തമ്പാനൂര്‍ ബസ് ടെര്‍മിനല്‍; ഉദ്ഘാടനത്തിനു വേണ്ടി ചിലവാക്കിയത് 35 ലക്ഷം രൂപ, ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും ടെര്‍മിനലിന് ശാപമോക്ഷമായില്ല

single-img
3 June 2014

ksrtc-bus-stand-shopping-complex-thampanoor-trivandrumരാജ്യാന്തര നിലവാരത്തിലുള്ള സംസ്ഥാനത്തെ ബസ് ടെര്‍മിനലെന്ന് പണിതുടങ്ങും മുമ്പ് വാനോളം പുകഴ്ത്തിയ തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ിന്റെ, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തട്ടിക്കൂട്ടിയെടുത്ത ഉദ്ഘാടനത്തിന് ചിലവഴിച്ചത് 35 ലക്ഷം രൂപ. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് നാലു മാസമായിട്ടും ടെര്‍മിനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു തൊട്ട് മുമ്പ് ഫെബ്രുവരി 3 നായിരുന്നു തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തിയെന്ന പേരില്‍ ചടങ്ങ് അപ്പോള്‍ തന്നെ വിവാദത്തിലായിരുന്നു. അതിനു പിന്നാലെയാണ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനായി നടത്തിയ ധൂര്‍ത്ത്പറുത്തു വരുന്നത്.

വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ 35 ലക്ഷം രൂപയാണ് ബസ്‌ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനായി ചിലവാക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനായി 12 ലക്ഷം രൂപയും അതിന്റെ പരസ്യപ്രചരണത്തിനായി 22 ലക്ഷത്തിലധികം രൂപയുമാണ് സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ജീവനക്കാര്‍ക്ക് ഓരോമാസവും ശമ്പളം നല്‍കുന്നതിനായി വന്‍ തുക കടമെടുക്കേണ്ടി വരുന്ന കെ.എസ്ആര്‍.ടി.സിയിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത് നടന്നിരിക്കുന്നത്.

എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും ബസ്‌ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കായിട്ടില്ല. ടെര്‍മിനലില്‍ മുമ്പുണ്ടായിരുന്ന കടമുറികള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമകള്‍ നല്‍കിയ സ്‌റ്റേയാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.