മുംബൈയിൽ നാളെ​ മുതൽ മെട്രോ ഓടി തുടങ്ങും

single-img
7 June 2014

metroമുംബൈയിൽ നാളെ​ മെട്രോ റെയിൽ സർവീസ് തുടങ്ങുന്നു. വെർസോവ മുതൽ അന്ധേരി വഴി ഖട്കോപർ വരെ 11.4 കിലോ മീറ്റർ ദൂരമാണ് മെട്രോ റെയിൽ സർവീസ് നടത്തുന്നത്. 12 എലവേറ്റഡ് സ്റ്റേഷനുകളുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത നാല് ബോഗികള്‍ ഉള്‍പ്പെടുന്ന ട്രെയിനില്‍ ഒരു സർവീസിൽ 1500 പേർക്ക് യാത്ര ചെയ്യാം.
പുലർച്ചെ 5.30നാണ് ആദ്യ സർവീസ് ആരംഭിക്കുക. ദിവസം 200 മുതൽ 250 വരെ സർവീസുകൾ നടത്തുമെന്ന് മുംബൈ മെട്രോ വൺ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് അഭയ് മിശ്ര പറഞ്ഞു.

 

സ്വകാര്യ പങ്കാളിത്തത്തോടു കൂടി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിലാണ് നാളെ യാഥാർത്ഥ്യമാകുന്നത്. റിലയൻസ് ഇൻഫ്രാട്രക്ചറിന്റെ സഹകരണത്തോടു കൂടി 4300 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.

 

എന്നാൽ,​ മുന്‍നിശ്ചയിച്ചതിലും രണ്ടു വര്‍ഷം വൈകിയാണു പദ്ധതി പൂര്‍ത്തിയായിരിക്കുന്നത്. ഏഴ് കൊല്ലം മുന്പ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച മുംബയ് മെട്രോ റെയിലിന് കഴിഞ്ഞ മാസം സുരക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. രണ്ടാഴ്ചയിലധികം മെട്രോ ട്രെയിന്‍ ഓടിച്ചു നിലവാരം ഉറപ്പുവരുത്തിയശേഷമാണു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നൽകിയത്.