മില്‍മ പാല്‍ വില ലിറ്ററിന്‌ മൂന്നു രൂപ കൂട്ടാന്‍ വിദഗ്‌ദ്ധ സമിതിയുടെ ശുപാർശ

single-img
19 May 2014

milmaമില്‍മ പാല്‍ വില ലിറ്ററിന്‌ മൂന്നു രൂപ കൂട്ടാന്‍ വിദഗ്‌ദ്ധ സമിതിയുടെ ശുപാര്ശ . നിലവില്‍ ലിറ്ററിന്‌ മുപ്പത്തിരണ്ടു രൂപയാണു പാൽ വില. കണ്ണൂരില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്‌ദ്ധസമിതിയെ ചുമതലപ്പെടുത്തിയത്‌.

 

 
അന്യസംസ്‌ഥാനങ്ങളില്‍ നിന്നു പാല്‍ സംഭരിക്കുന്നതും ക്ഷീരകര്‍ഷകര്‍ക്ക്‌ സബ്‌സിഡി നല്‍കുന്നതും മില്‍മയ്‌ക്കു വന്‍ ബാധ്യതയാണെന്നു സമിതി കണ്ടെത്തിയിരുന്നു. ഇതു നികത്താന്‍ വില വര്‍ധന അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയത്‌.പാല്‍ വില നിശ്‌ചയിക്കുന്ന കാര്യത്തില്‍ സ്വന്തമായ നിലപാട്‌ എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മില്‍മ കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയിരുന്നു.

 

 

അതേസമയം 2013-14 കാലയളവില്‍ മില്‍മയുടെ നഷ്‌ടം 12 കോടിയാണ്‌. ഇതു തരണം ചെയ്യാന്‍ കൊഴുപ്പിന്റെ അളവ്‌ നേര്‍ പകുതിയാക്കി ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയിലിറക്കിയിട്ടും വേണ്ടത്ര ഫലം കണ്ടില്ല. മില്‍മയുടെ മേഖലാ യൂണിയനുകളില്‍ തിരുവനന്തപുരം, കൊച്ചി എന്നീ മേഖലകള്‍ പാല്‍വില ലിറ്ററിന്‌ അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചപ്പോള്‍ മലബാര്‍ യൂണിയന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത്‌ വന്നു.