സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു : മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ജയിലില്‍

single-img
3 June 2014

റാഞ്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹയെയും 54 പേരെയും ജയിലിലിടച്ചു. ജാർഖണ്ഡ് സംസ്ഥാന വൈദ്യുതി ബോർഡ് (ജെഎസ്ഇബി) ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്ത കേസിലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ബി. പാൽ  14 ദിവസത്തേക്ക് ജയിലിലടച്ചത്.

ഝാര്‍ഖണ്ഡിലെ വൈദ്യുത പ്രതിസന്ധിക്കെതിരെ തിങ്കളാഴ്ച ബി.ജെ.പി പ്രവര്‍ത്തകര്‍ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സിന്‍ഹയും മൂന്നൂറോളം ബിജെപി പ്രവര്‍ത്തകരും തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഓഫീസ് പൂട്ടിയിട്ട ശേഷം അതിനു മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു.

ഝാര്‍ഖണ്ഡ് വൈദ്യുത ബോര്‍ഡിന്‍െറ ഹസറിബാഗ് ബ്രാഞ്ച് ജനറല്‍ മാനേജര്‍ ദനേഷ് ഝായെ ഒരു കയറുപയോഗിച്ച് കെട്ടിയിടാനായി ബി.ജെ.പി വനിതാ പ്രവര്‍ത്തകരോട് സിന്‍ഹ ആഹ്വാനം ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് പോലീസ് വന്നാണ് രക്ഷപ്പെടുത്തിയത്. 

ഈ കേസില്‍ ഇന്നലെയാണ് സിൻഹയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. താനാണ് ഝായെ കെട്ടിയിടാൻ പാർട്ടിയുടെ വനിതാ പ്രവർത്തകരോട് നിർദേശിച്ചതെന്ന് സിൻഹ മാധ്യമങ്ങളുടെ മുന്നിൽ ഇന്നലെ സമ്മതിച്ചിരുന്നു.