ബ്ലേഡ് മാഫിയയുടെ ഭീഷണി:കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ആത്മഹത്യ ചെയ്തു

single-img
29 May 2014

lineബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ആത്മഹത്യ ചെയ്തു. വടകര നോര്‍ത്ത് സെക്ഷനിലെ ലൈന്‍മാനായ മണിയൂര്‍ കരുവാണ്ടിമുക്കിലെ കൂമുള്ളിമീത്തല്‍ അനില്‍കുമാറിനെ (49) ആണ് പുത്തൂരിലെ 110 കെ.വി. സബ്‌സ്റ്റേഷനോടുചേര്‍ന്ന ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

 

 

 

ബ്ലേഡ് പലിശയ്ക്ക് പണം കടംവാങ്ങിയ അനില്‍കുമാര്‍ പലിശക്കാരന്റെ ഭീഷണിയില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. പയ്യോളി പോലീസില്‍ പല തവണ അനില്‍കുമാര്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

 

 

2002-ലാണ് ഇരിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശിയില്‍ നിന്ന് അനില്‍കുമാര്‍ 70,000 രൂപ വായ്പ വാങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്ന് ചെക്ക് ലീഫും മുദ്രപ്പത്രവും ഇതിനായി നല്‍കിയിരുന്നു. ഇതുവരെ 2,17,000 രൂപ തിരിച്ചു നല്‍കിയെങ്കിലും രേഖകളൊന്നും തിരികെനല്‍കിയില്ല. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തതുപ്രകാരം 40,000 രൂപ കൂടി നല്‍കിയാല്‍ രേഖ നല്‍കാമെന്ന് പലിശക്കാരന്‍ സമ്മതിച്ചിരുന്നു. ഈ പണം നല്‍കിയിട്ടും രേഖകള്‍ കിട്ടിയില്ല.

 

 

തുടര്‍ന്നാണ് പയ്യോളി പോലീസിനെ സമീപിച്ചത്. പോലീസ് വിളിച്ചു സംസാരിച്ചപ്പോള്‍ രേഖകള്‍ നല്‍കാമെന്ന് ഇടപാടുകാരന്‍ സമ്മതിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഭീഷണിയും മാനസികപ്രയാസവും കാരണം നേരത്തേയും അനില്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.