ഇനി മോഡി വാഴും കാലം ; കോണ്‍ഗ്രസ്സിനു ദയനീയ പരാജയം : എന്‍ഡിഎ – 337; യുപിഎ -59

single-img
16 May 2014

ന്യൂഡല്‍ഹി : പതിനാറാം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ചു മോഡി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക് . 335 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷവുമായി കൊണ്ഗ്രസ്സിനെ പാടെ തൂത്തെറിഞ്ഞുകൊണ്ടാണ് എന്‍ ഡി എ സഖ്യം ചരിത്രം തിരുത്തിക്കുറിച്ചത്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിട്ടുണ്ട്.282 സീറ്റുകളാണ് ബിജെപി നേടിയത്.ഗുജറാത്ത് അടക്കം ഏഴു സംസ്ഥാനങ്ങളില്‍ എല്ലാ സീറ്റും ബിജെപി സ്വന്തമാക്കി.

എന്നാല്‍ യുപിഎ വെറും 60 സീറ്റ് മാത്രം നേടി ദയനീയ പരാജയം ഏറ്റുവാങ്ങി.കൊണ്ഗ്രസ്സിനു ആകെ ലഭിച്ചത് 44 സീറ്റുകളാണ്.യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമായിരുന്നു ഇതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങി. അജയ് മാക്കന്‍, സല്‍മാന്‍ ഖുര്‍ഷിദ്, കപില്‍ സിബല്‍ തുടങ്ങി 30 കേന്ദ്രമന്ത്രിമാരാണ് തോറ്റു തുന്നംപാടിയത്.

ഇന്ത്യയുടെ ഭരണാധികാരികളെ നിര്‍ണ്ണയിക്കുന്ന സംസ്ഥാനം എന്ന് പേര് കേട്ട ഉത്തര്‍പ്രദേശില്‍ പ്രാദേശിക പാര്‍ട്ടികളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 80-ല്‍ 72 സീറ്റും ബിജെ പി സ്വന്തമാക്കി.മോഡിയുടെ വലംകൈ ആയ അമിത് ഷായ്ക്ക് ആയിരുന്നു യു പിയിലെ പ്രചാരണത്തിന്റെ ചുമതല.വര്‍ഗീയ ചേരിതിരിവും കലാപങ്ങളും ബിജെപിയെ സഹായിച്ചു എന്ന് വിമര്‍ശകര്‍ പറയുന്നുണ്ടെങ്കിലും അമിത് ഷായ്ക്ക് പാര്‍ട്ടിയില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ ഈ വിജയം സഹായകമാകും.വാരണാസിയില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച് മോഡി വിജയം നേടി. മായാവതിയുടെ ബിഎസ്പി ഒരു സീറ്റ് പോലും കിട്ടാതെ ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു വസ്തുത.രാഹുല്‍ ഗാന്ധിയുടെ അമേത്തിയും സോണിയാഗാന്ധിയുടെ റായ്ബറേലിയുമാണ്‌ യുപിയില്‍ കൊണ്ഗ്രസ്സിനു ആകെ നേടാനായത്.

ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളും നേടാനായപ്പോള്‍ വഡോദരയില്‍ നരേന്ദ്രമോഡി 570128-വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയമാണ് നേടിയത്.ഗാന്ധിനഗറില്‍ എല്‍ കെ അദ്വാനി 362536 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടി.ഗുജറാത്ത് പോലെ തന്നെ ഡല്‍ഹിയിലും(7/7), ഉത്തരാഖണ്ഡിലും (5/5)  രാജസ്ഥാനിലും (25/25 ) ഹിമാചല്‍പ്രദേശിലും (4/4) ,ഗോവയിലും (2/2) മുഴുവന്‍ സീറ്റുകളിലും ബിജെപി വിജയം നേടി.മഹാരാഷ്ട്രയില്‍ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് 48-ല്‍ 44 സീറ്റും ബിജെപി സ്വന്തമാക്കി.

ഇതുകൂടാതെ ബീഹാറിലും (30/40 ) ,ജാര്‍ഖണ്ഡിലും ( 13/14) ,ഛത്തിസ്ഗഡിലും (9/11 ) ,മദ്ധ്യപ്രദേശിലും (27/29 ), ആസ്സാമിലും (8/14 ) ,കര്‍ണ്ണാടകയിലും (17/28) വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.പഞ്ചാബില്‍ നാല് സീറ്റുകള്‍ നേടാനായതാണ് ആംആദ്മി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നത്.

അതേസമയം കേരളവും വെസ്റ്റ് ബംഗാളും ത്രിപുരയും അടങ്ങുന്ന മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി വെറും 12 സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് സി പി എം.തീവ്രവലതുപക്ഷം മൃഗീയ ഭൂരിപക്ഷം മൃഗീയ ഭൂരിപക്ഷം നേടുകയും ഇടതുപക്ഷം ദുര്‍ബ്ബലമാകുകയും ചെയ്ത മോഡിയുഗത്തിന്റെ പ്രഭാവം കണ്ടു തന്നെ അറിയേണ്ടതുണ്ട്.