ഐ.പി.എല്‍. ചാമ്പ്യന്‍:കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

single-img
2 June 2014

iplപഞ്ചാബ്‌ കിംഗ്‌സ് ഇലവനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച്‌ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഏഴാമത്‌ സീസണില്‍ ജേതാക്കളായി.അവസാന നിമിശം വരെ ജയ-പരാജയ സാധ്യതകൾ മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ കൊൽക്കത്തയുടെ രാജകുമാരൻമാർ പഞ്ചാബ് സിംഹങ്ങളിൽ നിന്നും വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത കിംഗ്‌സ് ഇലവന്‍ നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 199 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത നൈറ്റ്‌റൈഡേഴ്‌സ് മൂന്നു പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി. കൊല്‍ക്കത്ത ടീം രണ്ടാംതവണയാണ്‌ ഐ.പി.എല്‍. ജേതാക്കളാകുന്നത്‌. 2012 ലായിരുന്നു അവര്‍ ആദ്യം കിരീടം നേടിയത്‌.

 
തുടരെ വിക്കറ്റ്‌ പോയെങ്കിലും വാലറ്റക്കാരായ പീയുഷ്‌ ചൗളയുടെയും (അഞ്ച്‌ പന്തില്‍ 13 റണ്‍) സുനില്‍ നരേന്റെയും (നാലു പന്തില്‍ രണ്ട്‌) സമചിത്തതയോടെയുള്ള ബാറ്റിംഗ്‌ നൈറ്റ്‌റൈഡേഴ്‌സിനു ജയം സമ്മാനിച്ചു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ (55 പന്തില്‍ എട്ടു സിക്‌സറും 10 ഫോറുമടക്കം പുറത്താകാതെ 115) നേടിയ സെഞ്ചുറിയിലാണു കിംഗ്‌സ് ഇലവന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌.

 

 

ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ കിംഗ്‌സ് ഇലവനെ ബാറ്റിംഗിനു വിടുകയായിരുന്നു. 49 പന്തില്‍ സെഞ്ചുറി കടന്ന സാഹയുടെയും 52 പന്തില്‍ രണ്ടു സിക്‌സറും ആറു ഫോറുമടക്കം 67 റണ്ണെടുത്ത ഓപ്പണര്‍ മനന്‍ വോഹ്‌റയുടെയും ഇന്നിംഗ്‌സുകളുടെ ബലത്തില്‍ കിംഗ്‌സ് ഇലവന്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 199 റണ്ണെടുത്തു. ഐ.പി.എല്‍. സീസണിലെ മൂന്നാമത്തെ സെഞ്ചുറിയാണ്‌ ഇന്നലെ പിറന്നത്‌.