മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു

single-img
4 June 2014

Maria Sharapovaപാരീസ്‌: മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ സെമിയില്‍ പ്രവേശിച്ചു. തന്‍റെ കരിയറില്‍ അഞ്ചാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിന്റെ ഗാര്‍ബൈന്‍ മുഗുര്‍സയെ 1-6, 7-5, 6-1 നാണ് ഷറപ്പോവ തകര്‍ത്തത്. 2012 ല്‍ കിരീടം ചൂടിയ ഷറപ്പോവ കഴിഞ്ഞ വര്‍ഷം ഫൈനലിൽ സെറീന വില്ല്യംസിനോട് തോല്‍വി വഴങ്ങിയിരുന്നു. കാനഡയുടെ ഇഗ്യൂനി ബുച്ചാര്‍ഡിനെയാണ് സെമിയില്‍ നേരിടുന്നത്.

നാല് തവണ ജേതാവായ സെറീന വില്ല്യംസിനെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചാണ് മുഗുര്‍സ ക്വാര്‍ട്ടറിലെത്തിയത്.  ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ 5-4 ന് മുന്നിട്ട് നിന്ന ശേഷമാണ് ഷറപ്പോവയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങിയത്.

അതേ സമയം ഇന്ത്യയുടെ സാനിയ മിര്‍സ- സിംബാബ്‌വേയുടെ കാരാ ബ്ലാക്ക്‌ സഖ്യം വനിതാ ഡബിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ചൈനീസ്‌ തായ്‌പേയുടെ സു വീ ഹീഷ്‌- ഷുയ്‌ പെംഗ്‌ ജോഡിയോട്‌ 2-6, 6-3, 3-6 എന്ന സ്‌കോറിനാണു സാനിയ സഖ്യം തോറ്റത്‌.