തങ്ങളുടെ പ്രവിശ്യയായ അരുണാചലില്‍ നിന്നുള്ള കലാകാരന് വിസ ആവശ്യമില്ലെന്ന് ചൈന : ഇന്ത്യന്‍സംഘം ചൈനാ യാത്ര റദ്ദാക്കി

single-img
26 May 2014

ന്യൂഡല്‍ഹി : ഷാങ്ഹായിയില്‍ നടക്കുന്ന ഏഷ്യന്‍ തിയേറ്റര്‍ സ്‌കൂള്‍ ഫെസ്റ്റിവലിലും ബീജിങ്ങിലെ സാംസ്‌കാരിക വിനിമയ പരിപാടിയിലും പങ്കെടുക്കേണ്ട ഇന്ത്യന്‍ നാടക സംഘത്തിന്റെ യാത്ര റദ്ദാക്കി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അരുണാചല്‍ സ്വദേശിക്ക് വിസ നല്‍കാത്തതിനാലാണ് യാത്ര വേണ്ടെന്ന് വെച്ചത്. 

മെയ് പത്തിനും പതിനെട്ടിനുമായി രണ്ട് നാടകാവതരണങ്ങളാണ് ഇന്ത്യന്‍ സംഘത്തിനുണ്ടായിരുന്നത്. അധ്യാപകരും നാടക കലാകാരന്മാരും ഉള്‍പ്പെടെ പതിനാലുപേരാണ് ചൈനയിലേക്ക് പോകേണ്ടിയിരുന്നത്. ഭാസന്റെ ‘മധ്യമ വിയോഗം’ എന്ന നാടകമാണ് ഇവര്‍ തയ്യാറാക്കിയത്.

അരുണാചല്‍ സ്വദേശിയായ റിക്കന്‍ എന്‍ഗോംലെയാണ് ഇതില്‍ പ്രധാനവേഷമായ ഭീമനെ അവതരിപ്പിക്കുന്നത്. എന്നാല്‍ സംഘത്തിലെ മറ്റുള്ളവര്‍ക്കെല്ലാം വിസ അനുവദിച്ചെങ്കിലും റിക്കന് വിസ നല്‍കിയില്ല. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ സ്റ്റേപ്പിള്‍ഡ് വിസ അനുവദിക്കമെന്ന് ചൈനീസ് എംബസി അറിയിച്ചു. പ്രത്യേക പേപ്പറില്‍ എഴുതി പിന്‍ ചെയ്യുന്ന വിസയാണ് സ്റ്റേപ്പിള്‍ഡ് വിസ. നിയമവിധേയമല്ലാത്ത ഈ വിസ കൊണ്ട് യാത്ര ചെയ്യാനുമാവില്ല. എന്നാല്‍ അടുത്തകാലത്തായി അരുണാചലില്‍ നിന്നുള്ളവര്‍ക്ക് ചൈന നല്‍കുന്നത് സ്റ്റേപ്പിള്‍ഡ് വിസയാണ്. 

അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്നും അവിടെയുള്ളവര്‍ക്ക് ചൈനയിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് ചൈന സ്റ്റേപ്പിള്‍ഡ് വിസ നല്‍കുന്നതെന്ന് റിക്കന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയം ഇടപെട്ടെങ്കിലും നിയമവിധേയമായ വിസ നല്‍കാന്‍ ചൈന തയാറായില്ല. ഇതെത്തുടര്‍ന്ന് വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. 

കുറച്ചുവര്‍ഷങ്ങളായി അരുണാചലില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ചൈനയില്‍ നടക്കുന്ന മേളകളില്‍ പങ്കെടുക്കാനാവുന്നില്ല. 2013-ല്‍ രണ്ട് അമ്പെയ്ത്ത് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവവും ഉണ്ടായിരുന്നു. വിവേചനം കാരണം ചൈനയിലേക്ക് പോകുന്ന പല സ്ഥാപനങ്ങളിലെയും സംഘങ്ങളില്‍നിന്ന് അരുണാചലുകാരെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞമാസം ചൈന സന്ദര്‍ശിക്കാനിരുന്ന സംഘത്തിലെ അഞ്ച് അരുണാചല്‍ സ്വദേശികളെ ഒഴിവാക്കണമെന്ന് ചൈനീസ് എംബസി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യാത്ര റദ്ദാക്കി. 

റിക്കന് വിസ നല്‍കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് യാത്ര ഉപേക്ഷിച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയ ശേഷം രണ്ടുവര്‍ഷം യൂറോപ്പില്‍ പരിശീലനം നേടിയ റിക്കന്‍ സിനിമാ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അരുണാചലുകാരെ അപമാനിക്കുകയാണ് സ്റ്റേപ്പിള്‍ഡ് വിസയിലൂടെ ചെയ്യുന്നതെന്നും റിക്കന്‍ പറഞ്ഞു.