ദളിത് സഹോദരിമാരുടെ കൊലപാതകം;സിബിഐ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി

single-img
31 May 2014

rahulലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബദോണില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലത്തത് കൊണ്ട് സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം, കേസ് സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു.

സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ഭയന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കരുതുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ കാണാതാവുകയും പിറ്റേന്ന് രാവിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടികളെ കാണാതായതിനു പിന്നാലെ വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. സംഭവം വിവാദമായതോടെ പോലീസ് അഞ്ചു പേരെ അറസ്റ്റു ചെയ്തു. കേസെടുക്കാന്‍ വിസമ്മതിച്ച രണ്ടു പോലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു.  രണ്ടു പ്രതികള്‍ ഇപ്പോഴും ഒളുവിലാണ്.

വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാരമല്ല, നീതിയാണ് തങ്ങള്‍ക്കുവേണ്ടതെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. തന്റെ മകളെ തൂക്കികൊന്നവരെ അതുപോലെ തന്നെ തൂക്കിലേറ്റണമെന്നും ഒരു പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.