മഹാത്മാഗാന്ധിയുടെ മകന്‍ സ്വന്തം മകളായ മനുവിനെ ബലാല്‍സംഗം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഗാന്ധിജിയുടെ കത്തുകള്‍ ലണ്ടനില്‍ ലേലം ചെയ്യുന്നു

single-img
15 May 2014

ലണ്ടന്‍: തന്റെ മൂത്ത മകന്‍ ഹരിലാല്‍ സ്വന്തം മകളെ ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി അയച്ച മൂന്ന് വിവാദ കത്തുകള്‍ ബ്രിട്ടനില്‍ അടുത്ത ആഴ്ച ലേലം ചെയ്യുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 1935 ജൂണ്‍ മാസത്തില്‍ ഗാന്ധിജി ഹരിലാലിന് അയച്ച മൂന്ന് കത്തുകളാണ് ഷ്റോപ്ഷെയറിലെ മലോക്സ് ലേലക്കമ്പനി ലേലത്തിന് വെയ്ക്കുന്നത്. Historical Documents Sale at Ludlow Racecourse എന്ന പേരിലുള്ള ലേലം ഈ മാസം 22നാണ് നടക്കുന്നത്. 50,000 മുതല്‍ 60,000 പൌണ്ട് വരെയാണ് കമ്പനി ഇതിന് പ്രതീക്ഷിക്കുന്ന വില.

ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്.”നിന്റെ സ്വഭാവം എന്നെ അസ്വസ്ഥനാക്കുന്നു എന്നുള്ളത് നീയറിയണം.ഒരുപക്ഷെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനോളം തന്നെ പ്രാധാന്യത്തോടെ എന്നെ അലട്ടുന്നുണ്ട്.” എന്ന് തുടങ്ങുന്ന കത്തില്‍ ഹരിലാല്‍ ഗാന്ധിയുടെ നിരവധി സ്വഭാവദൂഷ്യങ്ങള്‍ ഗാന്ധിജി പരാമര്‍ശിക്കുന്നു.

harilal gandhiസബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിക്കൊപ്പം കഴിഞ്ഞിരുന്ന ഹരിലാലിന്റെ മകളായ മനു ഗാന്ധി പിതാവിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നതാണ് ഗാന്ധിജിയുടെ കത്തുകള്‍. ഒരു കത്തില്‍ “മനു നിന്നെ കുറിച്ച് നിരവധി അപകടകരമായ കാര്യങ്ങള്‍ എന്നെ അറിയിക്കുന്നുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നീ അവളെ ബലാല്‍സംഗം ചെയ്തതായി അവളെന്നോട് വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് മാനസികമായി ഏറെ മുറിവേറ്റേതായും ചികില്‍സ തേടേണ്ടി വന്നതായും അവള്‍ എന്നോട് പറഞ്ഞു. ” എന്ന് ഗാന്ധിജി പറയുന്നുണ്ട്.

ഗാന്ധിജിയെപ്പോലെ  ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ വിദ്യാഭ്യാസം നടത്താന്‍ ഹരിലാല്‍ ഗാന്ധി ആഗ്രഹിച്ചിരുന്നു. എന്നാല്‍, പാശ്ചാത്യവിദ്യാഭ്യാസം നേടുന്നത് ബ്രിട്ടീഷ് രാജിനെതിരെ പൊരുതാന്‍ സഹായകമാകില്ല എന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്. ഈ കാരണം കൊണ്ട് തന്നെ ഹരിലാല്‍ ഗാന്ധി കുടുംബവുമായി അകല്‍ച്ചയില്‍ ആയിരുന്നു. പിന്നീട് ഒരിക്കലും പിതാവുമായി യോജിച്ചു പോവാന്‍ ഹരിലാല്‍ ഗാന്ധി തയ്യാറായില്ല.

ഹരിലാലിന് എഴുതിയ കത്തില്‍ ഗാന്ധിജി ഇങ്ങനെ പറയുന്നു ” നീ ഇപ്പോഴും മദ്യപാനത്തിലും സ്ത്രീ വിഷയങ്ങളിലും മുഴുകി കഴിയുകയാണോ, ദയവ് ചെയ്ത് എന്നോട് സത്യം പറയൂ? മദ്യത്തിന് അടിമയായി കഴിയുന്നതിനേക്കാള്‍ നീ മരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് “.

ഗുജറാത്തി ഭാഷയില്‍ എഴുതിയ കത്തുകളാണ് ലേലം ചെയ്യുന്നത്. ഗാന്ധിജിയുടെ കുടുംബത്തിലെ ഒരു ശാഖയില്‍പെട്ട ഒരാളാണ് ഈ കത്തുകള്‍ ഇപ്പോഴത്തെ ഉടമയ്ക്ക് വില്‍പ്പന നടത്തിയത്. ഗാന്ധിജിയും മൂത്ത മകനും തമ്മിലുള്ള കലങ്ങി മറിഞ്ഞ ബന്ധം വെളിപ്പെടുത്തുന്നതാണ് ഈ കത്തുകള്‍. ഇതാദ്യമായാണ് ഈ കത്തുകള്‍ പുറത്തു വരുന്നതെന്ന് ലേലക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.