പത്മതീര്‍ത്ഥക്കുളത്തിന് സമീപമുള്ള ശിവസേനയുടെ ഓഫീസ് ഒരു സമാന്തര കോടതിയാണ് : മണക്കാട് ചന്ദ്രന്‍കുട്ടിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം

single-img
7 May 2014

അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ സംഭവങ്ങളില്‍ ഏറ്റവും ദാരുണമായ ഒന്നായിരുന്നു ക്ഷേത്രജീവനക്കാരനായ പത്മനാഭദാസന് നേരെ നടന്ന ആസിഡ് ആക്രമണം.അതിനു പിന്നില്‍ ആരായിരുന്നു ?

പത്മനാഭദാസന്‍ എന്ന് പറയുന്ന വ്യക്തി ഇന്നലെ ക്ഷേത്രത്തില്‍ വന്നയാളല്ല.അദ്ദേഹത്തിന്റെ അച്ഛന്‍ ഇവിടുത്തെ ജീവനക്കാരനായിരുന്നു.അദ്ദേഹത്തിന് ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്രയധികം അറിവുള്ളയാളാണ്. ഞാന്‍ യൂണിയന്‍ ഭാരവാഹിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹം എന്റെ കൂടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ്.

പലപ്പോഴും ഇവിടുത്തെ മോഷണവും മറ്റും റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുന്നതടക്കമുള്ള ശിക്ഷണനടപടികള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്.പിന്നീട് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ മൊഴികൊടുത്തു.ക്ഷേത്രത്തില്‍ മോഷണം നടക്കുന്നുണ്ട് എന്ന് അവിടുത്തെ ഒരു ജീവനക്കാരന്‍ തന്നെ മൊഴികൊടുക്കുമ്പോള്‍ അത് പ്രസക്തമാണ്.

അതിനുശേഷം ഒരു ദിവസമാണ് ക്ഷേത്രത്തിലെ ആട്ടവിളക്ക് എടുത്തുകൊണ്ടുപോകാന്‍ ചിലര്‍  ശ്രമിച്ചത്.അപ്പോള്‍ പത്മനാഭദാസന്‍ അതിനെ എതിര്‍ത്തു.അപ്പോള്‍ കൊട്ടാരത്തില്‍ നിന്നും പറഞ്ഞിട്ടാണ് എന്ന് എടുക്കാന്‍ വന്നവര്‍ പറഞ്ഞെങ്കിലും ഇദ്ദേഹം സമ്മതിച്ചില്ല.വലിയ വാക്കുതര്‍ക്കമായി.ശിവസേനയുടെ ആളുകള്‍ എത്തുകയും പത്മനാഭദാസനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അന്ന് ശിവസേനയുടെ കൊട്ടുകാല്‍ ഷൈജുവും രമേശനും അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തോട് “നീ ഇനി ഇവിടുത്തെ വരുമാനം വാങ്ങി ജീവിക്കില്ല എന്നും നിന്നെ കാണിച്ചുതരാമെന്നും, നീ ഇനി ജീവിച്ചിരിക്കില്ല എന്നും ” ഒക്കെ ഭീഷണിപ്പെടുത്തുകയുണ്ടായി.പക്ഷെ കുറെയധികം ജീവനക്കാര്‍ ഒറ്റക്കെട്ടായി നിന്നതിനാല്‍ ആട്ടവിളക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല.

അന്ന് വൈകുന്നേരം പത്മനാഭദാസന്‍ തന്റെ സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ എസ് പി ഫോര്‍ട്ട്‌ ഹോസ്പിറ്റലിനും ഫോര്‍ട്ട്‌ സ്കൂളിനും ഇടയില്‍ വെച്ച് രണ്ടുപേര്‍ ഒരു ബൈക്കിലെത്തി ആസിഡ് എടുത്തു ഇദ്ദേഹത്തിന്റെ മുഖത്തെക്കൊഴിച്ചു.പെട്ടെന്നു ബ്രേക്ക് ചെയ്തതിനാല്‍ ദേഹത്താണ് വീണത്‌.വയരിനും കാലിനും തുടയ്ക്കുമൊക്കെ ഗുരുതരമായി പൊള്ളല്‍ ഏറ്റ അദ്ദേഹം ഒന്നരമാസം എസ് പി ഫോര്‍ട്ട്‌ ഹോസ്പിറ്റലില്‍ കിടന്നു.ഈ കാലത്തൊന്നും രാജകുടുംബാമോ ക്ഷേത്ര ഭാരവാഹികളോ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.ഒന്നുമില്ലെങ്കിലും മൂന്നു തലമുറയായി ക്ഷേത്രത്തില്‍ ജോലിചെയ്യുന്ന ഒരു കുടുംബമല്ലേ? പോലീസ് കേസെടുത്തെങ്കിലും കേസ് പിന്നീട് അട്ടിമറിക്കപ്പെട്ടു.

ക്ഷേത്രത്തിലെ സ്ത്രീ ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പലതും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.അതിനെക്കുറിച്ച് ?

ഒരു സാധാരണ താല്‍ക്കാലിക ജീവനക്കാരിയാണ് ആദ്യം പരാതിപ്പെടുന്നത്.ആ കുട്ടി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്.അവരുടെ ഭര്‍ത്താവ് ഒക്കെ മരിച്ചുപോയതാണ്.അന്ന് സ്റ്റോര്‍ കീപ്പറായിരുന്ന സുരേഷ് എന്ന ഒരു ഉദ്യോഗസ്ഥന്‍ ഈ കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും കയറിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നത്‌ പതിവായപ്പോള്‍ ആണ് ആ കുട്ടി നിവൃത്തിയില്ലാതെ പരാതി കൊടുത്തത്.പപ്പന്‍ എന്ന് വിളിക്കുന്ന ഈ സുരേഷ് ആര്‍ എസ് എസിന്റെ കര്‍മ്മചാരി സംഘത്തില്‍പ്പെട്ടയാളാണ്.

എട്ടുമണിക്ക് ജോലിക്ക് വരേണ്ട ഈ കുട്ടിയോട് ഏഴുമണിക്ക് വരാന്‍ പറയുകയും സ്റ്റോറില്‍ നിന്നും എന്തോ എടുക്കാന്‍ പറഞ്ഞു വിട്ട ശേഷം പുറകെ ചെന്ന് കയറിപ്പിടിക്കുകയുമായിരുന്നു.ആ കുട്ടി കുതറിയോടി പുറത്തേയ്ക്ക് പോയി.ഇത് പുറത്ത് പറഞ്ഞാല്‍ പിരിച്ചുവിടും എന്ന് ഭീഷണിപ്പെടുത്തി.വീണ്ടും ഇതാവര്‍ത്തിച്ചു.ഏഴുമണിക്ക് വരാന്‍ പറഞ്ഞാല്‍ ആ കുട്ടി വന്നില്ലെങ്കില്‍ ഒപ്പിട്ടു ജോലിക്ക് കയറാന്‍ സമ്മതിക്കാതെ സ്കൂള്‍ കുട്ടികളെ മാറ്റിനിര്‍ത്തുന്നത് പോലെ മാറ്റി നിര്‍ത്തി ഹരാസ് ചെയ്യാനും മറ്റും തുടങ്ങി.വീണ്ടും ഒരു ദിവസം സ്റ്റോറില്‍ വെച്ച് ആ കുട്ടിയെ ഉപദ്രവിക്കുകയുണ്ടായി.അങ്ങനെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആ കുട്ടി സ്വന്തം കൈപ്പടയില്‍ എക്സിക്യൂട്ടീവ് ഓഫീസ്സര്‍ക്ക് പരാതി കൊടുത്തു.2009-ലായിരുന്നു ഈ സംഭവം.

ഇങ്ങനെയൊരു പരാതി കിട്ടിയാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്താ ചെയ്യേണ്ടത് ? ഈ പരാതി പോലീസിനു കൈമാറി അയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം.എന്നാല്‍ അയാളെ ഒന്ന് വിളിച്ചു അന്വേഷിക്കാന്‍ പോലും അദ്ദേഹം മെനക്കെട്ടില്ല.അവസാനം ഞാന്‍ ഇത് അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമുണ്ടാക്കുകയും അവസാനം പപ്പനെ സസ്പെന്ഡ് ചെയ്യുകയും ചെയ്തു.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചു ജോലിയില്‍ കയറി.അയാള്‍ക്ക്‌ വേണ്ടി സിനിമാ മേഖലയിലെ ചില പ്രമുഖരായ ആളുകള്‍ വരെ ഇവിടെ വിളിച്ചു ശുപാര്‍ശ ചെയ്യുകയുണ്ടായി.പിന്നെ ഇയാള്‍ക്കു വേണ്ടി ചില ആര്‍ എസ് എസുകാര്‍  ഈകുട്ടിയുടെ വീട്ടില്‍ പോയി ഉള്ള ഭീഷണിപ്പെടുത്തുകയുണ്ടായി.

ഈ കുട്ടിയുടെ സഹോദരനും ക്ഷേത്രത്തിലെ ജീവനക്കാരനാണ്.ഷിബുരാജ് എന്ന് പേരുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രവികുമാര്‍ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു അദ്ദേഹത്തിനെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി.ഒരര്‍ത്ഥത്തില്‍ അതൊരു വധഭീഷണിയായിരുന്നു.നിന്റെ പെങ്ങളുടെ ഭര്‍ത്താവിനു പറ്റിയത് തന്നെ നിനക്കും പറ്റും എന്നായിരുന്നു ഭീഷണി.ആ സ്ത്രീയുടെ ഭര്‍ത്താവ് ഒരു അപകടത്തിലാണ് മരിച്ചത്.അയാളും വെറുതെയിരുന്നില്ല , ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.പക്ഷെ പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ല.

പിന്നെ ഒരു കുട്ടി പരാതി കൊടുത്തത് ഗാര്‍ഡ് കമാണ്ടര്‍ ജോലിക്ക് നില്‍ക്കുന്ന ഒരു കുറുപ്പിനെതിരെയാണ്‌.ഈ കുട്ടിയ്ക്കാണെങ്കില്‍ 25 വര്‍ഷത്തെ സര്‍വീസ് എങ്കിലുമുണ്ട്.ഈ കുറുപ്പ് എന്നും ഈ കുട്ടിയെ ശിവസേന ഓഫീസിനടുത്തുള്ള തന്റെ ക്വാര്‍ട്ടെഴ്സിലേയ്ക്ക് കാപ്പികുടിക്കാന്‍ വിളിക്കും.അവര്‍ പോകില്ല.ഇയാളുടെ മുന്നില്പ്പോയി ഒപ്പിട്ട് വേണം ഈ കുട്ടിയ്ക്ക് ജോലിയ്ക്ക് പോകാന്‍.അവിടെചെല്ലുമ്പോള്‍ ഇയാള്‍ അശ്ലീലവാക്കുകള്‍ പറയും.ഒരു ദിവസം ഇയാള്‍ കാപ്പിയും പലഹാരങ്ങളും പൊതിഞ്ഞു ഈ കുട്ടിയുടെ മേശപ്പുറത്തു കൊണ്ട് വെച്ചു.ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ സ്ത്രീ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കു റിട്ടണ്‍ ആയി പരാതികൊടുത്തു.അപ്പോള്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ പറയുന്നു “ഞാനല്ല അഡ്മിനിസ്ട്രെറ്റിവ് ഓഫീസറായ ജയശേഖരന്‍ നായര്‍ ആണ് ഇതില്‍ അധികാരമുള്ളയാളെ”ന്നു.(എക്സിക്യൂട്ടിവ് ഓഫീസറുടെ താഴെയാണ് ഈ ജയശേഖരന്‍ നായരുടെ പദവി ).അവിടെചെന്നപ്പോള്‍ ഈ കുറുപ്പിനെക്കാള്‍ വലിയ പീഡനമാണ് അവിടെ നേരിടേണ്ടി വന്നത്.”അയാള്‍ വേറൊന്നും ചെയ്തില്ലല്ലോ ? നീ വലിയ പുണ്യാളത്തിയൊന്നും ആവണ്ട ” എന്നായിരുന്നു ജയശേഖരന്‍ നായരുടെ മറുപടി.അപ്പോള്‍ ആ സ്ത്രീ തര്‍ക്കിച്ചപ്പോള്‍ അവരെ പുലഭ്യം പറയുക മാത്രമല്ല ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.അവര്‍ കോടതിയെ സമീപിച്ചു.കോടതി ഫോര്‍ട്ട്‌ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ ആദ്യം പോലീസ് ജയശേഖരന്‍ നായരെ ഒഴിവാക്കിയാണ് കേസെടുത്തത്.അതിനു അവര്‍ വീണ്ടും കോടതിയെ സമീപിക്കുകയും ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

രാജകുടുംബത്തിനെതിരെയുള്ള കേസില്‍ കക്ഷി ചേര്‍ന്ന ഷൈജു പിന്നീട് അവരുടെ കാവല്‍ഭടനായി മാറുന്നു.എങ്ങനെയുള്ള ഒരാളാണ് ഈ കൊട്ടുകാല്‍ ഷൈജു ?

ഈ ഷൈജു എന്ന് പറയുന്ന കക്ഷി കൊലക്കേസുകള്‍ ഉള്‍പ്പടെ എത്രയോ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ഒരിക്കല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോലീസ് സഹായത്തോടെ ഈ ഷിജുവിന്റെ വണ്ടി വളഞ്ഞു പരിശോധന നടത്തിയത് ഈ ശിവസേന ഓഫിസിന്റെ മുന്നില്‍ വെച്ചാണ്.അന്ന് അയാളുടെ വണ്ടിക്കുള്ളില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളടക്കം കണ്ടെടുത്തിട്ടുണ്ട്.പത്മനാഭദാസന് നേരെ ആക്രമണം നടന്നതിന്റെ അന്ന് അയാളെ ഭീഷണിപ്പെടുത്തിയത് ഈ ഷൈജു ആണ്.രാജകുടുംബത്തിന്റെ മുന്‍നിരപ്പോരാളിയായി വിലസുകയായിരുന്നു അയാള്‍.രാജകുടുംബത്തിനെതിരെ കേസ് കൊടുത്തയാളുകളുടെ വീടിനു മുന്നില്‍ ചെന്ന് അസഭ്യം വിളിക്കുക.വീടിനു മുന്നില്‍ പോത്തിനെ കൊണ്ട് കെട്ടുക തുടങ്ങിയ നിരവധി പ്രവൃത്തികള്‍ ഇയാളുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.സുപ്രീം കോടതിയുടെ താല്‍ക്കാലിക വിധി വന്നപോല്‍ അതിലെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫ്ലക്സ് ബോര്‍ഡ് പരസ്യമായി വലിച്ചുകീറിയെറിഞ്ഞതടക്കമുള്ള പ്രവൃത്തികള്‍ ഇയാളുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്.

ഷൈജു ശിവസേനയുടെ നേതാവാണ്‌.അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ശിവസേനയെ പേരെടുത്തു പരാമര്‍ശിച്ചിട്ടുണ്ട്.വിമര്‍ശനവിധേയമായ എന്തൊക്കെ പ്രവൃത്തികളാണ് ശിവസേനയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുള്ളത് ?

ഈ ശിവസേന ദേശീയതലത്തില്‍ എങ്ങനെയുള്ള ഒരു സംഘടനയാണ് എന്നാ വിഷയം എടുക്കാതെ തന്നെ ഇവിടുത്തെ അവരുടെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മാത്രം അത് ഒരു തരം ഗുണ്ടകളുടെ കൂട്ടം ആണ് എന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും.ഇവര്‍ അവകാശപ്പെടുന്നത് ഇവര്‍ ഹിന്ദു സംഘടനയാണ് എന്നൊക്കെയാണ്.ഇവരുടെ കുറെ ആംബുലന്‍സുകള്‍ ഉണ്ട്.ഡെഡ്ബോഡി അടക്കം കൊണ്ടുപോകുന്ന ഈ ആംബുലന്‍സുകള്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ വടക്കേനടയുടെ മുന്നിലായാണ് പാര്‍ക്ക് ചെയ്യുക. രാവിലെ ഭക്തര്‍ വരുമ്പോള്‍ ആമ്പുലന്‍സുകള്‍ക്ക് സമീപമായി റോഡില്‍ വെള്ളം കെട്ടികിടക്കുന്നുണ്ടാവും. മൃതദേഹം കയറ്റിയ ആംബുലന്‍സുകള്‍ കഴുകിയിറക്കിയ  ഈ വെള്ളത്തില്‍ ചവിട്ടാതെ ഭക്തര്‍ക്ക്‌  പത്മനാഭസ്വാമിയെ തൊഴാനായി കയറാന്‍ കഴിയില്ല.അപ്പോള്‍ അവര്‍ എന്ത് ക്ഷേത്രവിശുദ്ധിയാണ് കാത്തു സൂക്ഷിക്കുന്നത് ?

ശിവസേന അടക്കമുള്ള യൂണിയന്‍ ആപ്പീസുകള്‍ പ്രവര്‍ത്തിക്കുന്നത് ക്ഷേത്രം വക കെട്ടിടങ്ങളിലാണ്.അതിന്റെ വാടക അവര്‍ അടയ്ക്കില്ല എന്നുമാത്രമല്ല, അവിടുത്തെ കരണ്ടു ബില്ലും വെള്ളക്കരവും കൂടി ക്ഷേത്രം ഫണ്ടില്‍ നിന്നാണ് അടയ്ക്കുന്നത്.

മുറജപം നടക്കുന്നതിനു രണ്ടു ദിവസം മുന്നേ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരു ബോഡി കിടന്നു.അനില്‍കുമാര്‍ എന്ന് പേരുള്ള ഒരു ഓട്ടോ ഡ്രൈവറുടെ ബോഡി ആയിരുന്നു അത്.ആ വെള്ളത്തില്‍ പുണ്യാഹമോ ശുദ്ധികലശമോ നടത്താതെയാണ് മുറജപം നടത്തിയത്.അതല്ല ഇവിടെ വിഷയം , ഈ ബോഡി കിടന്നത് ശിവസേനയുടെ രണ്ടാമത്തെ ഓഫീസിനു അടുത്തായാണ്.ഈ ഭാഗഹു ഇതിനുമുന്‍പും ശവം പൊങ്ങിയിട്ടുണ്ട്.ഒരു ജനാധിപത്യ സമൂഹത്തിനു നിരക്കാത്ത പ്രവൃത്തികള്‍ നടക്കുന്ന സ്ഥലമാണ് ശിവസേനയുടെ ഈ രണ്ടാമത്തെ ഓഫീസ്.ഒരു പാരലല്‍ കോടതി തന്നെ അവര്‍ അവിടെ നടത്തുന്നുണ്ട്.കുടുംബ വഴക്കുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ആളുകളെ അവിടെ കൊണ്ട് വന്നു അടിക്കുക,തീര്‍പ്പുകള്‍ നടത്തുക അങ്ങനെ പലതും.അങ്ങനെ വരുമ്പോള്‍ ഈ ശവശരീരം പൊങ്ങിയതുമായി ബന്ധപ്പെട്ട് അവരുടെ നേര്‍ക്കും അന്വേഷണം നടത്തണം എന്നാണു എന്റെ അഭിപ്രായം.എന്റെ സംശയങ്ങള്‍ അമിക്കാസ് ക്യൂറിയോടും പറഞ്ഞിരുന്നു.

അമിക്കസ് ക്യൂറി ഇവിടെ വന്നു താമസിച്ച മുപ്പത്തി അഞ്ചു ദിവസം അദ്ദേഹം നിരവധി അദ്ഭുതങ്ങള്‍ കണ്ടു എന്നാണു വാര്‍ത്തകള്‍.എന്തൊക്കെയാണത്?

അമിക്കസ് ക്യൂറിയായി ഇവിടെ എത്തിയ ഗോപാല്‍ സുബ്രഹ്മണ്യം സാര്‍ , സുപ്രീംകോടതിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ്.ഒരു ദിവസം ശരാശരി അമ്പത് ലക്ഷം രൂപാ എങ്കിലും വരുമാനമുള്ള വ്യക്തിയാണ് അദ്ദേഹം.അതുപേക്ഷിച്ചാണ് 35 ദിവസം അദ്ദേഹം ഇവിടെയെത്തിയത്.സ്വകാര്യ ജെറ്റ് വിമാനത്തില്‍ ഇവിടെ വന്ന അദ്ദേഹം ഇത്രയും ദിവസം താജ് ഹോട്ടലില്‍ ആണ് താമസിച്ചത്.ഇതില്‍ ഒരു പൈസ പോലും സര്‍ക്കാരില്‍ നിന്നും ഈടാക്കാതെ സ്വന്തം കയ്യില്‍ നിന്നുമാണ് അദ്ദേഹം ചിലവഴിച്ചത്.കാരണം അദ്ദേഹം ഒരു വലിയ വിഷ്ണു ഭക്തനാണ്.ഭഗവാന്റെ സ്വത്തു കൊള്ളയടിക്കുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത്രയും ശക്തമായ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ കണ്ട പല കാര്യങ്ങളും അദ്ദേഹത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നതാണ് സത്യം.മുതല്‍പടി എന്നാ ഒരു തസ്തികയുണ്ട് അവിടെ.ആ തസ്തികയില്‍ ഇരിക്കുന്ന ഒരു സാധാരണ ജീവനക്കാരന്‍ അനധികൃതമായി തന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്നത് ഏതാണ്ട് 86 കിലോ സ്വര്‍ണ്ണമാണ്.ഇത് ബാഗ് നിറയെ അലക്ഷ്യമായി വാരി വെച്ചിരിക്കുകയാണ്.വേറൊരു ബാഗില്‍ ഡോളറും യൂറോയും അടക്കമുള്ള വഞ്ചി വരവ് വാരി നിറച്ചിരിക്കുന്നു.അടച്ചിട്ടിരുന്ന വേറെ ഒരു മുറി തുറക്കാന്‍ ഗോപാല്‍ സുബ്രഹ്മണ്യം അദ്ദേഹം ആവശ്യപ്പെടുമ്പോള്‍ അവര്‍ തുറന്നില്ല.താക്കോല്‍ കൊട്ടാരത്തിലാണ് എന്ന് പറഞ്ഞു.പോലീസിനെക്കൊണ്ട് പൂട്ട് പൊളിച്ചു അകത്തു കടന്ന അദ്ദേഹം കാണുന്നത് ആ മുറിയില്‍ മണ്ണ് പാകിയിരിക്കുന്നതാണ്.മണ്ണ് നീക്കി നോക്കിയപ്പോള്‍ അതില്‍ സ്വര്‍ണ്ണത്തിന്റെ പാളികള്‍ അടുക്കി വെച്ചിരിക്കുകയാണ്.ഇതൊക്കെ നിലവറയ്ക്കകത്തിരുന്ന സ്വര്‍ണ്ണമാണ് എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം ? നിലവറയിലിരുന്ന സ്വര്‍ണ്ണം എങ്ങനെ പുറത്ത് വന്നു ?

മുറജപം നടക്കുന്ന സമയത്ത് ബി സി സി ഐ മുന്‍ അദ്ധ്യക്ഷന്‍ ശ്രീനിവാസന്‍ ഒരു കുട്ടിയാനയെ നടയ്ക്കിരുത്തി.ഈ കുട്ടിയാനയെ വാങ്ങിയതാണ് എന്ന് പറഞ്ഞു പത്തുലക്ഷം രൂപയാണ് അക്കൌണ്ടില്‍ വകയിരുത്തിയത്.ഈ തട്ടിപ്പും അമിക്കാസ് ക്യൂറി കണ്ടെത്തിയതാണ്.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഒരു കോടി ഇരുപത്തിയേഴു ലക്ഷം രൂപയുടെ നാണയങ്ങള്‍ കാണിക്ക വഞ്ചിയില്‍ വന്നതായി അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുമ്പോള്‍ ഒരു കോടി ഇല്ല, ഇരുപത്തിയേഴുലക്ഷം മാത്രമേ ഉള്ളൂ.എവിടെപ്പോയി എന്ന് ചോദിച്ചപ്പോ ആര്‍ക്കും അറിയില്ല.ചില്ലര്‍ എവിടെയാണ് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോള്‍ കാനറ ബാങ്ക് ആണെന്ന് പറഞ്ഞു.അമിക്കസ് ക്യൂറി കാനറ ബാങ്കിന്റെ ജനറല്‍ മാനേജരെ വിളിച്ചു വരുത്തി ചോദിച്ചപ്പോള്‍ ബാങ്കിന് ക്ഷേത്രവുമായി അങ്ങനെ ചില്ലറ എടുക്കുന്ന ഒരു ഇടപാട് ഇല്ല എന്നാണു പറഞ്ഞത്.പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ ചില്ലറ തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിലെയ്ക്കാണ് പോയിരിക്കുന്നത്.എണ്ണുകയോ തരം തിരിക്കുകയോ ചെയ്യാതെ ചാക്കില്‍ കെട്ടി തൂക്കിയാണ് നാണയങ്ങള്‍ കടത്തിയത്.ഇതിലും തരികിടകള്‍ ഉണ്ട്.ഈ കെട്ടുന്ന ചാക്കിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെ ഷീറ്റുകള്‍ ഇറക്കി വെച്ച് കൊണ്ട് പോകുന്നുണ്ടോ എന്നും സംശയം ഉണ്ട്.കാരണം സ്വര്‍ണ്ണം ഉരുക്കി ഷീറ്റ് ആക്കുന്ന ഒരു മെഷീന്‍ അമിക്കസ് ക്യൂറി കണ്ടെടുത്തിരുന്നു.അത് ജര്‍മന്‍ മെയ്ഡ് ആണ്.അങ്ങനെ നിരവധി ക്രമക്കേടുകള്‍ അമിക്കസ് ക്യൂറി കണ്ടുപിടിക്കുകയുണ്ടായി.

 

(പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിനവകാശികള്‍ ഹിന്ദുക്കള്‍ മാത്രമാണോ? കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്തു തുടങ്ങിയ ചോദ്യങ്ങളുമായി അഭിമുഖം തുടരും .. )

അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .