എല്‍ ഐ സിയുടെ പേരില്‍ തട്ടിപ്പുമായി ‘സരിത’യും ഭര്‍ത്താവും രംഗത്ത്‌ : കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്‌

single-img
19 May 2014

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ എല്‍ ഐ സി ഏജന്‍സിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായി പരാതി.വെഞ്ഞാറമൂടിനടുത്തുള്ള വയ്യെറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മൈക്രോ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനമാണ്‌ എല്‍ ഐ സി പോളിസിയില്‍ അടയ്ക്കാന്‍ എന്ന പേരില്‍ നാട്ടുകാരില്‍ നിന്നും പിരിച്ച പണം തട്ടിയെടുത്തത്.സംഭവത്തില്‍ സ്ഥാപനം നടത്തിയിരുന്ന പള്ളിച്ചല്‍ വില്ലേജില്‍ അയണിമൂട് ഇന്ദിരാഭവനില്‍ സരിതയെയും ഭര്‍ത്താവ് മഹേഷ്കുമാറിനെയുമാണ്‌ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

എല്‍ ഐസിയുടെ ഏജന്‍സി ആയിട്ടാണ് വയ്യേറ്റില്‍ മൈക്രോ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനം തുടങ്ങിയത്.മാണിക്കല്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ എല്‍ ഐ സി വല്‍ക്കരണം നടപ്പിലാക്കിയായിരുന്നു തുടക്കം.മിക്കവാറും എല്ലാ വാര്‍ഡുകളിലേയും എല്ലാവരെയും എല്‍ ഐ സി പോളിസി ഉപഭോക്താക്കളാക്കി മാറ്റുന്നതില്‍ ഈ സ്ഥാപനം വിജയിച്ചു.ഇതിനായി ഇവര്‍ അവിടുത്തെ വാര്‍ഡ്‌ മെമ്പര്‍മാരുടെ സഹായം തേടി.തദ്ദേശവാസികളായ നിരവധി കളക്ഷന്‍ ഏജന്റുമാരെ ഉപയോഗിച്ചായിരുന്നു പണപ്പിരിവ് നടത്തിയത് . 2011 മാര്‍ച്ച്‌ മാസം മുതല്‍ ഇവര്‍ ആളുകളുടെ പണം പിരിചെങ്കിലും ഇതില്‍ ഭൂരിഭാഗം പണവും സരിതയും ഭര്‍ത്താവും ചേര്‍ന്ന് മുക്കി എന്നാണു നാട്ടുകാരും കളക്ഷന്‍ ഏജന്റുമാരും ആരോപിക്കുന്നത്.

മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ജയന്‍ അടക്കമുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.ഇദ്ദേഹം എല്‍ ഐ സിയില്‍ അടക്കാന്‍ നല്‍കിയ 18000 രൂപയില്‍ 6500 രൂപ മാത്രമാണ് അടച്ചതായി രേഖകളിലുള്ളത്.ഇദ്ദേഹം  പ്രതിനിധീകരിക്കുന്ന കുതിരകുളം വാര്‍ഡില്‍ നിന്നും മാത്രം ഏകദേശം പന്ത്രണ്ടുലക്ഷം രൂപാ തട്ടിച്ചതായി കണക്കാക്കപ്പെടുന്നു.അങ്ങനെയാണെങ്കില്‍ ഈ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി ഒരു കോടിക്ക് മുകളില്‍ തട്ടിച്ചിട്ടുണ്ടാകും എന്നാണു കണക്കുകൂട്ടല്‍.ഇതുകൂടാതെ അയാള്‍ പഞ്ചായത്തുകളായ മുദാക്കല്‍,നെല്ലനാട്,പുല്ലമ്പാറ എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്.

കളക്ഷന്‍ ഏജന്റുമാര്‍ നല്‍കുന്ന പണം സ്വീകരിച്ച ശേഷം മൈക്രോ ഇന്‍ഷുറന്‍സ് കമ്പനിയുടെ രസീതാണ് ഇവര്‍ നല്‍കിയിരുന്നത്.എന്നാല്‍ എല്‍ ഐ സിയില്‍ അന്വേഷിച്ചപ്പോഴാണ് ഈ പണമൊന്നും അവിടെ അടച്ചിട്ടില്ല എന്നു കളക്ഷന്‍ ഏജന്റുമാരും ഉപഭോക്താക്കളും മനസ്സിലാക്കുന്നത്.ഇപ്രകാരം കബളിപ്പിക്കപ്പെട്ട രണ്ടു കളക്ഷന്‍ ഏജന്റുമാരുടെ പരാതി മാത്രമേ ഇപ്പോള്‍ പോലീസ് സ്വീകരിച്ചിട്ടുള്ളൂ.അതുകൊണ്ട് തന്നെ പ്രതികള്‍ രക്ഷപെടാന്‍ സാധ്യത ഏറെയാണെന്നും ഒരു സമഗ്ര അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്നും മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ജയന്‍ ആവശ്യപ്പെട്ടു.

പ്രതികളെ ഇന്നലെ നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.