അര്‍ജന്റീന ഉറുഗ്വെ ജയിച്ചു, ഇറ്റലിക്കും ഇംഗ്ലണ്ടിനും സമനില

single-img
6 June 2014

messi_argentenaലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയ്‌ക്കെതിരെ അര്‍ജന്റീനയ്‌ക്ക്‌ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ജയം.
മുന്‍ ചാമ്പ്യന്‍ ഇറ്റലിയെ ലക്സംബര്‍ഗും (1-1), ഇംഗ്ലണ്ടിനെ ഇക്വഡോറും (2-2) സമനിലയിൽ തളച്ചു. വെയ്‌ല്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഹോളണ്ടും സ്ലോവേനിയയെ അതേ സ്‌കോറിനു തോല്‍പ്പിച്ച്‌ യുറുഗ്വേയും ജയമാഘോഷിച്ചു.

റോഡ്രിഗോ പലാസിയോ, ജാവിയര്‍ മസ്‌കരാനോ, മാക്‌സി റോഡ്രിഗസ്‌ എന്നിവരാണ്‌ അര്‍ജന്റീനയ്‌ക്കു വേണ്ടി ഗോളടിച്ചത്‌.

വെയ്‌ല്‍സിനെതിരേ 2-0 ത്തിനു ജയിച്ചെങ്കിലും ഹോളണ്ടും നിറംകെട്ട കളിയാണു പുറത്തെടുത്തത്‌. ആര്യന്‍ റോബനും ജെര്‍മെയ്‌ന്‍ ലെന്‍സുമാണു ഹോളണ്ടിന് വേണ്ടി ഗോളടിച്ചത്‌. ഗാരേത്‌ ബെയ്‌ല്‍, ആരണ്‍ രാംസെയ്‌ തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ വെയ്‌ല്‍സിനെതിരേ രണ്ടു ഗോള്‍ മാത്രമടിക്കാനായതിന്റെ നിരാശയിലാണു കോച്ച്‌ ലൂയിസ്‌ വാല്‍ ഗാല്‍.

മോണ്ടിവിഡിയൊയില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ടു ഗോളിന് സ്ലൊവേന്യയെ കീഴടക്കി. എഡിന്‍സണ്‍ കവാനിയും, ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുമാണ് സ്കോറര്‍മാര്‍.

വെറോണയില്‍ കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ദുര്‍ബലരായ ലക്സംബര്‍ഗിനോട് സമനില വഴങ്ങി ഇറ്റലി.

ഫ്ളോറിഡയില്‍ ഇക്വഡോറിനെതിരേ പിന്നിട്ടുനിന്ന ശേഷം മുന്നിലെത്തിയിട്ടും സമനില വഴങ്ങേണ്ടിവന്നു ഇംഗ്ലണ്ടിന്. ഇംഗ്ലണ്ടിന് വേണ്ടി വെയ്ന്‍ റൂണി,ലാംബര്‍ട്ട് എന്നിവർ ഗോള്‍ നേടിയപ്പോൾ, ഇക്വഡോറിന് വേണ്ടി എന്നര്‍ വലെന്‍സിയയും മൈക്കിള്‍ അറൊയൊയും സ്കോർ ചെയ്തു.

മറ്റു മത്സരങ്ങളില്‍ അള്‍ജീരിയ ഒന്നിനെതിരേ രണ്ടു ഗോളിന് റൊമാനിയയെ മറികടന്നപ്പോള്‍, ചിലി 2-0ന് വടക്കന്‍ അയര്‍ലന്‍ഡിനെ കീഴടക്കി. ഐവറി കോസ്റ്റ്, എല്‍സാല്‍വദോറിനെയും (2-1), ഹംഗറി, അല്‍ബേനിയയെയും (1-0), ഐസ്ലന്‍ഡ്, എസ്തോണിയയെയും (1-0) തോല്‍പ്പിച്ചപ്പോള്‍, ജമൈക്ക – ഈജിപ്റ്റ് (2-2) മത്സരം സമനിലയില്‍.