ഭൂമിയുടെ 17 ഇരട്ടി വലുപ്പമുള്ള ഗോഡ്സില്ലാ ഭൂമി

single-img
3 June 2014

ബോസ്റ്റണ്‍ : ഭൂമിയുടെ 17 ഇരട്ടി ഭാരമുള്ള ഭീമന്‍ ഗ്രഹത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഭൂമിയെപ്പോലെ ഖരാവസ്ഥയിലുള്ള ഈ ഗ്രഹത്തെ കെപ്ലര്‍-10 സി (Kepler-10c) എന്നാണു ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്.

ഭൂമിയുടേത്‌ പോലെ തന്നെ കാഠിന്യമുള്ള ഉപരിതലമുള്ളതും എന്നാല്‍ ഭൂമിയെക്കാള്‍ രണ്ടു മടങ്ങിലധികം വലിപ്പമുള്ളതുമായ ഈ ഗ്രഹത്തെ ഭീമന്‍ ഭൂമി (mega earth) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭൂമിയില്‍ നിന്നും 560 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റുമാണ് ഈ ഭീമന്‍ ഭൂമിയുടെ സഞ്ചാരം.പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം.

അമേരിക്കന്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ബോസ്റ്റണില്‍ വെച്ച് നടന്ന യോഗത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ ഗ്രഹത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചത്.എന്നാല്‍ ഈ ഗ്രഹത്തിന്റെ ചില പ്രത്യേകതകള്‍ തല പുകയ്ക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.

ഇത്രയും വലിപ്പമുള്ള ഗ്രഹങ്ങള്‍ ഹൈഡ്രജന്‍ വാതകത്തെ അധികമായി വലിച്ചെടുത്തു വ്യാഴത്തെ(jupitor)യോ നെപ്ട്യൂണിനെയോ പോലെ കാണപ്പെടും എന്നാണു നിലവിലെ നിഗമനം.എന്നാല്‍ ഇത്രയും വലിപ്പമുള്ള ഈ ഗ്രഹം അങ്ങനെയല്ല.

അമേരിക്കന്‍ സ്പേസ് ഏജന്‍സിയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയത് കൊണ്ടാണ് ഇതിനെ കെപ്ലര്‍ 10 സി എന്ന് നാമകരണം ചെയ്തത്. പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ ജ്യോതിശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലറുടെ ബഹുമാനാര്‍ത്ഥമാണ് ഈ ദൂരദര്‍ശിനിക്ക് ആ പേര് കിട്ടിയത്.

ഏകദേശം 29000 കിലോമീറ്റര്‍ ആണ് ഈ ഗ്രഹത്തിന്റെ വ്യാസം. കാനറി ഐലന്ഡിലുള്ള ഗലീലിയോ നാഷണല്‍ ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് ഇതിന്റെ വ്യാസം അളക്കാന്‍ സാധിച്ചത്.ഈ ഗ്രഹം അതിന്റെ മാതൃനക്ഷത്രവുമായി പുലര്‍ത്തുന്ന ഗുരുത്വ ബലത്തിന്റെ പ്രത്യേകതകള്‍ പഠിച്ചു അതിന്റെ ഭാരം കണക്കാക്കാനും കഴിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ രണ്ടു മടങ്ങ്‌ മാത്രം വലിപ്പവും 17 മടങ്ങ്‌ ഭാരവുമുള്ള ഈ ഗ്രഹത്തിന്, അതുകൊണ്ട് തന്നെ ആപേക്ഷിക സാന്ദ്രത വളരെക്കൂടുതലാണ്. ഈ ഗ്രഹത്തിന്റെ ആപേക്ഷിക സാന്ദ്രത 7.5 ആണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.ഭൂമിയുടെ ആപേക്ഷിക സാന്ദ്രത 5.5 ആണ്.ഇത്രയും സാന്ദ്രതയുള്ള ഈ ഗ്രഹത്തിന്റെ ഉപരിതലം വാതകാവസ്ഥയിലാകാന്‍ ഒരു സാധ്യതയുമില്ല എന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.

“സൂപ്പര്‍ എര്‍ത്ത് എന്ന് വിളിക്കാവുന്നതിലും വലിപ്പമുണ്ട്‌ ഇതിനു.നമുക്കിതിനെ മെഗാ എര്‍ത്ത് എന്ന് വിളിക്കാം.അല്ലെങ്കില്‍ ഗോഡ്സില്ല എര്‍ത്ത്(Godzilla of Earths) എന്ന് വിളിക്കാം ” പ്രൊഫസര്‍ ദിമിതര്‍ സാസലോവ് പറയുന്നു.ഹവാര്‍ഡ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സില്‍[Harvard-Smithsonian Center for Astrophysics (CfA)] അധ്യാപകനാണ് സാസ്സലോവ്.

പതിനൊന്നു ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ രൂപമെടുത്ത ഈ ഗ്രഹത്തിന്റെ ഭൂമിയുടെതിനേക്കാള്‍ (4.5 ബില്ല്യന്‍ വര്‍ഷങ്ങള്‍ ) വളരെക്കൂടുതലുമാണ്.