ഇന്ന് വിവാഹിതരാകുന്നു; മുഹൂര്‍ത്തം രാത്രി 8.10നും 8.30 നും ഇടയില്‍

single-img
30 May 2014

140134301529sudheeshതിരുവല്ലം വേങ്കറ ശ്യാമളാലയത്തില്‍ സുധീഷ് കുമാറിന്റെ വിവാഹമാണ്. മുഹൂര്‍ത്തം രാത്രി 8.10നും 8.30 നും ഇടയില്‍. കേട്ടിട്ട് വിവാഹം കേരളത്തില്‍ വെച്ചാണോ എന്ന് സംശയിക്കേണ്ട. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്രത്തിനു സമീപത്തെ രാജലക്ഷ്മി ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്. ഉറച്ചു വിശ്വസിക്കാം, സംഭവം കേരളത്തില്‍ തന്നെ.

പഴയകാലത്ത്, ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് പോയാല്‍ ചിലപ്പോള്‍ ഈ രീതിയില്‍ രാത്രി നടത്തുന്ന വിവാഹം ധാരാളം കാണാം. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഈ വിവാഹം ഒരത്ഭുതമായി തോന്നാം. പക്ഷേ ഇങ്ങനെ അത്ഭുതപ്പെടാനോ സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാവാനോ വേണ്ടിയല്ല സുധീഷ് വിവാഹം രാത്രിയാക്കുന്നത്.

തന്റെ സുഹൃത്തുക്കളിലധികവും കൂലിപ്പണിക്കാരും മറ്റുമായതിനാല്‍ അവരുടെ സൗകര്യാര്‍ത്ഥമാണ് വിവാഹം സുധീഷ് രാത്രിയിലേക്ക് മാറ്റിയത്. പകലാണ് വിവാഹമെങ്കില്‍ ഒരു ദിവസത്തെ ജോലി കളഞ്ഞ് അവര്‍ നില്‍ക്കേണ്ടിവരുമെന്നും അതിനോട് യോജിപ്പില്ലാത്തതിനാല്‍ എല്ലാവര്‍ക്കും പശങ്കടുക്കാന്‍ സൗകര്യത്തിന് വിവാഹം രാത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനായ സുധീഷിന്റെ തീരുമാനത്തോട് വധു മായാകുമാരിയും വീട്ടുകാരും പൂര്‍ണ്ണമായി യോജിക്കുന്നു. അങ്ങനെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയോടെ ഇന്ന് രാത്രി 8.10നും 8.30 നും ഇടയില്‍ സുധീഷ് മായാകുമാരിയുടെ കഴുത്തില്‍ താലികെട്ടി ജീവിതസഖിയാക്കുകയാണ്. മാത്രമല്ല, വിവാഹ സല്‍ക്കാരത്തിലുള്ള ധൂര്‍ത്തും പരമാവധി ഒഴിവാക്കാനാണ് സുധീഷിന്റെ തീരുമാനം.