ഒരു സാഹചര്യത്തിലും മോഡിയ്ക്ക് പിന്തുണ കൊടുക്കില്ലെന്ന് മായാവതി

single-img
10 May 2014

ലക്നൌ : തിരഞ്ഞെടുപ്പിനു ശേഷം ഒരു കാരണവശാലും ബിജെപിക്കു പിന്തുണ നൽകുകയില്ലെന്നു ബഹുജൻ സമാജ് പാർട്ടി പ്രസിഡന്റ് മായാവതി വ്യക്തമാക്കി.ബിജെപിയുമായി ബിഎസ്പി ധാരണയിലാണെന്ന പ്രചാരണം വിശ്വസിക്കരുതെന്നു മുസ്‌ലിം വോട്ടർമാരോട് അവർ അഭ്യർഥിച്ചു.

അധികാരത്തില്‍ വന്നപ്പോഴെല്ലാം ബി.എസ്.പി.യെ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിച്ചിട്ടുള്ളതെന്ന് അവര്‍ ആരോപിച്ചു. കേന്ദ്രത്തിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ല,​ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന മോഡി തരംഗം ഒരിടത്തും കാണാനില്ല.

തിരഞ്ഞെടുപ്പിനു ശേഷം വേണ്ടി വന്നാല്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, മായാവതി എന്നിവരുടെ പിന്തുണ തേടുമെന്ന് നരേന്ദ്ര മോഡി നേരത്തെ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് ആരംഭിച്ച സമയത്തു മോദി പറഞ്ഞത് ബിജെപിക്കു മറ്റു കക്ഷികളുടെയൊന്നും പിന്തുണ ആവശ്യമില്ല എന്നായിരുന്നു – മായാവതി ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ അവർക്ക് ഒറ്റയ്ക്കു പിന്തുണ കിട്ടില്ലെന്നു ബോധ്യമായി. അതു കാരണമാണു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ നോക്കുന്നതെന്നു മായാവതി കുറ്റപ്പെടുത്തി.

ജയലളിതയോ മമത ബാനർജിയോ മുലായം സിങ് യാദവോ ബിജെപിക്കു തിരഞ്ഞെടുപ്പിനു ശേഷം പിന്തുണ നൽകിയെന്നുവരാം. എന്നാൽ ബിഎസ്പി അതിനു തയാറാവില്ല. ബിജെപി ഉയർത്തിവിടുന്ന കിംവദന്തികളിൽ പാർട്ടി പ്രവർത്തകർ കുടുങ്ങരുതെന്നും മായാവതി പറഞ്ഞു.

ബിഎസ്പി എന്ന രാഷ്ട്രീയ കക്ഷിയെ നശിപ്പിക്കാൻ ശ്രമിച്ചവരാണു ബിജെപിയെന്നു മായാവതി കുറ്റപ്പെടുത്തി. മുൻപു ദേശീയ ജനാധിപത്യ മുന്നണിയുടെ കാലത്തു തനിക്കെതിരെ വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസ് കൊണ്ടുവന്നത് മായാവതി എടുത്തു പറഞ്ഞു.