തെലങ്കാന സംസ്ഥാനം നിലവില്‍ വന്നു : ഹൈദരാബാദിലെങ്ങും ആഘോഷം

single-img
2 June 2014

ഹൈദരാബാദ് : ഇന്ത്യയുടെ ഇരുപത്തിയൊന്‍പതാമത് സംസ്ഥാനമായി തെലങ്കാന നിലവില്‍ വന്നു. ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖരറാവു ആയിരിക്കും തെലങ്കാനയുടെ മുഖ്യമന്ത്രി.

ദശകങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആന്ധ്രപ്രദേശ് വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയത്.അത് പ്രകാരം ഇന്ന് മുതല്‍ തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായി.

നിലവിലുള്ള ആന്ധ്രപ്രദേശ് ഇനി മുതല്‍ സീമന്ധ്ര എന്നാണു അറിയപ്പെടുക.ഹൈദരാബാദ് തെലങ്കാനയ്ക്കും സീമാന്ധ്രയ്ക്കും പൊതു തലസ്ഥാനമായി തുടരും.

തെലങ്കാന രൂപീകരണത്തിന്റെ ആഘോഷങ്ങള്‍ ഹൈദരാബാദിനെ കുങ്കുമക്കടലാക്കി മാറ്റി.ടി ആര്‍ എസിന്റെ കുങ്കുമക്കൊടികളേന്തിയും വര്‍ണ്ണപ്പൊടികള്‍ വാരിവിതറിയും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടരുകയാണ്.തെലങ്കാന രൂപീകരണത്തിനായുള്ള സമരങ്ങളില്‍ മുന്നിലുണ്ടായിരുന്ന പാര്‍ട്ടിയാണ് ടി ആര്‍ എസ്.

ഇന്ന് രാവിലെ 8:30-നു രാജ്ഭവനില്‍ വെച്ച്  ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖരറാവു തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.പുതിയ മന്ത്രിസഭയില്‍ പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെ അംഗങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.തെലങ്കാന നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 119-ല്‍ 67 സീറ്റും നേടി ടി ആര്‍ എസ് ആധിപത്യം ഉറപ്പിച്ചിരുന്നു.

രാവിലെ 10:15-നു സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം കെ സി റാവു ജനങ്ങളെ അഭിസംബോധന ചെയ്യും.

ഹൈദരാബാദിലെ സെക്രട്ടറിയേറ്റിന്റെ ഒരു ബ്ലോക്ക് സീമാന്ധ്ര സര്‍ക്കാരിനും ഒരു ബ്ലോക്ക് തെലങ്കാനസര്‍ക്കാരിനും ഉപയോഗിക്കാം എന്നാണു വ്യവസ്ഥ.ചന്ദ്രബാബു നായിഡുവാണ് സീമാന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി.

കെ സി റാവു 12:52-നു ഔദ്യോഗികമായി ചാര്‍ജ്ജെടുത്ത ശേഷം ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ക്കും.യോഗത്തില്‍ വെച്ച് അദ്ദേഹം തെലങ്കാനയുടെ ഔദ്യോഗിക എംബ്ലം പ്രകാശനം ചെയ്യും.കാകതീയ ഗേറ്റും ചാര്‍മിനാറും ആലേഖനം ചെയ്തതാണ് എംബ്ലം.

23 ജില്ലകളുണ്ടായിരുന്ന അവിഭക്ത ആന്ധ്രാപ്രദേശിനെ വിഭജിച്ചാണ് തെലങ്കാനയും സീമാന്ധ്രയും രൂപീകരിച്ചത്.ഇതില്‍ 10 ജില്ലകള്‍ തെലങ്കാനയ്ക്കും ബാക്കി 13 ജില്ലകള്‍ സീമാന്ധ്രയ്ക്കും ലഭിച്ചു.

ഹൈദരാബാദ് നഗരം രണ്ടു സംസ്ഥാനങ്ങള്‍ക്കും പൊതുവായ തലസ്ഥാനമാണെങ്കിലും ഹൈദരാബാദ് ജില്ല തെലങ്കാനയുടെ ഭാഗമാണ്.ഹൈദരാബാദ് കൂടാതെ ഖമ്മം , കരീം നഗര്‍,ആദിലാബാദ്,മഹബൂബ് നഗര്‍,മേധക്ക്,നല്‍ഗോണ്ട,നിസാമാബാദ്‌,വാറംഗല്‍,രംഗറെഡ്ഡി എന്നീ ഒന്‍പതു ജില്ലകളാണ് തെലങ്കാനയിലുള്ളത്.

വിശാഖപട്ടണം,ശ്രീകാകുളം,വിസിയ നഗരം,വിജയവാഡ, ഈസ്റ്റ്‌ ഗോദാവരി,വെസ്റ്റ് ഗോദാവരി,കൃഷ്ണ,ഗുണ്ടൂര്‍,നെല്ലൂര്‍,പ്രകാശം എന്നിങ്ങനെ ഒന്‍പതു തീരദേശ ജില്ലകളും റായലസീമ മേഖലയില്‍ വരുന്ന കുര്‍ണൂല്‍,കടപ്പ,ചിറ്റൂര്‍,അനന്തപ്പൂര്‍ എന്നീ നാലുജില്ലകളും ചേര്‍ന്നതാണ് സീമാന്ധ്രാ സംസ്ഥാനം.