കുട്ടിക്കടത്ത്: സഭയില്‍ അടിയന്തരപ്രമേയത്തിനു അവതരണം നിഷേധിച്ചതില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
9 June 2014

niyamaഅന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ സംസ്ഥാനത്തേക്ക് കടത്തിയ സംഭവവും യത്തീംഖാനകളുടെ മറവില്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്കിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ജാര്‍ഖണ്ഡില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള കുട്ടികളെ വിദ്യാഭ്യാസം നല്കാമെന്നു പറഞ്ഞ് പ്രലേഭിപ്പിച്ചാണ് സംസ്ഥാനത്തിലേക്ക് കടത്തുന്നത്. ഇവര്‍ ലൈംഗികപീഡനത്തിന് ഇരകളാകുന്നുണേ്ടാ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി തന്നെ സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നുവെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അറിയിച്ചത്.

അതേസമയം, അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. കുട്ടികളെ എത്തിച്ചതില്‍ ചില നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് മൂന്നംഗ സമിതി അനാഥാലയങ്ങളില്‍ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവകാശമുണെ്ടന്നും അദ്ദേഹം അറിയിച്ചു.

കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, എല്ലാ അനാഥാലയങ്ങളെയും അടച്ചാക്ഷേപിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മനുഷ്യക്കടത്ത് നടക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ അറിയിച്ചു.