പാകിസ്ഥാനും മതവും ജാതിയുമൊക്കെ അവിടെ നില്‍ക്കട്ടെ; ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ യുവതി അതിര്‍ത്തികടന്ന് പാകിസ്ഥാന്‍കാരന്‍ മുഹമ്മദിന്റെ ജീവിതസഖിയായി

single-img
27 May 2014

wedding_Pakഇന്ത്യക്കാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍കാരനെ വരനായി സ്വീകരിച്ച് പ്രണയത്തിന് പുതിയ ഭാഷ്യം രചിച്ചു. ജില്ലയില്‍ താമസിക്കുന്ന ഡോ. പ്രതിമ സാഹൂവാണ് പാക്കിസ്ഥാന്‍ പൗരനായ മുഹമ്മദ് മാന്‍ഷയെ പ്രണയിച്ച് വിവാഹം കഴിച്ചത്.

മൂന്നു മാസത്തെ സന്ദര്‍ശന വിസയില്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെത്തിയ ഒഡീഷയിലെ ബലന്‍ഗിര്‍ സ്വദേശിനിയായ പ്രതിമയെ മുഹമ്മദിന്റെ വീട്ടുകാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. പാക്കിസ്ഥാനിലെ ലയ്യ ജില്ലയിലാണ് മുഹമ്മദിന്റെ സ്വദേശം. അടുത്ത ദിവസം തന്നെ അവര്‍ വിവാഹിതരാകുകയും പ്രതിമ ഇസ്‌ലാം മതം സ്വീകരിച്ച് മറിയം എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പെട്ടെന്നാണ് പ്രണയത്തിലേക്ക് വഴിമാറിയതെന്ന് മുഹമ്മദും മറിയവും പറയുന്നു. ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും ഒപ്പം ജീവിക്കാനാണ് മറിയത്തിന്റെ ആഗ്രഹമെന്നും അതിനായി എത്രയും വേഗം പാക്കിസ്ഥാനി പൗരത്വത്തിന് അപേക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. മറിയത്തിന് പാക്കിസ്ഥാനി പൗരത്വം ലഭിക്കുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ മുഹമ്മദിന്റെ കുടുംബം. വിസ ലഭിക്കുന്നതിന് അല്‍പം താമസമുണ്ടെന്നും എന്നാല്‍ ആശങ്കവേശണ്ടന്നുമാണ് അധികൃതര്‍ അവരെ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാന്‍ ഇന്ത്യന്‍ എഞ്ചിനിയറായ ഹമീദ് അന്‍സാരി പാക്കിസ്ഥാനിലെത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെത്തിയ ഇയാളെ അതിനുശേഷം കാണാതായത് വന്‍ വിവാദമായിരുന്നു. നിയമാനുസൃതമായ വിസയില്ലാതെ പാക്കിസ്ഥാനില്‍ കടന്നു എന്ന കുറ്റത്തിന് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പിടിയിലാണ് ഹമീദ് എന്നുള്ളതാണ് രഹസ്യ വിവരം.