വോട്ടെടുപ്പിന്റെ തലേദിവസം വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ റെയ്ഡ്

single-img
12 May 2014

വാരാണസി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ആപ് നേതാവ് അരവിന്ദ് കെജ്രിവാളും തമ്മില്‍ മത്സരിക്കുന്ന വാരാണസിയില്‍ വോട്ടെടുപ്പിന്‍െറ തലേദിവസം ബി.ജെ.പി ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ടീ ഷര്‍ട്ടുകളും ലഘുലേഖകളും ബാഡ്ജുകളും പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളും ഓഫിസില്‍നിന്ന് കണ്ടെടുത്തു. 

വാരണാസിയിൽ പരസ്യപ്രചാരണം ശനിയാഴ്ച അവസാനിച്ചിരുന്നു. അതിനു ശേഷം പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണ്. ഇതേപറ്റി ലഭിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.

അതേസമയം, റെയ്ഡിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഉപയോഗിക്കാതെ കിടന്ന സാമഗ്രികൾ മറ്റൊരിടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

വാരണാസി അടക്കമുള്ള 41 മണ്ഡലങ്ങളിൽ ഇന്നാണ് അവസാനഘട്ട വോട്ടെടുപ്പ്.ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് വാരണാസി. കോൺഗ്രസിന്റെ അജയ് റായിയും  ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌രിവാളുമാണ് പ്രധാന എതിരാളികൾ.