ഡെറാഡൂൺ വ്യാജ ഏറ്റുമുട്ടലില്‍ 18 പോലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി

single-img
7 June 2014

deradun-encouter-caseന്യുഡല്‍ഹി: 2009ല്‍ ഡെറാഡൂണിലെ വ്യാജ ഏറ്റുമുട്ടലില്‍ എംബിഎ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരാഖണ്ഡിലെ 18 പോലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളില്‍ ഒരു ഇന്‍സ്പെക്ടര്‍ ജനറലും അഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും. സി.ബി.ഐ സ്പെഷല്‍ ജഡ്ജി ജെ.പി.എസ് മാലിക്കാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടത്തെിയത്.

ഏഴ് പോലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റവും പത്തു പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരാള്‍ക്കെതിരെ തെളിവു നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

മോഷണ സംഘത്തിലെ അംഗമെന്ന് ആരോപിച്ചാണ് ഡെറാഡൂണില്‍ 2009 ജൂലൈയില്‍ പോലീസ് ഏറ്റുമുട്ടല്‍ നടത്തിയത്. ഗാസിയാബാദ് സ്വദേശിയായ രണ്‍ബീര്‍ സിംഗ് (22) ആണ് കൊല്ലപ്പെട്ടത്. നിരവധി വെടിയുണ്ടകള്‍ ശരീരത്ത് തറച്ചുകയറിയ നിലയില്‍ മോഹിനി റോഡില്‍ നിന്നാണ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

സംഭവം നടക്കുന്ന ദിവസം, അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഡറാഡൂണ്‍ സന്ദര്‍ശിക്കാനിരിക്കെ ഡറാഡൂണില്‍നിന്ന് രണ്‍ബീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ വരുന്നത്. പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ രണ്‍ബീറിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു.

ഹൈവേയിലെ പിടിച്ചുപറി സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെയാണ് രണ്‍ബീര്‍ തങ്ങളെ വെട്ടിച്ചുകടന്നതെന്നും ചെക്ക്‌പോസ്റ്റില്‍ വച്ച് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.

എന്നാല്‍ പോലീസിന്റെ പ്രചാരണം വ്യാജമാണെന്ന് രണ്‍ബീറിന്റെ കുടുംബം ചൂണ്ടിക്കാട്ടി. രണ്‍ബീറിന് വളരെ അടുത്തുനിന്നാണ് വെടിയേറ്റിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. മര്‍ദ്ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ടായിരുന്നുവെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റ് 27 പേര്‍ക്ക് പരിക്കേറ്റതായും സി.ബി.ഐ കണ്ടത്തെിയിരുന്നു.