മതനിന്ദയുടെ പേരില്‍ ജയിലിലാക്കപ്പെട്ട് അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി

single-img
2 June 2014

sudan1n-1-webഭര്‍ത്താവിനെയും ക്രൈസ്തവ വിശ്വസത്തിനെയും തള്ളിപ്പറയാത്തതിന്റെ പേരില്‍ സുഡാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിയെ സ്വതന്ത്രയാക്കാന്‍ തീരുമാനിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനിയായ യുവാവിനെ വിവാഹം കഴിക്കുകയും ഇസ്ലാം വിശ്വാസത്തില്‍ വളര്‍ന്ന് ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ചെയ്തതിന്റെ േപരിലാണ് മതനിന്ദയും വ്യഭിചാരക്കുറ്റവും ചുമത്തി മറിയം ഇബ്രാഹിം എന്ന യുവതിയെ സുഡാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലടച്ചത്.

ഗര്‍ഭിണിയായിരുന്ന മറിയം പ്രസവിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ വധശിക്ഷയ്ക്ക് വിധേയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ബാര്‍ത്തോം നഗരത്തിനടത്തുള്ള ഓംബുദുര്‍മാന്‍ വനിതാ ജയിലിലെ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം മറിയം ഒരുപെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

മകള്‍ പിറന്ന കാര്യം മെറിയത്തിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വാനിയാണ് പുറംലോകത്തെ അറിയിച്ചത്. ഡാനിയേല്‍ വാനി തന്റെ അഭിഭാഷകനോപ്പം മെറിയത്തെ കാണുവാന്‍ തടവറയില്‍ ചെന്നിരുന്നു. മകള്‍ സുന്ദരിയാണെന്നും ഇതിനാല്‍ തന്നെ അവള്‍ക്ക് മായ എന്നാണ് മെറിയം പേരു നല്‍കിയിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു. മെറിയക്കും വാനിക്കും ഒന്നരവയസു പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്. മാര്‍ട്ടിന്‍ എന്ന ഈ കുട്ടിയും ഇപ്പോള്‍ അമ്മയോടൊപ്പം ജയിലിലാണ് കഴിയുന്നത്.

സുഡാന്റെ ഈ നീക്കത്തിനെതിരെ ലോകമെമ്പാടും അലയടിച്ച പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ വിടുവിക്കല്‍ തീരുമാനമെന്ന് നിരീക്ഷകര്‍ കരുതുന്നു. ആമ്‌നിസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടിടുണ്ടായിരുന്നു. ആറു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് ആമ്‌നിസ്റ്റി ഇന്റര്‍നാഷണല്‍ മെറിയത്തിന്റെ മോചനത്തിനായി ശേഖരിച്ചിരുന്നത്.

യുവതിയെ ഏതാനും നാളുകള്‍ക്കുള്ളില്‍ സ്വതന്ത്രയാക്കുമെന്ന് സുഡാന്‍ അതോറിറ്റി അറിയിച്ചു.