പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ തൃണമൂല്‍ – സി പി എം സംഘര്‍ഷം : 13 പേര്‍ക്ക് പരിക്ക്

single-img
12 May 2014

കൊല്‍ക്കൊത്ത : പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്ഗ്രസ് പ്രവര്‍ത്തകരും സി പി ഐ എം പ്രവര്‍ത്തകരും ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഹരോവയിലാണ് സംഭവം.

ബസിര്‍ഹാത്ത് ലോക്സഭാമണ്ഡലത്തിനു കീഴിലുള്ള മിനാഖാ അസംബ്ലി മണ്ഡലത്തിലെ രണ്ടു പോളിംഗ് ബൂത്തുകള്‍ക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്.ഹരോവയിലെ ബ്രഹ്മാഞ്ചക് പ്രവിശ്യയിലുള്ള ഈ പോളിംഗ് ബൂത്തുകള്‍ക്ക് സമീപം ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ അന്യോന്യം കല്ലെറിയുകയും ഏറ്റുമുട്ടുകയും ചെയ്തു.

സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.സി ആര്‍ പി എഫിനെയും വിന്യസിച്ചിട്ടുണ്ട്.എന്നാല്‍ പോലീസിന്റെ ഭാഗത്ത്‌ വെടിവേയ്പ്പോ മറ്റോ ഉണ്ടായിട്ടില്ല എന്ന് ജില്ലാ പോലീസ് സൂപ്രണ്ട് തന്മോയ് റോയ് ചൌധരി സ്ഥിരീകരിച്ചു.

പരിക്കേറ്റവരെ ഹരോവയിലെ ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.