എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയുന്നു; ലാഹോര്‍ ഗൂഡാലോചനക്കേസ് എഫ്.ഐ.ആറില്‍ ഭഗത് സിംഗിന്റെ പേരില്ല

single-img
5 May 2014

Bhagat-Singh-original-photo1928ല്‍ ബ്രിട്ടീഷ് പോലീസ് ഓഫീസര്‍ ജോണ്‍ പി സാന്‍ഡേഴ്‌സിനെ വധിച്ച ലാഹോര്‍ ഗൂഢാലോചനക്കേസില്‍ തൂക്കിലേറ്റിയ സ്വാതന്ത്ര്യസമരസേനാനി ഭഗത്സിംഗിന്റെ നിരപരാധിത്വം തെളിയിക്കാനുതകുന്ന രേഖ കിട്ടി. കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ സിംഗിന്റെ പേരില്ല.

ഭഗത്‌സിംഗ് സ്മാരക ഫൗണേ്ടഷന്റെ ചെയര്‍മാന്‍ ഇംതിയാസ് റഷീദ് ഖുറേഷിയുടെ ശ്രമഫലമായി എട്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം അന്നത്തെ എഫ്‌ഐആര്‍ പോലീസ് വീണ്ടും പുറത്തെടുത്തപ്പോള്‍ അതില്‍ ഭഗത് സിംഗിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല. അനാര്‍ക്കലി പോലീസ് സ്റ്റേഷനില്‍ 1928 ഡിസംബര്‍ 17ന് വൈകുന്നേരം നാലരയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉറുദുവില്‍ റിപ്പോര്‍ട്ട് എഴുതിയിരിക്കുന്ന എഫ് ഐ ആറില്‍ രണ്ട് അജ്ഞാത തോക്കുധാരികള്‍ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു.

റഷീദ് ഖുറേഷി എഫ്‌ഐആര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പഴയ റിക്കാര്‍ഡുകള്‍ പരതി എഫ്‌ഐആര്‍ കണെ്ടടുത്തത്. ലാഹോര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി താരിക്ക് മുഹമ്മദ് സര്‍ഗത്തിന് എഫ്‌ഐ ആറിന്റെ കോപ്പി മുദ്രവച്ച കവറില്‍ പോലീസ് നല്‍കി. ഹര്‍ജിക്കാരന് കോടതിയില്‍നിന്നു കോപ്പി കിട്ടി.

സിംഗിന്റെ കേസില്‍ 450 സാക്ഷികളുണ്ടായിരുന്നെന്നും എന്നാല്‍ ഇവരെ ക്രോസ് വിസ്താരം നടത്താന്‍ പ്രതിഭാഗം വക്കീലിന് അനുമതി കിട്ടിയില്ലെന്നും ഹര്‍ജിക്കാരനായ ഇംതിയാസ് ചൂണ്ടിക്കാട്ടി. ഭഗത്‌സിംഗിന്റെ കേസ് പുനര്‍വിചാരണ ചെയ്യണമെന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ ഇംതിയാസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. രാജഗുരു, സുഖ്‌ദേവ് എന്നിവര്‍ക്കൊപ്പം 1931ല്‍ 23കാരനായ സിംഗിനെ ലാഹോറിലെ ഷദ്മാന്‍ ചൗക്കില്‍ തൂക്കിലേറ്റുകയായിരുന്നു.