മുസാഫര്‍ നഗര്‍ കലാപനായകന്‍ മോഡി മന്ത്രിസഭയില്‍

single-img
27 May 2014

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് കുമാര്‍ ബാലിയാനും മോഡി മന്ത്രിസഭയില്‍.മുസഫര്‍നഗര്‍ കലാപം സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ഉത്തര്‍പ്രദേശില്‍ നേടിക്കൊടുത്ത വിജയത്തിനുള്ളപ്രതിഫലമാണ് ഈ മന്ത്രിസ്ഥാനം എന്ന് വിലയിരുത്തപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനും അത് വഴി ബിജെപിയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടിക്കൊടുക്കാനും കാരണമായ സംഭവമായിരുന്നു മുസഫര്‍നഗര്‍ കലാപം.ഗുജറാത്തില്‍ സൃഷ്ടിച്ച വര്‍ഗീയ കലാപത്തിന്റെ ചെറിയ ഒരു മാതൃകയായിരുന്നു മുസാഫര്‍ നഗറിലെ കലാപം.

മുസഫര്‍ നഗറില്‍ കലാപം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ആഗസ്ത് 31ന് ജാട്ട് മഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍  സഞ്ജീവ് ബാലിയാനെ 27 ദിവസം ജയിലിലിലടച്ചിരുന്നു. ഒരു വെറ്ററിനറി ഡോക്ടറായ സഞ്ജീവ് ബാലിയാന്റെ കലാപത്തിലുള്ള പങ്കാളിത്തമാണ് അദ്ദേഹത്തെ മുസഫര്‍നഗറില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം വികസനമല്ല, ഹിന്ദു ആത്മാഭിമാനമാണ് പ്രധാനമെന്ന് പ്രസംഗിച്ച ബാലിയാന്‍ 4.1 ലക്ഷം വോട്ടിന് സിറ്റിങ് എംപി ബിഎസ്പിയിലെ ഖാദിര്‍ റാണയെ തോല്‍പ്പിച്ചു.

ഗുജറാത്തില്‍ മോഡിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അമിത്ഷായാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്.ഹിന്ദുക്കള്‍ വോട്ട് ചെയ്തു പ്രതികാരം വീട്ടണമെന്നു ജാട്ടുകളുടെ ഒരു വേദിയില്‍ ഇദ്ദേഹം ആഹ്വാനം ചെയ്തത് വിവാദമായിരുന്നു.മൂന്നുകൊലപാതകക്കേസില്‍ കുറ്റാരോപിതനാണ് അമിത് ഷാ.

മുസഫര്‍നഗര്‍ കലാപത്തിലൂടെ സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചിമ യുപിയിലെ ബിജ്നോറിലും ഖൈരാനയിലും സീറ്റ് നല്‍കിയത്. ഖൈരാനയില്‍ ഹുക്കും സിങ്ങും ബിജ്നോറില്‍ ഭാരതേന്ദുസിങ്ങും രണ്ടു ലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ചു. ബിജ്നോറില്‍ ആദ്യം പ്രഖ്യാപിച്ച രാജേന്ദ്രസിങ്ങിനെ മാറ്റിയാണ് ഭാരതേന്ദുസിങ്ങിനെ മത്സരിപ്പിച്ചത്. പശ്ചിമ യുപിയിലെ 25 സീറ്റിലും ബിജെപി ജയിച്ചു.