മഹാത്മ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പുറത്താക്കി

single-img
13 May 2014

VCബയോഡാറ്റാ തിരുത്തി വൈസ് ചാന്‍സലര്‍ പദവിയില്‍ പ്രവേശിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ പുറത്താക്കുന്നത്.

തന്നെ പുറത്താക്കിക്കൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടുവെന്ന വിവരം ലഭിച്ചതോടെ പുലര്‍ച്ചെതന്നെ എ.വി. ജോര്‍ജ് കോട്ടയത്തുനിന്നു രാജ്ഭവനിലെത്തി ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. പുറത്താക്കല്‍ എന്ന നിലപാട് ഒഴിവാക്കി രാജിവയ്ക്കാനുള്ള അവസരം ലഭിക്കുന്നതിനായിരുന്നു ശ്രമം. എന്നാല്‍, ഇതിനുള്ള അനുമതി ഗവര്‍ണര്‍ നല്കിയില്ല. തുടര്‍ന്നു കാത്തിരിപ്പിനൊടുവില്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു പുറത്താക്കല്‍ ഉത്തരവ് കൈമാറി.

കഴിഞ്ഞ ഏഴിനു ഷീലാ ദീക്ഷിത് വൈസ് ചാന്‍സലറെ നേരിട്ടു വിളിപ്പിച്ചു വിശദീകരണം തേടിയിരുന്നു. പുറത്താക്കല്‍ നടപടിയുടെ അവസാനഘട്ടമായിട്ടായിരുന്നു ഈ വിശദീകരണം ചോദിക്കല്‍. വിസിയുടെ താത്കാലിക ചുമതല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂറിനു നല്കിയിട്ടുണ്ട്.

അതേസമയം എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നുവെന്നു ഡോ.എ.വി. ജോര്‍ജ് പറഞ്ഞു. ഇതു യുഡിഎഫിനുള്ളില്‍നിന്നു തന്നെയായിരുന്നുവെന്നും പുറത്താക്കലിനെതിരേ നിയമനടപടിയുമായുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.