അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവം : സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
5 June 2014

കൊച്ചി:ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലേയ്ക്ക്  കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാറിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മനുഷ്യക്കടത്തു കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്നും സര്‍ക്കാറിന് ഇതു നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.

സംഭവത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി കൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളെ കടത്തിയ കേസിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ബെഞ്ച് അതൃപ്തിയും രേഖപ്പെടുത്തി. 

സര്‍ക്കാറിന്റെ ഇതുവരെയുള്ള നടപടികള്‍ വിശ്വസനീയമല്ലെന്നു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഉന്നതരെ സംരക്ഷിക്കുകയല്ല വേണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം. ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നതെന്ന് സര്‍ക്കാറിന് എങ്ങനെ ഉറപ്പിച്ചു പറയാനാകുമെന്നും കോടതി ചോദിച്ചു. 

ഇക്കാര്യത്തിൽ കോടതിക്ക് കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു. അ‌ഞ്ചു വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കൾ അറിയാതെ കൊണ്ടുവരുന്നത് എങ്ങനെയാണെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

കുറ്റക്കാരെ ആരെയും വെറുതെ വിടാൻ പോകുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഉള്ളപ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ആ സർക്കാരിന് തന്നെ നാണക്കേടാണ്. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷ വാങ്ങി നൽകുകയുമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

കേസിൽ ജാർഖണ്ഡ്,​ ബംഗാൾ സർക്കാരുകളെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു.