സ്വകാര്യമേഖല ലോകത്തൊട്ടാകെ നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ ഉണ്ടാക്കുന്ന കൊള്ളലാഭം 9 ലക്ഷം കോടിയിലധികം രൂപ : ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലൈംഗികത്തൊഴിലിലെ ചൂഷണങ്ങളില്‍ നിന്നും

single-img
20 May 2014

ജനീവ  : നിര്‍ബ്ബന്ധിത തൊഴിലിനേയും അത് വഴി ഉണ്ടാകുന്ന കൊള്ളലാഭത്തെയും കുറിച്ചുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ യൂണിയന്‍(ഐ എല്‍ ഒ) . സ്വകാര്യമേഖല നിര്‍ബ്ബന്ധിത തൊഴിലിലൂടെ ഉണ്ടാക്കുന്ന അനധികൃത ലാഭം 150 ബില്ല്യന്‍ ഡോളറിലധികമാണെന്ന് (ഏകദേശം 9 ലക്ഷം കോടി രൂപ ) ഇന്റര്‍നാഷണല്‍ ലേബര്‍ യൂണിയന്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.ഇതില്‍ ആറുലക്ഷം കോടിയോളം രൂപ (99 ബില്ല്യന്‍ ഡോളര്‍ ) ലൈംഗികത്തൊഴിലിലെ ചൂഷണങ്ങള്‍ മുഖേനയാണ് എന്നത് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

ഇതിനു മുന്‍പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്ന തൊഴില്‍ ചൂഷണത്തിന്റെ കണക്കുകളുടെ ഏകദേശം മൂന്നിരട്ടിയാണ് പുതിയ കണക്കുകളില്‍ കാണുന്നത്.മനുഷ്യക്കടത്ത്, നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണം , ആധുനിക അടിമ സമ്പ്രദായം എന്നിവയിലേയ്ക്ക് വെളിച്ചം വീശുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്നു ഐ എല്‍ ഒ യുടെ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞു.ഇരകള്‍ക്ക് വളരെയധികം ദോഷകരമായ നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണം ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

21 മില്ല്യന്‍ ആളുകളാണ്  നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.വീട്ടുജോലി, കൃഷി,കണ്‍സ്ട്രക്ഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണങ്ങള്‍ നിലനില്‍ക്കുന്നു എന്നും കണക്കുകള്‍ പറയുന്നു.

ഒരാളെ ഭീഷണിപ്പെടുത്തിയോ അയാളുടെ പൂര്‍ണ്ണസമ്മതമില്ലാതെയോ ഒരു തൊഴില്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിതനാക്കുന്ന പ്രക്രിയയെ ആണ് നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണം എന്ന് വിളിക്കുന്നത്‌.ഇതിനായി ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും തടവില്‍ വെയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും സര്‍വ്വസാധാരണമാണ് എന്നാണു റിപ്പോര്‍ട്ട്‌ പറയുന്നത്.

ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.മൊത്തക്കണക്കില്‍ ഏതാണ്ട് പകുതിയോളം വരും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം. വ്യാവസായിക ലൈംഗികത്തൊഴിലും (പോര്‍ണോഗ്രഫി , വേശ്യാവൃത്തി ) വീട്ടുജോലിയുമാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇരകളാക്കുന്ന പ്രധാന തൊഴില്‍മേഖലകള്‍. കൃഷി ,  കണ്‍സ്ട്രക്ഷന്‍, മൈനിംഗ് തുടങ്ങിയ മേഖലകളില്‍ പുരുഷന്മാരും ആണ്‍കുട്ടികളും നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണത്തിന് ഇരകളാകുന്നു.
Screenshot_2321 മില്ല്യന്‍ ആളുകളില്‍ ഏതാണ്ട് 4.5 മില്ല്യന്‍ ( 22% ) ആളുകളും ലൈംഗികത്തൊഴില്‍മേഖലയിലാണ് ചൂഷണം ചെയ്യപ്പെടുന്നത്.മറ്റു സ്വകാര്യ തൊഴില്‍ മേഖലകളില്‍ 14.2 മില്ല്യന്‍ (68% ) ആളുകളും ചൂഷണം ചെയ്യപ്പെടുന്നു.രാജ്യത്തെ സര്‍ക്കാരുകള്‍ തന്നെ നിര്‍ബ്ബന്ധിച്ചു തൊഴിലെടുപ്പിക്കുന്നത് 2.2 മില്ല്യന്‍ ( 10% ) ആളുകളെയാണ്.ജയിലിലെ തടവുകാര്‍ മുതല്‍ സൈനികമേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഈ പത്തുശതമാനത്തില്‍ ഉള്‍പ്പെടും.

പെട്ടെന്നു വരുമാനം നിലയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതവും ദാരിദ്ര്യവുമാണ് നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണങ്ങള്‍ക്കിരയാകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍ . വിദ്യാഭ്യാസത്തിന്റെ അഭാവം, നിരക്ഷരത, കുടിയേറ്റം , ലിംഗപരമായ വിവേചനങ്ങള്‍ എന്നിവയും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വകാര്യമേഖലയില്‍ നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഏഷ്യന്‍ രാജ്യങ്ങളിലാണ് . ഏതാണ്ട് പകുതിയിലധികം (56% ) വരും അത്.18 ശതമാനം ആളുകള്‍ ആഫ്രിക്കയിലും 10 ശതമാനം ആളുകള്‍ ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളിലും ചൂഷണം ചെയ്യപ്പെടുന്നു.