ട്രെയിനില്‍ രേഖകളില്ലാതെ കടത്തിയ 456 അന്യസംസ്ഥാന കുട്ടികളെ പാലക്കാടു റെയില്‍വേ പോലീസ് കണ്ടെത്തി : മനുഷ്യക്കടത്തെന്നു സംശയം

single-img
24 May 2014

പാലക്കാട്: ട്രെയിനില്‍  രേഖകളില്ലാതെ കടത്തിയ 456  അന്യസംസ്ഥാന കുട്ടികളെ റെയില്‍വേ പോലീസ് കണ്ടെത്തി . ഒലവക്കോട് റെയില്‍വെസ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് പാട്‌നാ എക്‌സ്പ്രസില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്.

കുട്ടികളോടൊപ്പം 18 മുതിര്‍ന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് മുക്കത്തെ അനാഥാലയത്തില്‍ പഠിപ്പിക്കാനാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

കോഴിക്കോട് മുക്കത്തുള്ള മുക്കം മുസ്ലിം ഓര്‍ഫനേജിലെ അന്തേവാസികളാണ് ഈ കുട്ടികളെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്.അവധിക്കാലത്ത്‌ വീട്ടില്‍പ്പോയ കുട്ടികള്‍ തിരിച്ചു വരുന്ന വഴിയാണ് എന്നാണു പറഞ്ഞതെങ്കിലും കുട്ടികളുടെ ആരുടേയും മതിയായ രേഖകളില്ലാത്തതാണ് സംശയം ജനിപ്പിക്കുന്നത്.

അനാഥാലയത്തില്‍ മതപഠനം നടത്താനാണ് കുട്ടികളെ എത്തിച്ചതെന്ന് ഇവരോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ പറയുന്നു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റാണ് മേല്‍പ്പറഞ്ഞ അനാഥാലയം നടത്തുന്നത്.

 

അതേസമയം കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമാണോയെന്നു പോലീസ് പരിശോധിച്ച് വരികയാണ്. പാട്‌നാ എക്‌സ്പ്രസില്‍ ബീഹാറില്‍ നിന്നും എറണാകുളത്തേക്കാണ് കുട്ടികള്‍ ടിക്കറ്റെടുത്തിരുന്നത്. സംഭവത്തിന്റെ വസ്തുത മനസ്സിലാക്കാന്‍ കുട്ടികളെ ചോദ്യംചെയ്തു വരികയാണ്. കുട്ടികളെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും അനന്തര നടപടി സ്വീകരിക്കുക. 

ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.കുട്ടികളെ  സാമൂഹിക ക്ഷേമവകുപ്പിന്റെ സംരക്ഷണയില്‍ മുട്ടിക്കുളങ്ങര എന്ന സ്ഥലത്ത് താമസ്സിപ്പിക്കുമെന്നു ജില്ലാ കളക്ടര്‍ ഇ വാര്‍ത്തയോട് പറഞ്ഞു.