മുക്കത്തെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കടത്തിയ ഇടനിലക്കാരന്‍ അറസ്റ്റില്‍

single-img
5 June 2014

പാലക്കാട്: ജാര്‍ഖണ്ഡില്‍നിന്ന് മുക്കത്തെ അനാഥാലയത്തിലേക്ക് ചട്ടങ്ങള്‍ ലംഘിച്ച് കുട്ടികളെ കടത്തിയ സംഭവത്തില്‍ ഇടനിലക്കാരന്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ഇയാള്‍ പലതവണ ഇത്തരത്തില്‍ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

കുന്നംകുളം വളാഞ്ചേരി ഭാഗത്ത്  വർഷങ്ങളായി ക്രഷർ തൊഴിലാളിയായി  ജോലി  നോക്കുകയായിരുന്നു ഇയാൾ.  അവിടെ നിന്നു പാലക്കാട്ടേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് പൊലീസ്  അറസ്റ്റു ചെയ്തത്. കുട്ടികളെ കൊണ്ടുവരുന്നതിനോ, അതിനായി പ്രവർത്തിക്കാനോ  ചുമതലപ്പെടുത്തിതിനു യാതൊരു രേഖയും കൈവശം ഇല്ലാതെയാണ് ഇയാൾ കുട്ടികളെ കേരളത്തിൽ എത്തിച്ചുകൊണ്ടിരുന്നത്.

ഇയാൾ കേരളത്തിലേയ്ക്ക് ഇരുനൂറിൽപ്പരം കുട്ടികളെ കടത്തിയതായാണ് പ്രാഥമിക വിവരം. ജാർഖണ്ഡിൽ നിന്നും ഇയാൾ കുട്ടികളെ വിലയ്ക്ക് വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.  ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇതിനിടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മുക്കം അനാഥാലയത്തില്‍ പരിശോധന നടത്തി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. നേതൃത്വം നല്കുന്ന സംഘത്തിലെ ഒരു വിഭാഗമാണ് സിഐ. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മുക്കത്തെത്തിയത്. അനാഥാലയം ഭാരവാഹികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ തെളിവെടുപ്പ് നടത്തി. ഇവിടെ പഠിക്കുന്ന കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുമായും അന്വേഷണസംഘം സംസാരിച്ചു.

താമരശ്ശേരി ഡിവൈ.എസ്.പി. ജയ്‌സണ്‍ കെ. അബ്രഹാമും ബുധനാഴ്ച അനാഥാലയത്തിലെത്തി രേഖകള്‍ പരിശോധിച്ചു. ഞായറാഴ്ച മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഡിവൈഎസ്പി തെളിവെടുപ്പ് നടത്തിയത്.