ഭൂമി ഇടപാടില്‍ വഞ്ചിച്ചുവെന്ന് ആരോപണം : ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക്‌ സൂക്കര്‍ബര്‍ഗിനെതിരെ കേസ്

single-img
15 May 2014

കാലിഫോര്‍ണിയ : ഭൂമി ഇടപാടില്‍ കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച്  വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനി, ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെതിരെ കേസ് ഫയല്‍ ചെയ്തു.പാലോ അള്‍ട്ടോ എന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണ് സൂക്കര്‍ബര്‍ഗിനെതിരെ നിയമനടപടിക്കു ഒരുങ്ങുന്നത്.സാന്റാ ക്ലാര കൌണ്ടി സുപ്പീരിയര്‍ കോടതിയിലാണ് കേസ് നടക്കുന്നത്.

പാലോ ആള്‍ട്ടോ കമ്പനിയുടെ തന്നെ നാലോളം വീടുകള്‍ നേരത്തെ സൂക്കര്‍ബര്‍ഗ് വാങ്ങിയിരുന്നു.അതിലൊരു വീടിന്റെ പുറകിലുള്ള പ്ലോട്ടുകളില്‍ ഒന്നില്‍ കമ്പനി മറ്റൊരു വീട് പണിയാന്‍ ഉദ്ദേശിക്കുന്നു എന്നറിഞ്ഞു ആ പ്ലോട്ടുകളെല്ലാം വലിയ വിലകൊടുത്തു സൂക്കര്‍ബര്‍ഗ് തന്നെ വാങ്ങി .ഏകദേശം 43 മില്ല്യന്‍ ഡോളര്‍ ( 258 കോടി രൂപ ) യാണ് ഇദ്ദേഹം ഇതിനായി ചിലവിട്ടത്.എന്നാല്‍ ഈ കച്ചവടത്തിലെ കരാര്‍ വ്യവസ്ഥകള്‍ ഇദ്ദേഹം ലംഘിച്ചു എന്നാരോപിച്ചാണ് പാലോ ആള്‍ട്ടോ കമ്പനി ഉടമയായ മിര്‍സിയ വോസ്കെരിഷ്യന്‍, കോടതിയെ സമീപിച്ചത്.

ഈ വസ്തുക്കള്‍ സൂക്കര്‍ബര്‍ഗിനു വില്‍ക്കുമ്പോള്‍ തങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണു വോസ്കെരിഷ്യന്‍ അവകാശപ്പെടുന്നത്.സൂക്കര്‍ബര്‍ഗിന്റെ സൌഹൃദവലയത്തിലുള്ള മറ്റു കൊടീശ്വരന്മാരുമായി പരിചയപ്പെടാനും റിയാല്‍ എസ്റ്റേറ്റ്‌ ബിസിനസ് ചെയ്യാനുമുള്ള അവസരം ഒരുക്കിത്തരാം എന്ന കരാറിന്മേലാണ് ഈ വസ്തുക്കള്‍ താന്‍ കൈമാറിയത് എന്ന് അദ്ദേഹം പറയുന്നു.എന്നാല്‍ സൂക്കര്‍ബര്‍ഗ് ഈ കരാര്‍ പാലിച്ചില്ല.

ഹാമില്‍ട്ടന്‍ അവന്യൂവിലുള്ള സൂക്കര്‍ബര്‍ഗിന്റെ ഭാവനതിനു പുറകിലുള്ള ഭൂമിയാണ്‌ ഈ കരാരിന്മേല്‍ കൈമാറിയത്.തന്റെ വീടിനു പുറകില്‍ മറ്റൊരു വീട് വരുന്നത് തനിക്കു ഇഷ്ടമല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഭൂമിയിന്മേലുള്ള അവകാശം സൂക്കര്‍ബര്‍ഗ് എഴുതിവാങ്ങിയത്.അവിടെ അപ്പാര്‍ട്ട്മെന്റ് പണിയാനുള്ള ഒരു പ്രോജെക്റ്റ്‌ വോസ്കെരിഷ്യന്‍ മനസ്സില്‍ കണ്ടിരുന്നു.അതിനുള്ള അവകാശമാണ് അയാളുടെ കയ്യില്‍ നിന്നും പത്തു കോടി രൂപയ്ക്ക് സൂക്കര്‍ബര്‍ഗ് വാങ്ങിയത്.തന്റെ സുഹൃത്തുക്കളായ കൊടീശ്വരന്മാരുമായി ബിസിനസ് ചെയ്യാന്‍ സഹായിക്കാം എന്ന് വാക്കുകൊടുത്തിട്ടാണ് വോസ്കെരിഷ്യന്‍ അതിനു തയാറായത്.അതിനുശേഷം ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥനില്‍ നിന്നും 29 കോടി രൂപയ്ക്ക് സൂക്കര്‍ബര്‍ഗ് ഈ ഭൂമി സ്വന്തമാക്കിയത്.ഇതുതന്നെയായിരുന്നു വോസ്കെരിഷ്യന്‍ ആ ഭൂമിക്കു കൊടുക്കാം എന്ന് പറഞ്ഞിരുന്ന വിലയും.ഇപ്പോള്‍ തനിക്കു തന്റെ പ്രോജക്ടും നഷ്ടമായി , സൂക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്ത ബിസിനസ് സാധ്യതകള്‍ ലഭിച്ചതുമില്ല എന്നാണു വോസ്കെരിഷ്യന്‍റെ പരാതി.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൂക്കര്‍ബര്‍ഗിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.ഇത്തരമൊരു കരാറിനെക്കുറിച്ച് തന്റെ കക്ഷിക്ക് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.