‘ഗോധ്ര,പാണ്ഡ്യ , അക്ഷര്‍ധാം : എതെങ്കിലുമൊന്നു തെരഞ്ഞെടുക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു’

single-img
21 May 2014

ന്യൂഡല്‍ഹി : ‘ഗോധ്രയിലെ തീവണ്ടി കത്തിക്കല്‍ , ഹരേന്‍ പാണ്ഡ്യ വധക്കേസ് അല്ലെങ്കില്‍ അക്ഷര്‍ധാം ക്ഷേത്രത്തിലെ ഭീകരാക്രമണം : ഇതിലേതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാനാണ് അവരെന്നോടാവശ്യപ്പെട്ടത് “പറയുന്നത് മൊഹമ്മദ്‌ സലിം ആണ്. അക്ഷര്‍ധാം ക്ഷേത്രത്തിലെ ഭീകരാക്രമണത്തിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി 11 വര്ഷം വിചാരണത്തടവിലിട്ടിരുന്ന ആറു പേരില്‍ ഒരാളാണ് മൊഹമ്മദ്‌ സലിം . യാവ്രെ ആറുപേരെയും നിരപരാധികളെന്ന് കണ്ടെത്തി ഇന്നലെ സുപ്രീംകോടതി വെറുതെ വിട്ടിരുന്നു.

മൊഹമ്മദ്‌ സലിം അടക്കമുള്ള ആറുപേരെ തീവ്രവാദവിരുദ്ധനിയമപ്രകാരം (POTA) 11 വര്‍ഷമാണ്‌ വിചാരണയില്ലാതെ തടവിലിട്ടത്.നിരപരാധികളെ കള്ളക്കേസ്സില്‍ കുടുക്കിയ ഗുജറാത്ത് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയെ “മനസാക്ഷിയില്ലാത്തയാളെ”ന്നാണ് വിശേഷിപ്പിച്ചത്‌.അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന തെരഞ്ഞെടുപ്പുഫലം പുറത്തു വന്ന മെയ്‌ 16-നാണ് സുപ്രീം കോടതി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

“ഞാന്‍ പതിമൂന്നു വര്ഷം സൌദി അറേബ്യയിലാണ് ജോലി ചെയ്തിരുന്നത്. പാസ്പോര്‍ട്ടില്‍ ചെറിയ എന്തോ പിശകുണ്ടെന്ന പേരില്‍ അറസ്റ്റ് ചെയ്ത എന്നെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു.അതിന്റെ അടയാളങ്ങള്‍ ഇപ്പോഴും എന്റെ മുതുകത്തുണ്ട്.എന്റെ ഒരു കാല്‍ അവര്‍ തല്ലിയൊടിച്ചു.എന്നിട്ട് അവര്‍ എന്നോട് ചോദിച്ചു : ‘നിനക്ക്‌ ഏതു കേസ്സില്‍ ഉള്‍പ്പെടാനാണ് താല്പര്യം ? അക്ഷര്‍ധാം, ഹരേന്‍ പാണ്ഡ്യ , അതോ ഗോധ്രയോ’ എന്ന് . എന്ത് പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.” മുഹമ്മദ്‌ സലിം പറയുന്നു.ഡല്‍ഹിയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ചാണ് കോടതി വെറുതെ വിട്ട ആറുപേരില്‍ അഞ്ചുപേര്‍ മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

സലീമിനെ അറസ്റ്റ് ചെയ്തു നാല് മാസം കഴിഞ്ഞപ്പോള്‍ ജനിച്ച തന്റെ കുഞ്ഞിനെ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ്‌ തനിക്കു കയ്യിലെടുത്തു ഓമനിക്കാന്‍ സാധിച്ചത് എന്ന് സലിം കണ്ണീരോടെ പറയുന്നു.

മുഫ്തി അബ്ദുല്‍ ഖയ്യും എന്ന എന്ന അബ്ദുല്‍ ഖയ്യും മുഫ്തിസാബ് മുഹമ്മദ്‌ ഭായിയുടെ ലോകം തന്നെ തടവില്‍ നിന്നും പുറത്തുവന്നപ്പോഴേയ്ക്കും മാറിപ്പോയിരുന്നു.അയാളുടെ പിതാവ് മരിച്ചു പോയി.കുടുംബം പഴയ വീട്ടില്‍ നിന്നും താമസം മാറി.ഇക്കഴിഞ്ഞ പതിനൊന്നു വര്‍ഷവും നീതി കുഴിച്ചുമൂടപ്പെട്ടിരിക്കുകയായിരുന്നു എന്നാണു ഖയ്യൂം പ്രതികരിച്ചത്.

അക്ഷര്‍ധാം ആക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട രണ്ടു തീവ്രവാദികളുടെ കയ്യില്‍ നിന്നും കിട്ടിയ കത്തുകള്‍ ഖയ്യൂം ആണ് എഴുതിയത് എന്നായിരുന്നു പോലീസിന്റെ വാദം.എന്നാല്‍ തന്നെ ഈ കേസില്‍പ്പെടുത്തുകയായിരുന്നു എന്ന് ഖയ്യൂം ആരോപിക്കുന്നു.മൂന്നു രാത്രിയും പകലും തുടര്‍ച്ചയായി അവര്‍ തന്നെക്കൊണ്ട് ആവര്‍ത്തിച്ചു ഒരു കത്ത് പകര്‍ത്തിയെഴുതിച്ചു എന്ന് ഖയ്യൂം പറയുന്നു.ഓരോ പ്രാവശ്യം എഴുതുമ്പോഴും പരിശോധിച്ച ശേഷം യഥാര്‍ത്ഥ പകര്‍പ്പിലെ അക്ഷരങ്ങളുടെ അതേപോലെ വള്ളിയും പുള്ളിയും വരത്തക്ക രീതിയില്‍ പകര്‍ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു.ഭയം മൂലം താന്‍ അനുസരിച്ചു.ഉറുദു ഭാഷയിലുള്ള ഈ കത്തുകളാണ് പോലീസ് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചത്.ഖയ്യൂമിനെക്കൊണ്ട് പകര്‍ത്തിയെഴുതിച്ച കത്തുകള്‍ കയ്യക്ഷരം ഒരുപോലെയാണ് എന്നതിന്റെ തെളിവായി പ്രൊസിക്ക്യൂഷന്‍ ചൂണ്ടിക്കാട്ടി.

എന്നെ ഈ കേസില്‍പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഗാളിനെ പിന്നീട് ഞാന്‍ ജയിലില്‍ വെച്ച് കണ്ടിരുന്നു.എന്തിനാണ് എന്നോടിങ്ങനെ ചെയ്തത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.അദ്ദേഹം ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ ഒരു മകന്‍ ആത്മഹത്യാ ചെയ്തപ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന ദുഃഖങ്ങളുടെ ആഴം മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടാകും.

ജമിയത്തുല്‍ ഉലമ ഇ ഹിന്ദ്‌ ആണ് പത്രസമ്മേളനം നടത്തിയത്.സംഘടനയുടെ പ്രസിഡന്റ്‌ അര്‍ഷാദ് മദനി സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.ഇനിയും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.

നിരപരാധികളെ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അര്‍ഷദ് മദനി പറഞ്ഞു.”സുപ്രീം കോടതിയാണ് ആകെയുള്ള പ്രതീക്ഷ.മാധ്യമങ്ങളും സര്‍ക്കാരും എല്ലാ മുസ്ലീങ്ങളെയും തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്.” മദനി കൂട്ടിച്ചേര്‍ക്കുന്നു.