രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചിട്ടും കേരളം ബിജെപിയെ കൈവിട്ടു : യുഡിഎഫ് -12;എല്‍ഡിഎഫ് -8; രാജഗോപാലിന് ഇത്തവണയും തോല്‍വി

single-img
16 May 2014

തിരുവനന്തപുരം: ദേശീയതലത്തില്‍ മോഡി തരംഗം ശക്തമായിട്ടും കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പിന്തുണച്ചില്ല. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 12 സീറ്റുകള്‍ യുഡിഎഫും 8 സീറ്റുകള്‍ എല്‍ഡിഎഫും നേടി. 2009നെക്കാള്‍ നാല് സീറ്റ് അധികം നേടാനായെങ്കിലും സംസ്ഥാനത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇടതു പക്ഷത്തിനായില്ല.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയടക്കമുള്ളവര്‍ക്ക് നേരിട്ട പരാജയം സി പിഎമ്മിനു കനത്ത തിരിച്ചടിയായി. തിരുവനന്തപുരത്ത് വിജയിക്കും എന്ന പ്രതീക്ഷയില്‍ ബിജെപി നിറുത്തിയ ഒ രാജഗോപാലിനെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി  15470 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ വിജയിച്ചപ്പോള്‍   എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് അബ്രഹാം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

കണ്ണൂരില്‍ കെ സുധാകരനെ തോല്‍പ്പിച്ചു പികെ ശ്രീമതി ടീച്ചര്‍ നേടിയ വിജയമാണ് സിപിഎമ്മിന്റെ പ്രധാന നേട്ടം.ചാലക്കുടിയില്‍ ഇന്നസെന്റും  ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും നേടിയ വിജയങ്ങള്‍ വലതുകോട്ടകളില്‍ ഇടതുപക്ഷം നേടിയ ആധിപത്യങ്ങളാണ്.പാലക്കാട് വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ച് എം ബി രാജേഷ്‌ സീറ്റ് നിലനിര്‍ത്തി.ഴിഞ്ഞ തവണ കഷ്ടിച്ച് കടന്നുകൂടിയ സി.പി.എമ്മിലെ എം.ബി രാജേഷ് ഇത്തവണ എം.പി വീരേന്ദ്രകുമാറിനെതിരെ ജയിച്ചത് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 

ആറ്റിങ്ങലില്‍ സമ്പത്തും തൃശൂരില്‍ സി എന്‍ ജയദേവനും മികച്ച വിജയം നേടി.ആലത്തൂരില്‍ പി കെ ബിജുവും കാസര്‍ഗോഡ്‌ പി കരുണാകരനും സീറ്റ് നിലനിര്‍ത്തി.കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ബിജു ജയിച്ചത്. തൃശൂര് തോല്‍വി ഒഴിവാക്കാന്‍ പി സി ചാക്കോ ചാലക്കുടിയിലെത്തിയപ്പോള്‍ രണ്ടു സീറ്റും യുഡി എഫിന് ഒരുപോലെ നഷ്ടമായി.

കൊല്ലത്ത് പോളിറ്റ്ബ്യൂറോ അംഗമായ് എം എ ബേബിയെ എന്‍ കെ പ്രേമചന്ദ്രന്‍ തോല്പിച്ചതാണ് ഇടതുപക്ഷത്തിനു യു ഡി എഫ് കൊടുത്ത കനത്ത പ്രഹരങ്ങളില്‍ ഒന്ന്.തിരുവനന്തപുരത്ത് ഇടതുസ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെയ്ക്ക് പിന്തള്ളപ്പെട്ടത് ഇടതിനേറ്റ മറ്റൊരു ആഘാതമായിരുന്നു.സോളാറും സരിതയും ശാലുമേനോനും അടക്കം നിരവധി വിവാദ വിഷയങ്ങള്‍ കത്തി നിന്നിട്ടും  മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ആലപ്പുഴയില്‍ കെ.സി വേണുഗോപാലും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. ആറന്മുള വിഷയവും, പി.സി ജോര്‍ജിന്റെ എതിരായ നിലപാടും പരാജയപ്പെടുമെന്ന് കരുതിയ ആന്റോ ആന്റണി  തിളക്കമാര്‍ന്ന വിജയമാണ് പത്തനംതിട്ടയില്‍ കൈവരിച്ചത്. ഏറണാകുളത്തു കഴിഞ്ഞ തവണ കഷ്ടിച്ച് 10,000 വോട്ടിന് ജയിച്ച കെ.വി തോമസ് ഇത്തവണ ഭൂരിപക്ഷം എട്ടിരട്ടിയാക്കി വര്‍ധിപ്പിച്ചു. 

ലീഗ് കോട്ടകളായ മലപ്പുറവും, പൊന്നാനിയും പതിവ് തെറ്റിച്ചില്ല. ഇതില്‍ ഇ അഹമ്മദ് നേടിയത് രണ്ട് ലക്ഷത്തോളം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ്. അതേസമയം പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 82,000 വോട്ടിന് ജയിച്ച ഇ.ടിക്ക് ഇത്തവണ ലഭിച്ചത് കാല്‍ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്. കോണ്‍ഗ്രസ് വിമതനായ വി അബ്ദുറഹ്മാന്‍ ഇവിടെ ഇടത് സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയ്ക്കിടയാക്കിയെന്ന് വ്യക്തം.

വയനാട്ടില്‍ എം.ഐ.ഷാനവാസിനെതിരായ വികാരം തിരിച്ചടിയാകുമെന്ന് ഇടതുപക്ഷം കരുതിയെങ്കിലും 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാനവാസ് കടന്നുകൂടി.പക്ഷേ സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം എല്‍.ഡി.എഫിന് മേല്‍ക്കൈ നല്‍കിയത് ഷാനവാസിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയാനിടയാക്കി.സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം വിജയരാഘവനെയാണ് കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ പരാജയപ്പെടുത്തിയത്.കേരളത്തില്‍ കാസര്‍കോട് കഴിഞ്ഞാല്‍ സി.പി.എമ്മിന് നിര്‍ണായക മേധാവിത്വമുള്ള മണ്ഡലത്തിലാണ് രാഘവന്‍ രണ്ടാം തവണയും ജയിച്ചത്. 

എന്നാല്‍ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും കൂടി ഏതാണ്ട് പതിനേഴു ലക്ഷം വോട്ടുകള്‍ നേടാനായി എന്നതാണ് ബിജെപിയുടെ നേട്ടം.ശരാശരി അറുപതിനായിരം വോട്ടിലധികം എല്ലാ മണ്ഡലങ്ങളിലും അവര്‍ക്ക് ലഭിച്ചു .ഏതാണ്ട് രണ്ടു ലക്ഷത്തോളം നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി എന്നത് മറ്റൊരു കൌതുകകരമായ കാര്യമാണ്.ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയത് മലപ്പുറത്താണ്.