എക്സിറ്റ് പോളുകളെ തള്ളി ബിജെപി ആര്‍ എസ് എസ് സര്‍വ്വേ : എന്‍ ഡി എയ്ക്ക് കേവലഭൂരിപക്ഷം പോലും ലഭിക്കില്ലെന്ന് കണ്ടെത്തല്‍

single-img
15 May 2014

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ തൂത്തുവാരും എന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ എന്‍ ഡി എയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്ന്  ബിജെപി-ആര്‍എസ്എസ് ആഭ്യന്തര സര്‍വ്വെ വിലയിരുത്തല്‍. എന്‍ഡിഎ സഖ്യത്തിന് പരമാവധി 259 സീറ്റേ ലഭിക്കൂവെന്നാണ് സര്‍വ്വെ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പുതിയ സഖ്യകക്ഷികളെ ചേര്‍ക്കാന്‍ ശ്രമം തുടങ്ങിയത്.

ഉത്തര്‍പ്രദേശില്‍ മത്സരിച്ച 80 സീറ്റുകളില്‍ 45 എണ്ണം ബിജെപി വിജയിക്കുമെന്ന് സര്‍വ്വേ പറയുന്നു.സര്‍വ്വേയില്‍ പ്രവചിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയസാധ്യത ഇപ്രകാരമാണ് : ഗുജറാത്തില്‍ 26-ല്‍ 21 സീറ്റ്, ബീഹാറില്‍ 40-ല്‍ 18 സീറ്റ്, രാജസ്ഥാനില്‍ 25-ല്‍ 21 സീറ്റ്, മദ്ധ്യപ്രദേശില്‍ 29-ല്‍ 22 സീറ്റ്, കാശ്മീരില്‍ 6-ല്‍ രണ്ടു സീറ്റ്, പഞാബില്‍ 13-ല്‍ 2 സീറ്റ്, മഹാരാഷ്ട്രയില്‍ 40-ല്‍ 18 സീറ്റ് , ഹരിയാനയില്‍ 10-ല്‍ 9 സീറ്റ്,ഡല്‍ഹി 7-ല്‍ 5 സീറ്റ്.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് ശരാശരി 283 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ബിജെപിയും ആര്‍എസ്എസും നടത്തിയ ആഭ്യന്തര സര്‍വെയില്‍ എന്‍ഡിഎയ്ക്ക് പരമാവധി 259 സീറ്റുകളെ ലഭിക്കൂവെന്നാണ് വിലയിരുത്തുന്നത്. ബിജെപിയ്ക്ക് മാത്രം 226 സീറ്റുകളും ശിവസേന, ടിഡിപി, അകാലിദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്ക് പരമാവധി 33 സീറ്റുമാണ് ലഭിക്കുക എന്നും വിലയിരുത്തുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരമാണിത്.

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന ആഭ്യന്തര സര്‍വെയെ തുടര്‍ന്നാണ് കൂടുതല്‍ സഖ്യകക്ഷികളെ ചേര്‍ക്കാന്‍ ആര്‍എസ്എസ് ബിജെപിയ്ക്ക് നിര്‍ദേശം നല്‍കിയത്. ഒഡിഎയിലെ ബിജു ജനതാ ദളിനെയും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയുമാണ് ബിജെപി കൂടുതലായി ലക്ഷ്യമിടുന്നത്.തമിഴ്നാട്ടില്‍ നിന്നും ജയലളിതയുടെ പിന്തുണയ്ക്ക്‌ ശ്രമിച്ചെങ്കിലും രൂക്ഷമായ പ്രതികരണമാണ് ലഭിച്ചത്.ബിജെപി അനുകൂല പ്രസ്താവന നടത്തിയ എം പി മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് ജയലളിത നയം വ്യക്തമാക്കിയത്.