ഫ്രാങ്ക്‌ റിബറിയും ബ്രസീലിലേക്കില്ല

single-img
7 June 2014

Franck-Riberyപാരീസ്‌: ലോകകപ്പില്‍ പരുക്ക് കാരണം ഫ്രാൻസിന് നഷ്ടമായത് സ്റ്റാർ പ്ലെയർ ഫ്രാങ്ക്‌ റിബറി. ഇതുവരെ പുറംവേദനയില്‍ നിന്നു മുക്‌തമാകാത്തതാണ് ഫ്രാന്‍സിനു കടുത്ത പ്രഹരമായത്.   കൂടാതെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ ക്ലെമന്റ്‌ ഗ്രെനിയറടീമില്‍ നിന്നൊഴിവാക്കപ്പെട്ടത്‌ ഫ്രാന്‍സിന്‌ ഇരട്ടപ്രഹരമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷാണ് ഫ്രഞ്ച് പരിശീലകന്‍ ദിദയര്‍ ദെഷാംപ്സ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

നോര്‍വേയ്‌ക്കും പരാഗ്വേക്കും എതിരേ നടന്ന സൗഹൃദമത്സരങ്ങളിലും റിബറി പങ്കെടുത്തിരുന്നില്ല. ഞായറാഴ്‌ച ജമൈക്കയ്‌ക്കെതിരേ നടക്കുന്ന സൗഹൃദമത്സരത്തില്‍ റിബറി കളിക്കുമെന്നായിരുന്നു കോച്ച്‌ ദിദിയര്‍ ദേഷാമ്പ്‌സ്‌ പ്രതീക്ഷിച്ചിരുന്നതെങ്കിലും റെമി കാബല്ലയെ റിബറിക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തി. മേയ്‌ 17ന്‌ ജര്‍മന്‍ കപ്പ്‌ ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചിനുവേണ്ടി ബൊറുസിയ ഡോര്‍ട്ടുമുണ്ടിനെതിരേയാണു റിബറി ഒടുവില്‍ ഇറങ്ങിയത്‌.

ഫ്രാന്‍സിനുവേണ്ടി 81 മത്സരങ്ങളില്‍നിന്ന്‌ 16 ഗോളുകള്‍ നേടിയിട്ടുള്ള 31 വയസുകാരനായ റിബറി ടീമിലെ ഏറ്റവും ആക്രമണകാരിയായ കളിക്കാരനായാണു പരിഗണിക്കപ്പെടുന്നത്‌. ജനുവരിയില്‍ ലോകത്തെ മികച്ച ഫുട്‌ബോളറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിക്കും പിന്നില്‍ മൂന്നാമതായിരുന്നു റിബറി.

യുറുഗ്വായുടെ സൂപ്പര്‍ താരം ലൂയി സുവാരസ്‌, കൊളംബിയന്‍ താരം റഡമല്‍ ഫല്‍ക്കാവോ, ഹോളണ്ടിന്റെ കെവിന്‍ സ്‌ട്രുട്‌മാന്‍, സ്‌പെയിന്റെ തിയാഗോ അല്‍കന്റാരാ, ഇറ്റലിയുടെ റിക്കാര്‍ഡോ മൊണ്ടേലി എന്നിവരടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പരുക്കിന്റെ പിടിയിലായതു ലോകകപ്പിന്റെ ആഹ്‌ളാദത്തിന്റെ ശോഭ കുറച്ചിട്ടുണ്ട്‌.