തന്നെ കല്ലെറിഞ്ഞവരെ പുരസ്കാരം നല്‍കി ആദരിച്ചു ഉമ്മന്‍ചാണ്ടിയുടെ മഹാമനസ്കത

single-img
6 June 2014

കണ്ണൂര്‍ : തന്നെ കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഒരുക്കിയ പരിസ്ഥിതി ദിനാചരണ ചടങ്ങില്‍ വെച്ചാണ് സംഭവം.

പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി, കൂടുതല്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചവര്‍ക്കുള്ള പുരസ്കാരം ഡി.വൈ.എഫ്.എക്കുവേണ്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈ, സെക്രട്ടറി ബിനോയ് കുര്യന്‍ എന്നിവരാണ് ഏറ്റുവാങ്ങിയത്.

എന്നാല്‍ സോളാർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന വഴിതടയൽ സമരത്തിനിടെ കല്ലെറിഞ്ഞ കേസിലെ മൂന്നും നാലും പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ് ഇവര്‍.കേസിലെ സാക്ഷിയായ മന്ത്രി കെ.സി.ജോസഫിനൊപ്പം ഒന്നാംപ്രതി  സി. കൃഷ്ണന്‍ എം.എല്‍.എയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ നിരവധിപേരെ അനധികൃതമായി കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവും ശക്തമാണ്.

50000 വൃക്ഷത്തൈകളാണ് ഡി.വൈ.എഫ്.ഐ ജില്ലയില്‍ വെച്ചുപിടിപ്പിച്ചത്. ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി കലക്ടറേറ്റില്‍ നടന്ന ഹരിത കേരളം-പങ്കാളിത്ത പാരിസ്ഥിതിക കര്‍മപദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്കാരദാനം.