ശ്രവ്യോപകരണ രംഗത്തെ അതികായന്മാരായ ബീറ്റ്സ് ഇലക്ട്രോണിക്സിനെ വാങ്ങാന്‍ ആപ്പിളിന്റെ നീക്കം : ബീറ്റ്സിന് ആപ്പിളിട്ട വില 19200 കോടി രൂപ

single-img
9 May 2014

സാന്റാ മോണിക്ക,കാലിഫോര്‍ണിയ : ഇലക്ട്രോണിക്സ് രംഗത്തെ  അതികായന്മാരായ ആപ്പിള്‍ , ശ്രവ്യോപകരണ നിര്‍മ്മാണ രംഗത്തെ ഭീമനായ ബീറ്റ്സ് ഇലക്ട്രോണിക്സിനെ വാങ്ങാന്‍ പദ്ധതിയിടുന്നു.പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. ആപ്പിള്‍ , ബീറ്റ്സിനിട്ടിരിക്കുന്ന വില 320 കോടി ഡോളര്‍ ( ഏകദേശം 19200 കോടി രൂപ ) യാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ബീറ്റ്സിനെ ഏറ്റെടുക്കുകയാണെങ്കില്‍ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാകും അത്.ആപ്പിള്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍ ഐപോഡ്, മൊബൈല്‍ , ടാബ്ലെറ്റ്‌, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലെ ലോകത്തിലെ ഒന്നാം നിരയിലുള്ള സ്ഥാപനമാണ്‌.1977-ല്‍ സ്ഥാപിതമായ ആപ്പിളിന് എതാണ്ട് 207 ബില്ല്യന്‍ ഡോളറിന്റെ ( ഏകദേശം പന്ത്രണ്ട് ലക്ഷത്തി നാല്‍പതിനായിരം കോടി രൂപ ) ആസ്തിയുണ്ട്.ഏകദേശം എണ്‍പതിനായിരം ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്നുണ്ട്.ഇസ്രായേലിലെ ടെല്‍ അവീവ് ആസ്ഥാനമായുള്ള പ്രൈംസെന്‍സ് എന്ന 3D സെന്‍സിംഗ് കമ്പനി 350 മില്ല്യന്‍ ഡോളറിനു വാങ്ങിയതാണ് ആപ്പിള്‍ അവസാനം നടത്തിയ ഏറ്റെടുക്കല്‍ .ഇത് കഴിഞ്ഞ നവംബറിലായിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയായിലുള്ള സാന്റാ മോണിക്ക ആസ്ഥാനമായുള്ള ബീറ്റ്സ് ഇലക്ട്രോണിക്സ് ഒരു ലിമിറ്റഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍ ആണ്.മ്യൂസിക്‌ പ്രൊഡ്യൂസര്‍ ആയ ജിമ്മി ലോവിനും ഹിപ്ഹോപ്‌ താരമായ ആന്ദ്രെ റോമലെ യങ്ങും ( Dr.Dre) ചേര്‍ന്ന് 2008-ലാണ് ബീറ്റ്സ് ഇലക്ട്രോണിക്സ് സ്ഥാപിച്ചത്.ഹെഡ്ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനി എന നിലയ്ക്കായിരുന്നു തുടക്കം.പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ മോന്‍സ്റ്റര്‍ കേബിളാണ് ബീറ്റ്സിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്.

എന്നാല്‍ ഓഡിയോ ഉപകരണങ്ങളുടെ നിര്‍മ്മാണം കൂടാതെ മൊബൈല്‍ ഫോണ്‍ പോലയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ബീറ്റ്സ് ഓഡിയോ എന്ന സോഫ്റ്റ്‌വെയര്‍ ഇക്വിലൈസറിന്റെ പേറ്റന്റും ബീറ്റ്സിന് സ്വന്തമാണ് .2011-ആഗസ്റ്റില്‍ പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ എച്ച് ടി സി , ബീറ്റ്സിന്റെ പകുതിയിലധികം ( 50.1 % ) ഷെയറുകള്‍ 309 മില്ല്യന്‍ ഡോളറിനു വാങ്ങിയെങ്കിലും രണ്ടുഘട്ടമായി 415 മില്ല്യന്‍ ഡോളറിനു ഈ ഷെയറുകളില്‍ ഭൂരിഭാഗവും ബീറ്റ്സിന് തന്നെ തിരിച്ചു നല്‍കി. 2014 ജനുവരിയില്‍ ബീറ്റ്സ്, “ബീറ്റ്സ് മ്യൂസിക്‌” എന്ന ഓണ്‍ലൈന്‍ മ്യൂസിക്‌ സ്ട്രീമിംഗ് സര്‍വീസ്  ആരംഭിച്ചു.ഇതുകൂടി ചേര്‍ത്താണ് ആപ്പിള്‍ വാങ്ങാനൊരുങ്ങുന്നത്.

എന്നാല്‍ ആപ്പിളിന് ഐ ട്യൂണ്‍സ് എന്ന പ്രശസ്തമായ ഓണ്‍ലൈന്‍ മ്യൂസിക്‌ സ്ട്രീമിംഗ് സംവിധാനം ഉണ്ടെന്നിരിക്കെ ഇത്രയും വലിയ ഒരു തുകയ്ക്ക് ഒരു കച്ചവടത്തിന് ആപ്പിള്‍ ഒരുങ്ങുന്നത് വിചിത്രമാണ്.ആപ്പിളിന്റെ കയ്യിലില്ലാത്ത ഏതെങ്കിലും സാങ്കേതികവിദ്യയോ ഉപഭോക്താക്കളോ ബീറ്റ്സിന് പ്രത്യേകമായില്ല.മാത്രമല്ല കഴിഞ്ഞ വര്‍ഷവും ബീറ്റ്സിന് നിര്‍ണ്ണയിക്കപ്പെട്ട പരമാവധി വില നൂറുകോടി ഡോളര്‍ ആണ്.അതിന്റെ ഏതാണ്ട് മൂന്നിരട്ടി നല്‍കി കമ്പനി വാങ്ങാനുള്ള ആപ്പിളിന്റെ നീക്കം ദുരൂഹമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.