തേനീച്ച വിഷത്തിനു എയിഡ്സ് വൈറസിനെക്കൊല്ലാന്‍ കഴിവുണ്ടെന്ന് കണ്ടെത്തല്‍

single-img
3 June 2014

വാഷിംഗ്ടണ്‍ : എയിഡ്സ് രോഗികള്‍ക്ക് ആശ്വാസമായി ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.തേനീച്ച വിഷത്തിനു എയിഡ്സ് വൈറസിനെ കൊല്ലാനുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എയിഡ്സ് രോഗത്തിനു കാരണമായ ഹുമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസിനെ  (human immunodeficiency virus -HIV) നശിപ്പിക്കാന്‍ തേനീച്ചയുടെ വിഷത്തില്‍ ( bee venom ) അടങ്ങിയിട്ടുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് കഴിവുണ്ട് എന്നാണു പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്.എന്നാല്‍ ചുറ്റുമുള്ള സാധാരണ കോശങ്ങളെ ഈ രാസവസ്തു ദോഷകരമായി ബാധിക്കുകയുമില്ല എന്നതും നേട്ടമാണ്.

വാഷിംഗ്‌ടണ്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കണ്ടെത്തല്‍ നടത്തിയത്.

തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലിറ്റിന്‍ എന്ന രാസപദാര്‍ത്ഥമാണ് എച്ച് ഐ വിയുടെ ഘാതകനായി പ്രവര്‍ത്തിക്കുന്നത്.വൈറസിന്റെ പുറമെയുള്ള ആവരണം നശിപ്പിച്ചു കളയാന്‍ മെലിറ്റിനു സാധിക്കും.

മെലിറ്റിനെ നാനോ കണങ്ങളില്‍ കടത്തിയ ശേഷം ഈ കണങ്ങളെ ഉപയോഗിച്ചാണ് വൈറസിനെ ആക്രമിക്കുന്നത്.സാധാരണ കോശങ്ങള്‍ ഈ കണങ്ങളുമായി തട്ടാതെയിരിക്കാന്‍ കണങ്ങള്‍ക്ക് ചുറ്റും ബമ്പറുകള്‍ സ്ഥാപിച്ചിരിക്കും. എച്ച് ഐ വി വളരെ വലിപ്പം കുറഞ്ഞ വൈറസ് ആണ്.അതിനാല്‍ ഈ ബമ്പറുകള്‍ക്കിടയിലൂടെ അകത്തു ചെന്ന് കണങ്ങളുമായി മുട്ടുകയും നശിച്ചു പോകുകയും ചെയ്യും.

എയിഡ്സിനെ പ്രതിരോധിക്കാന്‍ ഈ രാസവസ്തു ഇതു തരത്തില്‍ ഉപയോഗപ്പെടുത്താം എന്നാണു ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നത്.ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ഉപയോഗിക്കുന്ന ലൂബ്രിക്കേഷന്‍ ജെല്ലുകളില്‍ ഈ നാനോ കണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് തങ്ങളുടെ ആദ്യലക്ഷ്യമെന്നു വാഷിംഗ്‌ടണ്‍ സര്‍വകലാശാലയില്‍ ഈ ഗവേഷണത്തിന് നേത്രുത്വം നല്‍കിയ ഡോ . ജോഷ്വാ എല്‍ ഹുഡ് പറയുന്നു.അങ്ങനെ ഉപയോഗിച്ചാല്‍ എയിഡ്സ് രോഗിയുമായി ബന്ധപ്പെട്ടാലും എയിഡ്സ് പകരുകയില്ല.വൈറസിനെ തീര്‍ത്തും നശിപ്പിക്കാന്‍ മെലിറ്റിനു കഴിയും എന്നത് കൊണ്ടാണിത്.

നിലവില്‍ എയിഡ്സ് രോഗികളായവര്‍ക്ക് കുത്തിവെയ്ക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.മേല്‍പ്പറഞ്ഞ നാനോ കണങ്ങള്‍ കുഴപ്പമൊന്നുമില്ലാതെ ഞരമ്പുകളിലൂടെ കടന്നു പോകുന്നതായി ഗവേഷകര്‍ പറയുന്നു.എന്നാലും ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

2011-ലെ കണക്കുകള്‍ പ്രകാരം ലോകത്തൊട്ടാകെ 34 മില്ല്യന്‍ എയിഡ്സ് രോഗികളാണ് ഉള്ളത്.ഓരോ വര്‍ഷവും പുതിയതായി 20 മുതല്‍ 25 ലക്ഷം വരെയാളുകള്‍ പുതിയതായി എയിഡ്സ് ബാധിതരാകുന്നു എന്നാണു കണക്കുകള്‍.