മംഗളപ്രസാദ് എന്ന് പേരുള്ള ടാക്സി ഡ്രൈവര്‍ ഈ കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു.മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം ബീഹാറിലെ ലാഖിസാര ജില്ലയിലുള്ള ക്യൂള്‍ റെയില്‍വേ സ്റ്റേഷന്റെയടുത്തു ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു.

പുരുളിയ കേസിന്റെ വഴിത്തിരിവുകള്‍ 

ഈ കേസില്‍ ഇന്ത്യയില്‍ നിന്നും രക്ഷപെട്ട പ്രതി കിം ഡേവി എന്ന നീല്‍സ് ഹോക്കിനെ 2007-ഡാനിഷ് പോലീസ് അവിടെനിന്നും അറസ്റ്റ് ചെയ്തു.2010-ല്‍ ഇയാളെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണ് എന്നും ഡാനിഷ് സര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ ഈ കേസില്‍ ഉള്‍പ്പെട്ട പീറ്റര്‍ ബ്ലീച്ചും കിംഡേവിയും അടക്കമുള്ളവര്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്‌ വന്നത്.

ടൈംസ് നൌ ചാനലാണ്‌ ഇപ്പോള്‍ ഇവരുടെ വെളിപ്പെടുത്തല്‍ പരസ്യപ്പെടുത്തി സംഭവം ചര്‍ച്ചയാക്കിയത്.ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഈ സംഭവം നടന്നത് എന്ന് പീറ്റര്‍ ബ്ലീച് പറയുന്നു.വെറുമൊരു ആയുധക്കച്ചവടക്കാരന്‍ മാത്രമായ താന്‍ ഈ കേസില്‍ ഇരയായതാണ് എന്നും ഇയാള്‍ അവകാശപ്പെടുന്നു.

“ഇത്തരത്തില്‍ ആയുധങ്ങള്‍ വാങ്ങാനായി എന്നെ ഒരു സംഘം സമീപിച്ചപ്പോള്‍ ഞാന്‍ ഇക്കാര്യം ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ MI-5 നെ അറിയിച്ചിരുന്നു.എന്നാല്‍ അവര്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് എന്ന വിവരമാണ് ലഭിച്ചത്.പശ്ചിമബംഗാളില്‍ അധികാരത്തിലിരിക്കുന്ന ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സി പി ഐ എം സര്‍ക്കാരിനെ താഴെയിറക്കാനും തദ്വാരാ അവിടെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനും വേണ്ടി ഇന്ത്യയുടെ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ പദ്ധതി ” പീറ്റര്‍ ബ്ലീച് പറയുന്നു.

ബംഗാളിലുള്ള ഒരു തീവ്രവാദി സംഘടനയ്ക്ക് ഈ ആയുധങ്ങള്‍ ലഭ്യമാക്കുകയും അങ്ങനെ അവിടെ ആഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും ഇദ്ദേഹം വെളിപ്പെടുത്തി.പോലീസ് സ്റ്റേഷന്‍ ആക്രമണം പോലെയുള്ള നിരവധി പദ്ധതികള്‍ അതിനു പിന്നാലെ ആസൂത്രണം ചെയ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിവില്ലാതെ എങ്ങനെ കാലിക്കൊണ്ടയിലെ എയര്‍ഫോഴ്സ് ഡിഫന്‍സ് റഡാര്‍ സംവിധാനം അന്ന് രാത്രി ഓഫ് ചെയ്യപ്പെട്ടു എന്ന് ബ്ലീച്ച് ചോദിക്കുന്നു.ഇത്തരത്തില്‍ റഡാറുകള്‍ ഓഫ് ചെയ്യപ്പെടും എന്ന് കിം ഡേവിയ്ക്ക് അറിവുണ്ടായിരുന്നു.

തന്നെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കിം ഡേവി നടത്തിയത്.ബീഹാറിലെ എം പിയായ പപ്പു യാദവിന്റെ കാറിലാണ് താന്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയതെന്നും അയാള്‍ വെളിപ്പെടുത്തി.

പുതിയ വെളിപ്പെടുത്തലുകള്‍ കൊണ്ഗ്രസ്സിനെയും നിലവിലെ കേന്ദ്രസര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.കേന്ദ്രസര്‍ക്കാരും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ബ്രിട്ടീഷ് -ഡാനിഷ് ഏജന്‍സികളുമായി ഗൂഢാലോചന നടത്തുകയും ഇന്ത്യയിലെ ഒരു പ്രദേശത്ത് ആഭ്യന്തര കലാപത്തിനു ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തു എന്നത് നിസാരമായ ഒരു സംഭവമല്ല.ഈ പ്രശ്നത്തില്‍ നിലവിലെ മോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.