സൌദിയില്‍ വാലന്‍ന്റൈന്‍സ് ഡേ ആഘോഷിച്ചതിന് അഞ്ചു യുവാക്കള്‍ക്ക് 32 വര്‍ഷം തടവും 4500 ചാട്ടയടിയും

single-img
12 May 2014

ജിദ്ദ: വാലന്റൈൻസ് ഡേ ആഘോഷിച്ചതിന് അഞ്ച് സൗദിയുവാക്കൾക്ക് 32 വർഷത്തെ തടവും 4,500 ചാട്ടയടിയും ശിക്ഷ. വാലന്റൈന്‍സ് ദിനത്തില്‍ സ്ത്രീകളും പുരുഷന്മാരുമാടങ്ങിയ സംഘം പാര്‍ട്ടി നടത്തി എന്നതാണ് ഇവര്‍ ചെയ്ത കുറ്റം.ഇവർക്കൊപ്പം പിടിയിലായ ആറു യുവതികൾക്കുള്ള ശിക്ഷയും ഉടൻ വിധിക്കും. 

ബുറൈദ ഖാസിം പ്രവിശ്യയിലെ അല്‍ ഫാറൂക്കിലുള്ള ഒരു വാടകവീട്ടില്‍ നിന്നുമാണ് ഈ കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ബന്ധുക്കളല്ലാത്ത സ്ത്രീകൾക്കൊപ്പം താമസിക്കുക, മദ്യപിച്ച് നൃത്തംചെയ്യുക എന്നീകുറ്റങ്ങളാണ് യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സദാചാരം പ്രോത്സാഹിപ്പിക്കുന്നതിനും ‘അസാന്മാര്‍ഗികകൃത്യങ്ങള്‍’ തടയുന്നതിനുമായി  ഒരു പ്രത്യേക കമ്മിഷന്‍ തന്നെ (Commission for the Promotion of Virtue and Prevention of Vice –CPVPV) സൌദിയില്‍ ഉണ്ട്.മുത്തവീന്‍ എന്നാണു ഇവര്‍ അറിയപ്പെടുന്നത്.ഇവരാണ് പട്രോളിംഗ് പോലീസിന്റെ സഹായത്തോടെ യുവാക്കളെയും യുവതികളെയും അറസ്റ്റ് ചെയ്തത്.വിചാരണ വേളയിൽ യുവാക്കൾ കുറ്റം സമ്മതിച്ചതായാണ് വിവരം. യുവതികൾ എവിടെനിന്നുള്ളവരാണെന്ന് വ്യക്തമല്ല.

 

രാജ്യത്ത് ശരിയാ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ നിയോഗിക്കപ്പെട്ട സേനയാണ് മുത്തവീന്‍.രാജാവ് നേരിട്ട് നിയോഗിച്ചിട്ടുള്ള ഈ കമ്മിഷനില്‍ ഏതാണ്ട് നാലായിരത്തോളം പോലീസുകാര്‍ ഉണ്ട്.ഇവരുടെ അധികാര പരിധി വളരെ വലുതാണ്‌.മതനിയമം ലംഘിച്ചതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വെച്ച് ചോദ്യം ചെയ്യാനും ഇവര്‍ക്ക് കഴിയും.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 2340 കോടി രൂപയായിരുന്നു ഈ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്.

badaviമതനിയമങ്ങളുടെ പേരില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ.2012 ജൂണില്‍ മതനിന്ദയുടെ പേരില്‍ രയിഫ് ബദവി എന്ന സൌദി ബ്ലോഗര്‍ അറസ്റ്റില്‍ ആയിരുന്നു.കോടതി പിന്നീട് ഇയാള്‍ക്ക് പത്തുവര്‍ഷം തടവും ആയിരം ചാട്ടയടിയും ഒന്നരക്കോടി രൂപ പിഴയും വിധിച്ചു.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്‌ വരാറുണ്ടെങ്കിലും സൌദിയിലെ ശക്തമായ മതനിയമങ്ങളുടെ മുന്നില്‍ അത്തരം എതിര്‍പ്പുകള്‍ ദുര്‍ബ്ബലമാകുകയാണ് പതിവ്.