ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് വേണ്ടി യു.എ.ഇ. ധവള പത്രമിറക്കി

single-img
21 May 2014

facebook_logoഫെയ്സ്ബുക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി യു.എ.ഇ. ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി കമ്മിറ്റി ധവള പത്രമിറക്കി. മറ്റൊരാളുടെ അനുവാദമില്ലാതെ അയാളെ ടാഗ് ചെയ്യരുതെന്ന നിർദ്ദേശം ഉൾപെടെയുണ്ട് ധവളപത്രത്തിൽ. ഒരാൾക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അകൗണ്ട് പാടില്ല, വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യണം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ധവള പത്രത്തിൽ പറയുന്നു.

വിദ്വേഷജനകമായ പ്രസംഗങ്ങൾ, അക്രമത്തിന് പ്രേരണയാകുന്ന ഉള്ളടക്കം, ഗ്രാഫിക്സ്സ്, അശ്ലീലം, നഗ്നതാ പ്രദർശനം തുടങ്ങിയവ ഫേസ്ബുക്കിൽ നൽകരുത്. മദ്യവുമായോ ഡേറ്റിങ്ങുമായോ ബന്ധപ്പെട്ടകാര്യങ്ങൾ ഫേസ്ബുക്കിൽ നൽകാൻ പാടില്ല. ധാർമ്മികത, ഇസ്ലാം, യു.എ.ഇയുടെ സാമൂഹികവും ധാർമ്മികവുമായ ക്ഷേമം തുടങ്ങിയവക്ക് വിരുദ്ധമായതും ഫേസ്ബുക്കിൽ നൽകരുത്.

മറ്റുള്ളവരെ മാനസ്സികമായി സമ്മർദ്ദത്തിലാക്കുന്ന, പീഡിപ്പിക്കുന്ന വിവരങ്ങൾ മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. അപകീർത്തിപ്പെടുത്തുന്നതോ സ്വകാര്യതയെ നശിപ്പിക്കുന്നതോ ആയ വീഡിയോകൾ, ഫോട്ടോകൾ നൽകുന്നത് സംബന്ധിച്ചുള്ള യു.എ.ഇ. നിയമങ്ങളെ കുറിച്ച് ഉപഭോക്താക്കൾ മനസ്സിലാക്കിയിരിക്കണം.

അതുകൂടാതെ മറ്റുള്ളവരുടെ തിരിച്ചറിയൽ രേഖകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവയും നൽകരുത്. ഫെയ്സ്ബുക്കിന്റെ ഐ.ടി. സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തനങ്ങളും ഉപഭോക്താവിൽ നിന്നു ഉണ്ടാവാൻ പാടില്ല. വൈറസ്സുകൾ അപ്ലോഡ് ചെയ്യാൻ പാടില്ല എന്നിവ അടങ്ങുന്നതായിരുന്നു ധവള പത്രം.