സോളാര്‍ പദ്ധതിയില്‍ കേരളം ഏറെ പിന്നില്‍, പുതിയ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടും, സംസ്ഥാനം സഹായിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും; പുതിയ സോളാര്‍ പദ്ധതിയുമായി സരിത

single-img
6 June 2014

Saritha-S-Nair-Newskerala5കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിലൂടെ കേരളത്തെ നടുക്കിയ സരിത എസ്. നായര്‍ പുതിയ സംരഭവുമായി വരുന്നു. കഴിഞ്ഞ ദിവസം എലത്തൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് സരിത പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ തട്ടിപ്പിലെ പ്രതിയായ സരിത വീണ്ടും വരുന്നത് പുതിയ സോളാര്‍ സംരംഭവുമായി തന്നെയാണെന്നതാണ് ഏറെ കൗതുകകരം.

ഇപ്പോഴുണ്ടായ വിവാദങ്ങള്‍ കാരണം കേരളം ഈ പദ്ധതിയില്‍ ഏറെ പിന്നിലാണെന്നും അതുകൊണ്ടുതന്നെ സോളാര്‍ എനര്‍ജി പദ്ധതിയുമായി കേരളത്തില്‍ താന്‍ മുമ്പോട്ടു തന്നെ പോകുമെന്നും സരിത വ്യക്തമാക്കി. പദ്ധതി തുടങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായം വീണ്ടും തേടും. ബിസിനസ് നടത്തുന്നവര്‍ക്ക് സംഭവിച്ച പിഴവിന്റെ പേരില്‍ സോളാര്‍ പദ്ധതിയെ തള്ളിപ്പറയേണ്ടതില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരുപക്ഷേ കേരളം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേഷന് വേണ്ടി ശ്രമിക്കുമെന്നും സരിത പറഞ്ഞു.