പോളിംഗ് ബൂത്തില്‍ കൈപ്പത്തി ചിഹ്നം ധരിച്ചെത്തിയ സംഭവം : അജയ് റായിയ്ക്ക് ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയുടെ പിന്തുണ

single-img
12 May 2014

ന്യൂഡൽഹി: പോളിംഗ് ബൂത്തിൽ കൈപ്പത്തി ചിഹ്നം ധരിച്ചെത്തിയ സംഭവത്തിൽ വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയെ പിന്തുണച്ച് മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി രംഗത്ത് വന്നത് ബി.ജെ.പിക്ക് അന്പരപ്പും അത്ഭുതവും സൃഷ്ടിച്ചു. 

വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയുമായി വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത് വിവാദമായിരുന്നു.വാരണാസിയിലെ രാംനഗറിലെ പോളിങ് ബൂത്തില്‍ കാലത്ത് വോട്ട് ചെയ്യാന്‍ കുര്‍ത്തയില്‍ കൈപ്പത്തി ചിഹ്നം പതിച്ചാണ് റായി എത്തിയത്. ഇതിനെതിരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ചിഹ്നം ധരിച്ചെത്തിയ നടപടിയെ വലിയ കാര്യമായി കാണേണ്ടതില്ല എന്ന് ജോഷി പറഞ്ഞു. എല്ലാവരും തങ്ങളുടെ കൈകൾ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോവാറുണ്ട്. അത് മുറിച്ചു മാറ്റണം എന്നു പറഞ്ഞാൽ സാദ്ധ്യമാണോ എന്നും വാരണാസായിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി കൂടിയായ ജോഷി ചോദിച്ചു. മോഡിക്കു മണ്ഡലം വിട്ടുനൽകിയ ജോഷി ഇത്തവണ കാൺപൂരിലാണ് മത്സരിക്കുന്നത്. 

നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദ് മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം ബൂത്തിന് പുറത്ത് താമര ചിഹ്നം പ്രദര്‍ശിപ്പിച്ചതിന് നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.