പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു

single-img
21 May 2014

തകരാര്‍ പരിഹരിക്കാനാകാത്ത പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു. നിര്‍മാണത്തിലെ തകരാര്‍ കാരണം ഉപയോഗിക്കാനാകാതെ കൊച്ചുവേളി യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന കോച്ചുകളാണ് കപൂര്‍ത്തല റെയില്‍വേ ഫാക്ടറിയിലേക്ക് തിരിച്ചുഅയക്കുന്നത് .
ഐ.ആര്‍.സി.ടി.സിക്ക് പ്രീമിയം തീവണ്ടി തുടങ്ങുന്നതിന് വേണ്ടി നല്‍കിയ കോച്ചുകളാണ് തകരാറിലായത്. കഴിഞ്ഞ ശനിയാഴ്ച പ്രീമിയം തീവണ്ടി പുറപ്പെടാന്‍വേണ്ടി കൂട്ടിയിണക്കുമ്പോഴാണ് കപ്ലിങ്ങുകള്‍ തമ്മില്‍ യോജിപ്പിക്കുന്നിടത്ത് തകരാര്‍ കണ്ടത്.
കോച്ചുകളിലെ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഷാലിമാര്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഉപയോഗിച്ചാണ് പ്രീമിയം തീവണ്ടി വൈകിയെങ്കിലും പുറപ്പെട്ടത്. രാത്രി 8.10 നുള്ള ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ്സിന്റെ കോച്ചുപയോഗിച്ചാണ് പിന്നീട് ഷാലിമാര്‍ എക്‌സ്പ്രസ് യാത്ര തിരിച്ചത്. ഒടുവില്‍ ചെന്നൈ സൂപ്പര്‍ റദ്ദാക്കേണ്ടിയും വന്നു.

എന്നാൽ പ്രീമിയം തീവണ്ടികള്‍ തുടങ്ങുന്നതിന് വേണ്ടി ഐ.ആര്‍.സി.ടി.സിക്ക് നല്‍കിയ കോച്ചുകളാണിവയെന്നും തിരുവനന്തപുരം ഡിവിഷന് ലഭിച്ചവയായി കൂട്ടാനാകില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.